Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്നും ലണ്ടനിലേക്ക് ട്രെയിൻ യാത്ര

ദൽഹി-ലണ്ടൻ യാത്രയുടെ ഭൂപടം.

ഇന്ത്യയിൽനിന്നും ബ്രിട്ടീഷ്  തലസ്ഥാനമായ ലണ്ടനിലേക്ക് ഒരു ട്രെയിൻ യാത്ര. ഇന്ത്യൻ വിദ്യാർഥിയാണ്  ലണ്ടനിലേക്ക് ട്രെയിൻ മാർഗവും യാത്ര ചെയ്യാമെന്ന് തെളിയിച്ചത്. ഗുവാഹതി  ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി സൗഹിത്യ സെൻ ആണ് ഈ നേട്ടത്തിന് പിന്നിൽ. 
യാത്ര പുറപ്പെടുന്നവർക്ക് സൗഹിത്യ സെന്നിന്റെ നിർദ്ദേശവും ഉണ്ട്. മുംബൈയിൽ നിന്ന് ദൽഹിയിലേക്ക് ആണ് ആദ്യം പോകേണ്ടത്. മുംബൈയിൽനിന്ന് ദൽഹിയിലേക്ക് എപ്പോഴും ട്രെയിനുണ്ട്. 
14-28 മണിക്കൂറാണ് യാത്രാസമയം. ദൽഹിയിലെത്തിയാൽ ലാഹോറിലേയ്ക്കുള്ള ട്രെയിൻ കയറാം. ദൽഹി അല്ലെങ്കിൽ അത്താരി എന്നീ സ്ഥലങ്ങളെയും പാക്കിസ്ഥാനിലെ ലാഹോറിനെയും ബന്ധിപ്പിച്ച് ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഓടുന്ന ട്രെയിനാണ് സംഝോത എക്‌സ്പ്രസ്. ദൽഹിയിൽനിന്ന് ഏകദേശം 16 മണിക്കൂർ കൊണ്ട് ലാഹോർ എത്തിച്ചേരും.
ലാഹോറിൽ എത്തിയാൽ ക്വറ്റയാണ് അടുത്ത ലക്ഷ്യസ്ഥാനം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് അക്ബർ എക്‌സ്പ്രസ്. എല്ലാ ദിവസവും സർവീസുണ്ട്. 24 മണിക്കൂറാണ് യാത്രാസമയം. ക്വറ്റയിൽനിന്ന് ഇറാനിയൻ സിറ്റിയായ സഹേദാനിലേക്ക് ട്രെയിൻ കയറാം. ബലൂചിസ്ഥാനിന് തൊട്ടടുത്തുള്ള ഇറാന്റെ ഭാഗമായ പ്രവിശ്യയാണ് സഹേദാൻ. ക്വറ്റയിൽ നിന്ന് സഹേദാനിലേക്കെത്താൻ സഹേദാൻ മിക്‌സഡ് പാസഞ്ചർ ട്രെയിൻ വേണം. രണ്ടു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ മാസത്തിൽ രണ്ടു തവണ മാത്രമേ ഓടുന്നുള്ളൂ. ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും. 33 മണിക്കൂറാണ് യാത്രാസമയം. അതു കൊണ്ട് യാത്ര കാലയളവ് മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം ഇറങ്ങാൻ. സഹേദാനിൽ നിന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ആണ് പോകേണ്ടത്. ഈ രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാസഞ്ചർ ട്രെയിൻ ഉണ്ട്.
ട്രാൻസ് ഏഷ്യ എക്‌സ്പ്രസ് ട്രെയിൻ വഴി ടെഹ്‌റാനിൽനിന്ന് തുർക്കിയിലെ അങ്കാറയിലേക്ക് സഞ്ചരിക്കാം. മൂന്ന് ഭാഗമായി തിരിച്ചാണ് ഈ യാത്ര. ആദ്യം ടെഹ്‌റാനിൽ നിന്ന് തുർക്കിയിലെ വാൻപയെർ സ്‌റ്റേഷനിലേക്ക് എത്തുക. അവിടെ നിന്ന് വാൻ തടാകം കടക്കാൻ കപ്പൽ/ ബോട്ട് സംവിധാനം ഉപയോഗിച്ചേ മതിയാകൂ. തടാകം കടന്നാൽ അങ്കാറയിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉണ്ട്. അങ്കാറയിൽനിന്ന് ഇസ്താംബൂളിലേക്ക് ആണ് പിന്നെ പോകേണ്ടത്. ഏറ്റവും സ്പീഡ് കൂടിയ ട്രെയിൻ സർവീസാണ് ഈ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. 533 കിലോമീറ്റർ ദൂരം താണ്ടാൻ അഞ്ച് മണിക്കൂർ മതി. തുർക്കിയിലെത്തിയതോടെ പിന്നെ യൂറോപ്പിലെ ഏത് രാജ്യത്തേക്കും ട്രെയിനിൽ യാത്ര തുടരാവുന്നതുമാണ്. 

Latest News