Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാസങ്ങളുടെ ആസൂത്രണം: അറാംകോ ആക്രമണത്തിന്റെ പിന്നാമ്പുറങ്ങളുമായി റോയിട്ടേഴ്‌സ് 

റിയാദ്- സൗദി അറാംകോ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങൾക്ക് മാസങ്ങളെടുത്താണ് ഇറാൻ സൈനിക മേധാവികൾ പദ്ധതി വികസിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് അന്വേഷണാത്മക റിപ്പോർട്ട്. ഇതിന്റെ വിശദാംശങ്ങൾ ചുരങ്ങിയത് അഞ്ചു യോഗങ്ങളിൽ വിശകലനം ചെയ്തു. ആക്രമണ പദ്ധതിക്ക് സെപ്റ്റംബറോടെയാണ് ഉന്നത കേന്ദ്രങ്ങളുടെ അന്തിമാനുമതി ലഭിച്ചത്. 


സൗദി തുറമുഖത്തിനു നേരെ ആക്രമണം നടത്തുന്നതിനെ കുറിച്ചും തുടക്കത്തിൽ വിശകലനം ചെയ്തിരുന്നു. എന്നാൽ അമേരിക്കയിൽ നിന്ന് കടുത്ത തിരിച്ചടിയുണ്ടാകുന്നതിന് ഇടയാക്കിയേക്കാവുന്ന നിലക്ക് വലിയ തോതിൽ ആൾനാശമുണ്ടായേക്കുമെന്ന് ഭയന്ന് തുറമുഖ ആക്രമണ പദ്ധതി ഒഴിവാക്കുകയായിരുന്നു. അവസാനമാണ് രണ്ടു എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതിനുള്ള പദ്ധതി അംഗീകരിച്ചത്.

എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം ആഗോള തലത്തിൽ വലിയ വാർത്തയാകുമെന്നും സാമ്പത്തികമായി കടുത്ത ആഘാതമേൽപിക്കുമെന്നും ഇതേ സമയം തന്നെ അമേരിക്കക്ക് ശക്തമായ സന്ദേശം നൽകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് അറാംകോ ആക്രമണ പദ്ധതിക്ക് ഇറാൻ സൈനിക, രാഷ്ട്രീയ നേതൃത്വങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി ധാരണയിലെത്തിയതെന്നും ഇറാനിലെ അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 


തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വാസ് വ്യോമത്താവളമാണ് ആക്രമണത്തിന്റെ ഉറവിടമെന്ന് മധ്യപൗരസ്ത്യദേശ വൃത്തങ്ങൾ പറഞ്ഞു. റോയിട്ടേഴ്‌സുമായി സംസാരിച്ച മൂന്നു അമേരിക്കൻ നേതാക്കളും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥനും മധ്യപൗരസ്ത്യ ദേശത്ത് പ്രവർത്തിക്കുന്ന മറ്റൊരു പാശ്ചാത്യ ഉദ്യോഗസ്ഥനും ഇതേ നിഗമനം പങ്കുവെച്ചതായും റോയിട്ടേഴ്‌സ് പറഞ്ഞു.  


സെപ്റ്റംബർ പതിനാലിനാണ് ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായത്. സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ 57 ലക്ഷം ബാരലിന്റെ കുറവുണ്ടാക്കുന്നതിന് ആക്രമണങ്ങൾ ഇടയാക്കി. ഏഴു മിസൈലുകളും 18 ഡ്രോണുകളും ഉപയോഗിച്ചാണ് ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തിയത്. 


ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തി മിലീഷ്യകൾ ഏറ്റെടുത്തിരുന്നു. എന്നാൽ ദക്ഷിണ സൗദിയിൽ യെമൻ ഭാഗത്തു നിന്നല്ല, മറിച്ച് ഉത്തര സൗദിയിൽ നിന്നാണ് മിസൈലുകളും ഡ്രോണുകളും എത്തിയതെന്നും ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന കാര്യം ഉറപ്പാണെന്നും സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.
 

Latest News