Sorry, you need to enable JavaScript to visit this website.

സൂര്യകാന്തി പാടങ്ങളിലൂടെ 

ലേഖകന്റെ കുടുംബം സൂര്യകാന്തി തോട്ടത്തിൽ

പുലർച്ചെ യാത്ര പുറപ്പെട്ട് ഗുണ്ടൽപേട്ട് എത്തുമ്പോഴേക്കും കുട്ടികൾ ക്ഷീണിതരായിരുന്നു. പക്ഷെ പൂക്കളുടെ വിസ്മയ നഗറിലെത്തിയപ്പോൾ മാരുതി സ്വിഫ്റ്റ് നിർത്തേണ്ട ക്ഷണം അവർ മൊബൈലും ക്യാമറയുമായി റോഡരികിൽ നിന്നും സൂര്യകാന്തിയുടെ വിസ്മയ ലോകത്തേക്ക് ഓടി.
മൈസൂർ യാത്രയിലെ ഒരു പ്രധാന ഇടത്താവളമാണ് കർണാടക സ്‌റ്റേറ്റിലെ മൈസൂർ ഡിവിഷനിൽ ഉൾപ്പെട്ട ചാമരാജനഗർ ജില്ലയിലെ ചെറിയൊരു സുന്ദര ദേശമായ ഗുണ്ടൽപേട്ട് അഥവാ സൂര്യകാന്തി ജമന്തി പൂക്കളുടെ നാട്.
കോഴിക്കോട്-മൈസൂർ ഹൈവേയിൽനിന്ന് 56 കിലോമീറ്ററും ബാംഗ്ലൂരിൽനിന്ന് 200 കിലോമീറ്ററുമാണ് ഗുണ്ടൽ പേട്ടയിലേക്ക് ദൂരം.
ഞങ്ങളുടെ യാത്ര കോട്ടക്കൽ-ചെറുകുളമ്പ വഴി ഗൂഡല്ലൂരിലൂടെ മുതുമല ചെക്ക് പോയന്റ് വഴിയായിരുന്നു. കുടുംബവുമായി യാത്ര ചെയ്യാൻ ഏറ്റവും സേഫായ റൂട്ട് ഇതാണെന്ന് മനസ്സിലായത് കൊണ്ടാണ് ഈ റൂട്ട് തെരഞ്ഞെടുത്തത്. ചെറുകുളമ്പയിൽ നിന്നും 206 കിലോമീറ്റർ യാത്ര ചെയ്യണം ഗുണ്ടൽപേട്ടക്ക്. ചെക്ക് പോയന്റ് കഴിഞ്ഞാൽ പിന്നീടുള്ള 57 കിലോമീറ്റർ അതിമനോഹരമായ വഴിയോര കാഴ്ചയുടെ അനുഭൂതിയാണ്. ക്ഷീണം കാരണം കുട്ടികൾ നല്ല മയക്കത്തിലാണ്. ഇടക്കൊക്കെ കണ്ണ് തുറന്ന് സൂര്യകാന്തി പാടങ്ങളുടെ കാഴ്ച നുകർന്നു. 
സദാനേരവും മുകളിലേക്ക് വിടർന്നു നിൽക്കുന്ന ഏതാണ്ട് സൂര്യനെപ്പോലുള്ള ഒരൊറ്റ പൂങ്കുലയോട് കൂടി മഞ്ഞ നിറമുള്ള സൂര്യകാന്തിയുടെ വിളനാടായ ഗുണ്ടൽപേട്ടിലെ പാടശേഖരം കാണാൻ ഏറ്റവും നല്ല സമയം ജൂലൈ-ആഗസ്റ്റ് മാസമാണ്. ഈ മാസങ്ങളിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സൂര്യകാന്തി വിളവെടുപ്പ്. ഏതാണ്ട് 300 സെന്റി മീറ്റർ ഉയരത്തിൽ വളരുന്ന നാടൻ സൂര്യകാന്തി പൂവിടുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്.
സൂര്യകാന്തി പാടങ്ങൾ കാണാൻ വേണ്ടി മാത്രം ഒരു പ്രത്യേക ടൂർ പാക്കേജ് മലയാളികൾ ഇഷ്ടപ്പെടുന്നില്ല. മറ്റൊരു യാത്രയ്ക്കിടയിൽ വഴിയോര വർണ്ണ ഭംഗി ആസ്വദിക്കാൻ സമയം കണ്ടെത്തുന്നവരാണ് മലയാളി വിനോദ യാത്രികർ. 
കാട്ടു സൂര്യകാന്തിക്ക് നെല്ലുമായി നല്ല ചേർച്ചയുണ്ടാകാൻ കാരണം രണ്ടിന്റെയും പുഷ്പ കതിർ ഒന്നിലധികം കുലയോട് കൂടിയുള്ളതായത് കൊണ്ടാണ്. എന്നാൽ കാട്ടു സൂര്യകാന്തി ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കാറില്ല. സീഡ് വളരെ കുറവുമാണ്. കാട്ടിൽ കൂട്ടമായി വളരുകയും മണ്ണിനെ ഫലഭൂയിഷ്ഠമാക്കി മാറ്റുകയും ചെയ്യുന്നു. 
ഒരു പുഷ്പവും ചുറ്റുഭാഗവും വലിയ ഇലയോടു കൂടിയ ചെടിയാണ് നാടൻ സൂര്യകാന്തിയുടെ പ്രത്യേകത. നഗ്‌ന നേത്രം കൊണ്ട് പൂവിന്റെ പൂർണ്ണ ഭംഗി കാണാൻ കഴിയുന്ന അപൂർവം പൂക്കളിൽ പെട്ട ഇനം കൂടിയാണ് നാടൻ സൂര്യകാന്തി. 
രാവിലെ 10 മണിക്കാണ് ഞങ്ങൾ ഗുണ്ടൽപേട്ടിൽ എത്തിയത്. കുട്ടികൾ സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്ന തിരക്കിലാണ്. ഏതെങ്കിലും ഒരു കർഷകനെ കണ്ട് സൂര്യകാന്തിയെപ്പറ്റി കൂടുതൽ അറിയാനായിരുന്നു എന്റെ താൽപര്യം. അൽപ്പ സമയം കഴിഞ്ഞപ്പോൾ ഗിരീഷ്‌കുമാർ എന്ന മധ്യവയസ്‌കനായ കർഷകനെ കണ്ടു. വിളവെടുക്കാനായതിനാൽ രാവിലെ ഒമ്പത് മണിക്ക് കർഷകർ ജോലി പൂർത്തിയാക്കി പോകും. 5 മണിക്ക് ശേഷം വീണ്ടും വരും. സൂര്യകാന്തിക്ക് പറ്റിയ മണ്ണാണ് ഇവിടെ. കാലാവസ്ഥയും അനുയോജ്യം- കർഷകൻ വിശദീകരിച്ചു. സൂര്യകാന്തിയുടെ വിത്തുകൾ എണ്ണക്ക് വേണ്ടിയും, ചില രാജ്യങ്ങളിൽ ലഘു ഭക്ഷണമായും ദീർഘയാത്രയിലെ ടൈം പാസ്സ് സ്‌നേക്കായും, അതിന്റെ ഇലയും തണ്ടും പൂവിതളുകൾ കന്നുകാലികൾക്ക് വേണ്ടിയും, ആയുർവേദ മരുന്നുൽപ്പാദനത്തിനും ഉപയോഗിക്കുന്നു. വളരെ കൂടുതൽ പോഷകമാണ് സൂര്യകാന്തിയിൽ അടങ്ങിയിരിക്കുന്നത്.
എണ്ണക്കുരുകളിൽ ഏറ്റവും പ്രസിദ്ധവും വിറ്റാമിൻ ഇ കൂടുതൽ അടങ്ങിയിട്ടുള്ള കൊളസ്‌ട്രോൾ ലെസ്സ് സീഡ് ഉൽപാദന കേന്ദ്രത്തിൽ ആകാശത്തേക്ക് കണ്ണും നട്ടു നിൽക്കുന്ന സൂര്യകാന്തി തോട്ടം ഞങ്ങൾ ചുറ്റി കാണുകയാണ്. തിരിച്ചു വരുമ്പോൾ ഒരുപക്ഷെ കാണാൻ കഴിഞ്ഞില്ലെങ്കിലോ. 


തൊട്ടടുത്ത ഗ്രാമത്തിലാണ് ഗിരീഷ് കുമാറിന്റെ വീട്. അഞ്ച് ഏക്കർ കൃഷിയിടമാണ് അദ്ദേഹത്തിനു സ്വന്തമായുള്ളത്. പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഭൂമി വേറെയും ഉണ്ട് ഇദ്ദേഹത്തിന്. ഇപ്രാവശ്യത്തെ വിളവെടുപ്പിൽ തൃപ്തനാണെന്ന് മുഖഭാവം കണ്ടാൽ അറിയാം
വിറ്റാമിൻ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി എണ്ണ ആസ്ത്മ, സന്ധിവാതം, വൻകുടൽ കാൻസർ എന്നീ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. സീഡ് ക്രഷ് ചെയ്ത ശേഷം ബാക്കി വരുന്ന പിണ്ണാക്ക് കന്നുകാലികൾക്ക് പോഷകസമൃദ്ധമായ തീറ്റയാണ്. ചൈനക്കാർ സൂര്യകാന്തിയുടെ തണ്ടിൽനിന്നുള്ള നാരുകൾ തുണിത്തരങ്ങൾക്കും പേപ്പറിനും ഉപയോഗിക്കുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ സൂര്യകാന്തി വിത്ത് ഉത്പാദിപ്പിക്കുന്ന രാജ്യമായ ഉക്രെയ്‌നും റഷ്യയും അർജന്റീനയും ചൈനയും ഇത് എണ്ണക്ക് മാത്രമല്ല ഉപയോഗിക്കുന്നത്. സീഡുകളിൽ ഭാരം കുറഞ്ഞവ വറുത്ത് പേക്കറ്റുകളിലായി വിൽക്കുകയും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങളിൽ ഇത് പ്രധാന നാണ്യ വിളയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ മൊത്തം സൂര്യകാന്തി ഉൽപാദനത്തിന്റെ 55 ശതമാനവും ഉക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. 


സൂര്യകാന്തിയെ കുറിച്ചു വർണ്ണിക്കാൻ ഗുണ്ടൽപേട്ടുകാർക്ക് ആയിരം നാവാണ്. ചെറുതും വലതുമായ നിരവധി തോട്ടങ്ങളുടെ കലവറയാണ് ഗുണ്ടൽപേട്ട്. കർഷകരുടെ പ്രധാന വരുമാനം സൂര്യകാന്തി കൃഷി തന്നെ. ചതുപ്പ് ഭൂമിയും യഥേഷ്ടം ജലവും നല്ല കാലാവസ്ഥയും വളവും സർക്കാറിന്റെ പിന്തുണയും കർഷകർക്ക് വേണ്ടുവോളം ലഭിക്കുന്നുണ്ട്.
ജെമന്തിപ്പൂക്കൾ മറ്റൊരു വിളയാണെങ്കിലും അത് പൂവിന്റെ ആവശ്യത്തിന് മാത്രമാണ് കൃഷി ചെയ്യുന്നത്. കർണാടകയുടെ കാർഷിക വിളകളിൽ സൂര്യകാന്തിക്ക് വലിയ പ്രാധാന്യമുണ്ട്.
തെളിഞ്ഞ നീലാകാശത്തേക്കാൾ ഭംഗിയേറിയ വിശാലമായ ഭൂമിയിലെ മഞ്ഞ സൂര്യനെ കാണാൻ വഴിയോരങ്ങളിൽ നിരവധി സന്ദർശകർ എത്തി കൊണ്ടിരിക്കുന്നു. ഊട്ടി, മൈസൂർ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഗുണ്ടൽപേട്ടിലെ സൂര്യകാന്തി തോട്ടങ്ങൾ എളുപ്പം സന്ദർശിക്കാവുന്നതാണ്.  

Latest News