സ്‌കൂളുകളുടെ അവസ്ഥ കണ്ടെത്തുന്നതിന് യു.ഡി.എഫ് വിദഗ്ധ കമ്മിറ്റി

പി.ടി. തോമസ് എം.എൽ.എ

തിരുവനന്തപുരം- സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളുടെ യഥാർത്ഥ അവസ്ഥ കണ്ടെത്തുന്നതിന് പി.ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ധ കമ്മിറ്റിയെ യു.ഡി.എഫ് നിയോഗിച്ചു.
എം.എൽ.എ മാരായ എൻ.ഷംസുദ്ദീൻ, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ്ബ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഇവർ എല്ലാ ജില്ലകളിലും സർക്കാർ സ്‌കൂളുകൾ സന്ദർശിച്ച് അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കും.
ക്ലാസുകൾ ഹൈടെക്കാക്കിയെന്ന് സർക്കാർ മേനി പറയുമ്പോഴും കുട്ടികളുടെ സുരക്ഷ തന്നെ അപകടത്തിലാവുന്ന വിധം ദയനീയമാണ് സർക്കാർ സ്‌കൂളുകളുടെ അവസ്ഥയെന്ന യാഥാർത്ഥ്യമാണ് ബത്തേരി സംഭവത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
സ്‌കൂളുകൾ ഹൈടെക്ക് ആക്കാൻ 444 കോടി രൂപ അനുവദിച്ചു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. 
എങ്കിൽ ആ തുക എവിടെപ്പോയി. പല സ്‌കൂളുകളുടെയും വളപ്പുകൾ അപകടകരമാംവിധം കാടു മൂടിക്കിടക്കുകയാണ്. ക്ലാസ് മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ടോയ്‌ലറ്റ് സൗകര്യങ്ങൾ തീരെ മോശമാണെന്ന പരാതി സംസ്ഥാനത്തിന്റെ പല ഭാഗത്തു  നിന്നുമുള്ള സ്‌കൂളുകളിൽ നിന്നും ലഭിക്കുന്നുണ്ട്. 
പല സ്‌കൂളുകളിലും കെട്ടിടങ്ങൾ പഴകി അപകടാവസ്ഥയിലാണ്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമ്മിറ്റി നേരിട്ട് കണ്ട് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് തയ്യാറാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Latest News