രാഹുലും പ്രിയങ്കയും തിഹാര്‍ ജയിലില്‍ ചിദംബരത്തെ സന്ദര്‍ശിച്ചു; ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ കേസില്‍ വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന കുറ്റാരോപിതനായ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയും ബുധനാഴ്ച രാവിലെ തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും ഉണ്ടായിരുന്നു. 99 ദിവസമായി ജയിലില്‍ കിടക്കുന്ന പിതാവിന് സുപ്രിം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ത്തി പറഞ്ഞു.

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21ന് സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഒക്ടോബര്‍ 22ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതേ കേസില്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒക്ടോബര്‍ 16ന് ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിചാരണ കോടതി നവംബര്‍ 27വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കിയതിനാല്‍ ജയിലില്‍ നിന്ന് ഇറങ്ങാനായില്ല. ഇ.ഡിയുടെ കേസാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്.

2007ല്‍ ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണമാണ് ഇ.ഡി അന്വേഷിക്കുന്നത്. ഈ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്നു ചിദംബരം.
 

Latest News