Sorry, you need to enable JavaScript to visit this website.

അറാംകൊ ആക്രമണം  ഖാംനഇയുടെ അറിവോടെ; നടുക്കുന്ന വെളിപ്പെടുത്തൽ, ആസൂത്രണം മേയിൽ ആരംഭിച്ചു

റിയാദ്- സെപ്റ്റംബറിൽ സൗദി അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത് ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അറിവോടെയെന്ന് റോയിട്ടേഴ്‌സ് അന്വേഷണാത്മക റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതിന് നാലു മാസം മുമ്പ് ഇറാൻ സുരക്ഷാ നേതാക്കൾ ടെഹ്‌റാനിൽ യോഗം ചേർന്നിരുന്നു. മിസൈൽ വികസനം, രഹസ്യ ഓപ്പറേഷനുകൾ എന്നിവക്ക് നേതൃത്വം വഹിക്കുന്ന ഇറാൻ റെവല്യൂഷനറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ സംബന്ധിച്ച ഈ യോഗത്തിലാണ് അറാംകൊ ആക്രമണത്തിനുള്ള തീരുമാനമെടുത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.  


ആണവ കരാറിൽനിന്ന് പിൻവാങ്ങുകയും ഇറാനു മേൽ സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്ത അമേരിക്കക്ക് ഏതു രീതിയിൽ തിരിച്ചടി നൽകുമെന്നായിരുന്നു മേയിൽ നടന്ന യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ആണവ കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും സാമ്പത്തിക ഉപരോധം പുനഃസ്ഥാപിച്ചതും ഇറാന് കടുത്ത ആഘാതമായിരുന്നു. 


അമേരിക്കയുടെ സൈനിക താവളങ്ങൾ അടക്കം ആക്രമിക്കുന്നതിനെക്കുറിച്ച് ചിലർ ഈ യോഗത്തിൽ സംസാരിച്ചു. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഇല്ലാത്ത നിലക്കുള്ള ആക്രമണ പദ്ധതി നടപ്പാക്കുന്നതിനായിരുന്നു അന്തിമ തീരുമാനം. പകരം അമേരിക്കയുടെ സഖ്യരാജ്യമായ സൗദി അറേബ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്താൻ തീരുമാനിച്ചു. ഇക്കാര്യങ്ങൾ അവർ വിശദമായി വിശകലനം ചെയ്തു. പിന്നീട് നാലു തവണ സൈനിക മേധാവികൾ യോഗം ചേർന്ന് വിപുല പദ്ധതി തയാറാക്കി.


ദക്ഷിണ ടെഹ്‌റാനിൽ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇ താമസിക്കുന്ന, വലിയ സുരക്ഷാ ക്രമീകരണങ്ങളുള്ള സമുച്ചയത്തിലാണ് ഈ യോഗങ്ങൾ ചേർന്നത്. ഒന്നിൽ അലി ഖാംനഇ നേരിട്ട് പങ്കെടുത്തു. സാധാരണക്കാർക്കോ അമേരിക്കക്കാർക്കോ പരിക്കുകളും ആളപായവും സംഭവിക്കാതെ നോക്കണമെന്ന കടുത്ത വ്യവസ്ഥയോടെ ഓപ്പറേഷന് അലി ഖാംനഇ അനുമതി നൽകുകയായിരുന്നു. അലി ഖാംനഇയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്‌യ റഹീം സഫവിയും, ഇറാൻ റെവല്യൂഷനറി ഗാർഡ് വിദേശങ്ങളിൽ നടത്തുന്ന രഹസ്യ, സൈനിക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്ന ഖാസിം സുലൈമാനിയുടെ ഡെപ്യൂട്ടിയും യോഗങ്ങളിൽ പങ്കെടുത്തിരുന്നതായും അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 

Latest News