Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജ വാഗ്ദാനം നൽകി കാഴ്ചാ പരിമിതരെ കബളിപ്പിച്ചതായി പരാതി

കൊച്ചി- വിലപിടിപ്പുള്ള ഉപകരണങ്ങൾ വാഗ്ദാനം ചെയ്ത് കാഴ്ചാ പരിമിതിയുള്ളവരെ വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. കഴിഞ്ഞ ശനിയാഴ്ച അങ്കമാലി സെന്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സെന്റ് വിൻസന്റ് പോൾ സൊസൈറ്റി ഭിന്നശേഷിയുള്ളവർക്കായി സംഘടിപ്പിച്ച ക്യാമ്പിനെ കുറിച്ചാണ് പരാതിയുമായി കബളിപ്പിക്കപ്പെട്ടവർ രംഗത്തു വന്നത്. ഭക്ഷണവും വെള്ളവും അടക്കം ആവശ്യപ്പെട്ടിട്ടും മണിക്കൂറുകളോളം ഇവ നൽകാതെ ബുദ്ധിമുട്ടിച്ചതായും ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആധാർ അടക്കമുള്ള രേഖകളുമായി വരാൻ കേരള ഫെഡറേഷൻ ഫോർ ബ്ലൈൻഡിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായ രാജൻ ജോർജ് ഫോണിൽ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയത്. ബ്രെയിലറും സ്മാർട്ട് ഫോണും അടക്കമുള്ളവ നൽകാമെന്ന വാഗ്ദനവും ഇവർക്ക് വാട്‌സ്ആപ് നന്ദേശം വഴി ലഭിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ എത്തിച്ചേർന്നിരുന്നു.
400 ഓളം ഭിന്നശേഷിക്കാർ പങ്കെടുത്ത ക്യാമ്പിൽ 70 ഓളം പേർ കാഴ്ചാ പരിമിതിയുള്ളവരായിരുന്നു. ശേഷം മണിക്കൂറുകളോളം ഇവരെ യോഗ്യതാ നിർണയത്തിനെന്ന പേരിൽ ഇവിടെ നിർത്തുകയും പലരും സംഘാടകരോട് ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ടെങ്കിലും അതുപോലും നിഷേധിക്കുകയും ചെയ്തു. എന്നാൽ ഇതേസമയം ക്യാമ്പിൽ പങ്കെടുത്ത മറ്റുള്ളവർക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത ഇവരോട് പുറത്തു പോയി ഭക്ഷണം  കഴിക്കാനാണ് സംഘാടകർ ആവശ്യപ്പെട്ടത്. തുടർന്ന് യോഗ്യതാ നിർണയത്തിനെന്ന പേരിൽ പത്തുപേരുൾപ്പെടുന്ന സംഘങ്ങളായി ക്യാമ്പിലെ ഡോക്ടറെ കാണാൻ നിർദേശിക്കുകയും തിരിച്ചറിയൽ രേഖയുമായി നിൽക്കുന്ന ഇവരുടെ ഫോട്ടോ എടുത്തതായും ഇവർ പരാതിപ്പെടുന്നു. ഇവരിൽ പലരുടേയും ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ സംഘാടകർ പിടിച്ചുവെച്ചതായും ഇവർ പറഞ്ഞു.
എന്നാൽ ഉപകരണങ്ങൾ നൽകാനുള്ള യോഗ്യതാ നിർണയ ക്യാമ്പ് മാത്രമാണിതെന്നും ഉപകരണങ്ങൾ ജനുവരിയിൽ മാത്രമേ നൽകുകയുള്ളൂ എന്നും കാഴ്ചാ പരിമിതിയുള്ളവർക്ക് സ്റ്റിക് മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നുമാണ് ക്യാമ്പിന്റെ അവസാന ഘട്ടത്തിൽ സംഘാടകർ അറിയിച്ചത്. ഇവർ പരാതിപ്പെട്ടതു പ്രകാരം അങ്കമാലി എസ്.ഐ സംഭവസ്ഥലത്തെത്തിയെങ്കിലും സംഘാടകർക്കനുകൂലമായി സംസാരിച്ചതായും ഇവർ പറയുന്നു. തങ്ങളുടെ സംഘടനയിലെ ആളുകളുടെ സഹായത്തോടെയാണ് കബളിപ്പിക്കപ്പെട്ടതെന്നത് വളരെ വേദനാജനകമാണെന്നും ഇവർ കൂട്ടിച്ചേർത്തു. 
ചെറിയാൻ തെരുവിപ്പറമ്പിൽ, തെർമിൻ കെ.എസ്, എസ് കൃഷ്ണകുമാരി, കെ.വി കുഞ്ഞമ്മ, കെ.കെ ഉഷ, ജെയ കെ.പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News