Sorry, you need to enable JavaScript to visit this website.

സ്ത്രീ ശാക്തീകരണവുമായി സൗദി മുന്നോട്ട്; നടപ്പാക്കിയത് 22 തീരുമാനങ്ങള്‍

റിയാദ് - വനിതാവകാശ സംരക്ഷണവും വനിതാ ശാക്തീകരണവും ലക്ഷ്യമിട്ട് രാഷട്രീയ ഇഛാശക്തിയോടെ സൗദി അറേബ്യ 22 തീരുമാനങ്ങൾ നടപ്പാക്കിയതായി സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. അവാദ് അൽഅവാദ് പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


മനുഷ്യാവകാശ മേഖലയിൽ പൊതുവിലും വനിതാവകാശ മേഖലയിൽ പ്രത്യേകിച്ചും മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട 60 തീരുമാനങ്ങളാണ് സമീപ കാലത്ത് നടപ്പാക്കിയത്. ഇതിൽ 22 എണ്ണം വനിതകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണ്. നിർമാണ, സുസ്ഥിര വികസന പ്രക്രിയയിൽ പ്രധാന പങ്കാളികളായി വനിതകളെ മാറ്റുന്നതിനാണ് ഇതിലൂടെ ഉന്നമിടുന്നത്. 


സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്കും നടപടിക്രമങ്ങൾക്കും വനിതകൾ രക്ഷാകർത്താവിന്റെ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കൽ, ശാരീരിക പീഡനങ്ങളിൽനിന്ന് സംരക്ഷണം നൽകുന്ന നിയമവും ഇതിന്റെ നിയമാവലിയും നടപ്പാക്കൽ, പീഡന വിരുദ്ധ (ആന്റി ഹറാസ്‌മെന്റ്) നിയമം, ഗാർഹിക പീഡനങ്ങളെ കുറിച്ച പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കൽ, കുടുംബ കാര്യങ്ങൾക്ക് സമിതി സ്ഥാപിക്കൽ, കുടുംബകാര്യ സമിതിയിൽ വനിതാ കാര്യങ്ങൾക്ക് പ്രത്യേക കമ്മിറ്റി സ്ഥാപിക്കൽ, കുടുംബ കേസുകൾക്ക് സിവിൽ കോടതികളിൽ പ്രത്യേക ബെഞ്ചുകൾ സ്ഥാപിക്കൽ, വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൽ, വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ലേബർ ഓഫീസുകളിലും മാനവ ശേഷി വികസന നിധിയിലും വനിതാ എംപ്ലോയ്‌മെന്റ് വിഭാഗങ്ങൾ ആരംഭിക്കൽ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകളുടെ കുട്ടികളെ തൊഴിൽ സമയത്ത് ശിശുപരിചരണ കേന്ദ്രങ്ങളിൽ ചേർക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയും വനിതാ ജീവനക്കാർക്ക് തൊഴിൽ സ്ഥലങ്ങളിലേക്കും തിരിച്ചും സുരക്ഷിതമായ യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയും നടപ്പാക്കൽ, വനിതകളുടെ സ്വയം തൊഴിൽ പദ്ധതികൾക്ക് ധനസഹായം, പാർട്ട് ടൈം, വിദൂര തൊഴിൽ പദ്ധതി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അവസരമൊരുക്കുന്ന സഹായ പദ്ധതികൾ, പബ്ലിക് പ്രോസിക്യൂഷൻ അടക്കമുള്ള മേഖലകളിലെ ജോലികൾ വനിതകൾക്കു മുന്നിൽ പുതുതായി തുറന്നിടൽ അടക്കമുള്ള തീരുമാനങ്ങളാണ് വനിതാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വനിതാ ശാക്തീകരണം ലക്ഷ്യമിട്ടും സമീപ കാലത്ത് പ്രഖ്യാപിച്ച് നടപ്പാക്കിയത്.

ഭരണാധികാരികളുടെ ഇഛാശക്തിയില്ലാതെ ഈ മാറ്റങ്ങൾ സാധ്യമാകുമായിരുന്നില്ല. ലോകത്ത് ഏറ്റവും വ്യാപകമായ മനുഷ്യാകാശ ധ്വംസനം വനിതകൾക്കെതിരായ അതിക്രമങ്ങളാണ്. കുറ്റക്കാർ ശിക്ഷിക്കാതെ പോകൽ, അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കൽ അടക്കമുള്ള കാരണങ്ങളാൽ വനിതകൾക്കെതിരായ ഭൂരിഭാഗം അതിക്രമങ്ങളും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കപ്പെടാതെ പോവുകയാണ്. വനിതകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിലും ഇതിന്റെ കാരങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും പരിഹാരം കാണുന്നതിലും എല്ലാവർക്കും വലിയ ഉത്തരവാദിത്തമുണ്ട്. ശരിയായ മൂല്യങ്ങൾ പുതുതലമുറകളെ പഠിപ്പിക്കുന്ന പ്രഥമ അധ്യാപികമാരായ വനിതകളാണ് എല്ലാ സമൂഹങ്ങളുടെയും വിജയത്തിന്റെ അടിത്തറയെന്നും ഡോ. അവാദ് അൽഅവാദ് പറഞ്ഞു. 

Latest News