Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കാര്‍ഷിക, മത്സ്യബന്ധന മേഖലക്ക് പ്രോത്സാഹനം; കൂടുതല്‍ വിസ അനുവദിക്കുന്നു

റിയാദ് - കാർഷിക, മത്സ്യബന്ധന, കാലിവളർത്തൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കു കീഴിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ വിസകൾ അനുവദിക്കാൻ തുടങ്ങിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇപ്പോൾ പരമാവധി ആറു തൊഴിലാളികളെ വരെ ജോലിക്കു വെക്കുന്നതിന് ആവശ്യമായ വിസകൾ അനുവദിക്കുന്നുണ്ട്. ഇതുവരെ പരമാവധി നാലു തൊഴിലാളികളെ ജോലിക്കു വെക്കുന്നതിന് ആവശ്യമായ വിസകളാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്നത്. 


പുതിയ ഭേദഗതി കഴിഞ്ഞ മുഹറം മുതൽ നടപ്പാക്കിത്തുടങ്ങി. ഇതിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള കാർഷിക, മത്സ്യബന്ധന, കാലിവളർത്തൽ മേഖലാ സ്ഥാപനങ്ങൾ പ്രവർത്തന മേഖല മാറ്റേണ്ടതുണ്ട്. കാർഷിക, മത്സ്യബന്ധന, കാലിവളർത്തൽ മേഖലകൾക്ക് പിന്തുണ നൽകുന്നതിന് ലക്ഷ്യമിട്ടാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ തൊഴിലാളികളെ അനുവദിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. 


കാർഷിക, മത്സ്യബന്ധന, കാലിവളർത്തൽ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിനും പുതിയ വിസകൾ ലഭിക്കുന്നതിനും ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എത്ര തൊഴിലാളികളെയാണോ അധികം ആവശ്യമെങ്കിൽ അക്കാര്യം നിർണയിച്ച് ജല, പരിസ്ഥിതി, കൃഷി മന്ത്രാലയം അനുവദിക്കുന്ന സമ്മതപത്രം ആവശ്യമാണ്. 1440 ശഅ്ബാൻ 25 നു ശേഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ ഫയൽ ആരംഭിച്ച കാർഷിക, മത്സ്യബന്ധന, കാലിവളർത്തൽ സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 


വ്യവസായ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് അടുത്തിടെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിതാഖാത്ത് പ്രകാരം പച്ചയും അതിനു മുകളിലുമുള്ള, വ്യവസായ ലൈസൻസുള്ള സ്ഥാപനങ്ങൾക്കാണ് ലെവി ഇളവ് ആനുകൂല്യം ലഭിക്കുക. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് ശ്രമിച്ച് വ്യത്യസ്ത മേഖലകൾ പുനഃസംഘടിപ്പിക്കുന്നതിനും മുഴുവൻ ശേഷികളും പ്രയോജനപ്പെടുത്തുന്നതിനുമാണ് സൗദി അറേബ്യ പ്രവർത്തിക്കുന്നത്. 


പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി റിയാലായി ഉയർത്തുന്നതിനും തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനും സ്വന്തം ഉടമസ്ഥതയിൽ പാർപ്പിടങ്ങളുള്ള സ്വദേശി കുടുംബങ്ങളുടെ അനുപാതം 70 ശതമാനമായി ഉയർത്തുന്നതിനും വിഷൻ 2030 പദ്ധതി ഊന്നൽ നൽകുന്നു.
 

Latest News