Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സെലക്ടീവ് ടാക്‌സ് നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി തുക പിഴ 

റിയാദ്- ആരോഗ്യത്തിന് ഹാനികരമായ, പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർത്ത പാനീയങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യുമെന്ന് സക്കാത്ത്, നികുതി അതോറിറ്റി.  

ആദ്യത്തെ നിയമ ലംഘനത്തിന് ശിക്ഷ പ്രഖ്യാപിച്ച് മൂന്നു വർഷത്തിനകം നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ശിക്ഷ ലഭിക്കുക. നിയമാനുസൃത സമയത്തിനകം നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് കാലതാമസം വരുത്തുന്ന ഓരോ മുപ്പതു ദിവസത്തിനും അഞ്ചു ശതമാനം തോതിൽ പിഴ ചുമത്തും. പരമാവധി 25 ശതമാനം വരെയാണ് ഇങ്ങനെ പിഴ ചുമത്തുക.

നിശ്ചിത സമയത്തിനകം നികുതി അടയ്ക്കാത്തവർക്കും പിഴ ചുമത്തും. മുപ്പതു ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് അഞ്ചു ശതമാനവും മുപ്പതു മുതൽ അറുപതു ദിവസം വരെ വൈകിക്കുന്നവർക്ക് പത്തു ശതമാനവും അറുപതു മുതൽ തൊണ്ണൂറു ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് പതിനഞ്ചു ശതമാനവും 90 മുതൽ 120 ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് 20 ശതമാനവും 120 ദിവസത്തിലധികം വൈകിക്കുന്നവർക്ക് 25 ശതമാനവും ആണ് പിഴ ചുമത്തുക.

നികുതി വെട്ടിക്കുന്നതിന് സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങൾ നിയമ വിരുദ്ധമായി സൗദിയിൽ പ്രവേശിപ്പിക്കുന്നവർക്കും സൗദിയിൽ നിന്ന് പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്കും ഇത്തരം ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും റിട്ടേണുകളും സമർപ്പിക്കുന്നവർക്കും നിയമാനുസൃതം അടയ്‌ക്കേണ്ട നികുതി തുകക്ക് തുല്യമായ തുക പിഴ ചുമത്തും. ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് നികുതി വെട്ടിപ്പിന് ശ്രമിച്ച ഉൽപന്നങ്ങളുടെ വിലയുടെ മൂന്നിരട്ടിക്ക് തുല്യമായ തുക പിഴ ചുമത്തും. 


സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കുന്നതിന് കാലതാമസം വരുത്തുന്നവർക്ക് ഓരോ ദിവസത്തിനും ആയിരം റിയാൽ തോതിൽ പരമാവധി അര ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിനും നിയമം അനുശാസിക്കുന്നു. 

Latest News