Sorry, you need to enable JavaScript to visit this website.

സൗദിയിൽ മധുര പാനീയങ്ങൾക്കുള്ള 50 ശതമാനം അധിക നികുതി ഞായറാഴ്ച മുതൽ

റിയാദ്- ആരോഗ്യത്തിന് ഹാനികരമായ പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർത്ത പാനീയങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് ഡിസംബർ ഒന്നു മുതൽ നിലവിൽ വരുമെന്ന് സകാത്ത്, നികുതി അതോറിറ്റി. ചില്ലറ വിൽപന വിലയുടെ 50 ശതമാനം അധിക നികുതിയാണ് ഇത്തരം പാനീയങ്ങൾക്ക് ബാധകമാക്കുന്നത്. കുടിക്കാൻ തയാറാക്കുന്ന പാനീയങ്ങൾ കൂടാതെ, പാനീയങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പൗഡറുകൾ, സാന്ദ്രീകൃത ലായനി, ജെൽ, മറ്റു ഉൽപന്നങ്ങൾ എന്നിവക്കെല്ലാം നികുതി ബാധകമാണ്. 


മധുരം ചേർത്ത പാനീയങ്ങളുടെ ഉപയോഗം പ്രമേഹം, അമിത വണ്ണം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും ഇടയാക്കുമെന്ന മെഡിക്കൽ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. നൂറു ശതമാനം പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ജ്യൂസുകൾക്ക് സെലക്ടീവ് ടാക്‌സ് ബാധകമല്ല. പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർക്കാത്ത ജ്യൂസുകൾ, മധുരം ചേർക്കാതെ ദ്രാവകരൂപത്തിലുള്ള വസ്തുക്കൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന റെഡിമെയ്ഡ് പാനീയങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, 75 ശതമാനത്തിൽ കുറയാത്ത പാൽ ചേർത്ത മറ്റു പാനീയങ്ങൾ, സോയാ ഡ്രിങ്ക് പോലെ പച്ചക്കറി സ്രോതസ്സുകളിൽനിന്ന് നിർമിക്കുന്ന ബദൽ പാൽ 75 ശതമാനത്തിൽ കുറയാതെ അടങ്ങിയ പാനീയങ്ങൾ എന്നിവക്കും അധിക നികുതി ബാധകമായിരിക്കില്ല.

ബേബി ഫുഡ്, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡയറ്റ് ഫുഡ്, പോഷകാഹാര-മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാനീയങ്ങൾ, സാന്ദ്രീകൃത ലായനികൾ എന്നിവക്കും നികുതി ബാധകമല്ല. 


സൗദിയിൽ 2017 ജൂൺ 11 നാണ് സെലക്ടീവ് ടാക്‌സ് നിലവിൽ വന്നത്. ചില്ലറ വിൽപന വിലയുടെ അടിസ്ഥാനത്തിലാണ് ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള അധിക നികുതി കണക്കാക്കുന്നത്. സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവുമാണ് ഇപ്പോൾ അധിക നികുതി. സെലക്ടീവ് ടാക്‌സ് നടപ്പാക്കിയ ശേഷം ഇത്തരം ഉൽപന്നങ്ങളുടെ ഇറക്കുമതിയും വിൽപനയും വൻതോതിൽ കുറഞ്ഞിട്ടുണ്ട്.

Latest News