വിദ്യാര്‍ഥിനി അബദ്ധത്തില്‍ സേഫ്റ്റിപിന്‍ വിഴുങ്ങി; അധ്യാപകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു

കാളികാവ്-ചോക്കാട് ജി.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സേഫ്റ്റിപിന്‍ അബദ്ധത്തില്‍ വിഴുങ്ങി. നസ നജാത്തിയാണ് മഫ്ത കുത്തുന്നതിനിടെ വായില്‍ കടിച്ചു പിടിച്ച പിന്‍ അകത്തേക്കു പോവുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്‌സ്‌റേ പരിശോധനയില്‍ പിന്‍ ആമാശയത്തില്‍ എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ഒബ്‌സര്‍വേഷനില്‍ കഴിയുകയാണ്. പിന്നിന്റെ മൂര്‍ച്ചയുള്ള ഭാഗം മുകളിലേക്കു ആയിരുന്നതിനാലാണ് നേരെ ആമാശയത്തിലെത്തിയത്.
സുല്‍ത്താന്‍ ബത്തേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിക്ക്  ഉടന്‍ തന്നെ ശുശ്രൂഷ നല്‍കിയതായി ആംബുലന്‍സ് ഡ്രൈവര്‍ ടി. മുഹമ്മദ്കുട്ടി പറഞ്ഞു. ഒരു മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ഥിനിയെ അധ്യാപകരായ കബീര്‍, സുനീറ, സുദിന എന്നിവര്‍ ചേര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷമാണ് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയത്. മലത്തിലൂടെ പിന്‍ പുറത്തേക്കു വരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

 

Latest News