ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ അധികൃതര്‍ മുമ്പാകെ കീഴടങ്ങിയ 600 ഐ.എസ് പോരാളികളില്‍ കാസര്‍കോട് പടന്ന സ്വദേശിനി ആയിശയെന്ന സോണിയ സെബാസ്റ്റിയന്‍ (32) ഉണ്ടെന്ന് റിപ്പോര്‍ട്ട്.
മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ഇന്ത്യക്കാര്‍ കീഴടങ്ങിയ സംഘത്തിലുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയിലെ ഐ.സില്‍ ചേരുന്നതിന് 2016 ല്‍ വിവിധ ബാച്ചുകളിലായി പുറപ്പെട്ട 21 സ്ത്രീപുരഷന്മരില്‍ ഒരാളാണ് ആയിശ. സംഘം ഇറാനില്‍നിന്ന് കാല്‍നടയായാണ് അഫ്ഗാനിസ്ഥാനിലെത്തിയത്.
കീഴടങ്ങിയ ഐ.എസ് പോരാളികളുടെ ഫോട്ടോകള്‍ പരിശോധിച്ചാണ് ഒരു കുട്ടിയോടൊപ്പം ഇരിക്കുന്ന ആയിശയെ തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം, അഫ്ഗാന്‍ അധികൃതരില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ഭര്‍ത്താവ് അബ്ദുല്‍ റഷീദ് അബ്ദുല്ലയോടൊപ്പം ആയിശ 2016 മെയ് 31 നാണ് മുംബൈ എയര്‍പോര്‍ട്ടില്‍നിന്ന് പോയതെന്ന് മറ്റു രണ്ടു പ്രതികള്‍ക്കെതിരെ 2017 ല്‍ ദേശീയ അന്വേഷണ ഏജന്‍സി ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.
2015 ജൂലൈയില്‍ ദമ്പതികള്‍ ഐ.എസിന് പിന്തുണ തേടി രഹസ്യക്ലാസുകള്‍ നടത്തിയിരുന്നുവെന്ന് എന്‍.ഐ.ഐ ആരോപിക്കുന്നു. ആയശക്കെതിരെ എന്‍.ഐ.എ ഇതുവരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ല.