Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതിയില്‍ കണ്ടത് രൂക്ഷമായ വാദപ്രതിവാദം

ന്യൂദല്‍ഹി- മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതിയില്‍ കണ്ടത് മുതിര്‍ന്ന അഭിഭാഷകര്‍ തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദം. മുഖ്യമന്ത്രി ഫഡ്‌നവിസിനോട് ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്നായിരുന്നു സുപ്രീം കോടതിയില്‍ പ്രതിപക്ഷ കക്ഷികളുടെ വാദം.

എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭിഭാഷകരുടെ വാദം ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. എത്ര സമയത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഇതില്‍ കോടതി ഇടപെടരുത്. മാത്രമല്ല, സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂ എന്നും റോത്തഗി ചൂണ്ടിക്കാട്ടി.


എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സമയം അനുവദിക്കരുതെന്ന് എന്‍.സി.പിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. സഭയിലെ ഏറ്റവും സീനിയര്‍ ആയ എം.എല്‍.എയെ പ്രോട്ടെം സ്പീക്കറായി നിയമിച്ച് ഫഡ്‌നവിസ് സര്‍ക്കാറിനെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളും മറുപടിയും നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.


സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി. അജിത് പവാര്‍ നല്‍കിയ കത്തില്‍ 54 എം.എല്‍.എമാരുടെ ഒപ്പുണ്ട്. 170 പേരുടെ പിന്തുണയുള്ളതുകൊണ്ടാണ് ഫഡ്‌നവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. കത്തില്‍ താനാണ് എന്‍.സി.പി നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഫഡ്‌നവിസിന് ഗവര്‍ണര്‍ നല്‍കിയ കത്തും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു.


സംസ്ഥാനത്ത് പുലര്‍ച്ചെ 5.47 നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഫഡ്‌നവിസ് രാവിലെ എട്ടുമണിക്കാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത്ര തിടുക്കപ്പെട്ട് നടപടി സ്വീകരിക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നതെന്ന് ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചോദിച്ചു.


അജിത് പവാറിന് എന്‍.സി.പി എം.എല്‍.എമാരുടെ മനു അഭിഷേക് സിങ്‌വി പറഞ്ഞു. ഒരു പേപ്പറില്‍ എം.എല്‍.എമാരുടെ ഒപ്പുവെച്ച കടലാസ് മാത്രമാണുള്ളത്. ഇതില്‍ ബി.ജെ.പിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കവറിങ് ലെറ്റര്‍ ഇല്ലെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി. ഞാനാണ് എന്‍.സി.പി എന്നും, ഭരണഘടനാപരമായും നിയമപരമായും തന്റെ കത്തില്‍ തെറ്റില്ലെന്നും അജിത് പവാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് പറഞ്ഞു. ഹരജിക്കാര്‍ ആദ്യം പോകേണ്ടത് ഹൈക്കോടതിയില്‍ ആയിരുന്നെന്നും മനീന്ദര്‍ സിംഗ് വാദിച്ചു.
     

 

Latest News