Sorry, you need to enable JavaScript to visit this website.

ടെലിഗ്രാം ആപ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി-മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ഉപയോഗിക്കുന്ന ടെലിഗ്രാം അപ്ലിക്കേഷൻ കുറ്റകൃത്യങ്ങൾക്ക് സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്നുവെന്നു സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 
ടെലിഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമ വിദ്യാർഥിനി അഥീന സോളമൻ നൽകിയ ഹരജിയിലാണ് സത്യവാങ്മൂലം. ഇത് ക്രിമിനലുകൾക്ക് സുരക്ഷിതമായി സന്ദേശങ്ങൾ കൈമാറുന്നതിനു കാരണമാകുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 
സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്നതിനാൽ സെർവറിൽ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാവില്ല. സന്ദേശങ്ങൾ നിശ്ചിത സമയത്തിനകം സ്വയം നശിക്കാൻ സെറ്റ് ചെയ്യാം. ഇത്തരം ചാറ്റുകൾ ഫോർവേഡ് ചെയ്യാനോ സ്‌ക്രീൻ ഷോട്ട് എടുക്കാനോ ആവില്ല. ഉപയോഗിക്കുന്നയാൾക്ക് ഒളിഞ്ഞിരിക്കാൻ അവസരം നൽകുന്നതിനാൽ ക്രിമിനലുകൾ അശ്ലീല ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകളും സിനിമാ സാഹിത്യ ചോരണവും നടത്താനും ടെലിഗ്രാമിനെ ഉപയോഗിക്കുകയാണ്. 
ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് വിവരങ്ങളുടെ വിൽപനയും നടക്കുന്നുവെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ടെലഗ്രാമിന്റെ സെർവറുകൾ രാജ്യത്തിനകത്ത് സ്ഥാപിക്കാൻ നടപടിയുണ്ടാവണം. നിലവിൽ സെർവറുകൾ ഇന്ത്യക്കു പുറത്താണ് സ്ഥിതി ചെയ്യുന്നത്.  ക്രിമിനൽ കേസുകളിൽ പോലീസ് ആവശ്യപ്പെടുന്ന വിവരം നൽകാൻ ആപ്ലിക്കേഷൻ ബാധ്യസ്ഥരാവുന്ന സംവിധാനമുണ്ടാവണമെന്നും പോലീസ് ആവശ്യപ്പെടുന്നു.
വാട്ട്‌സാപ്പ് പോലുളള മെസേജിങ് സംവിധാനങ്ങളിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നത്. ടെലിഗ്രാമിൽ യൂസർ നെയിം ഉപയോഗിക്കാം. ഇത് ഉപയോക്താവിന് രഹസ്യമായിരിക്കാൻ അവസരം നൽകുന്നു. ഉപയോക്താവിന് ഗ്രൂപ്പ്, ചാനൽ ഉടമയിൽ നിന്ന് വരെ മൊബൈൽ നമ്പർ മറച്ചുവെക്കാം. അപ്ലിക്കേഷൻ ഉടമകൾ പോലീസുമായി സഹകരിക്കാത്തതിനാൽ ആരൊക്കെയാണ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.  ഇന്റർനെറ്റിലെ അപകടകരമായ വിവരങ്ങൾ തടഞ്ഞുവെക്കുന്നതിനു വിവര സാങ്കേതിക നിയമപ്രകാരം വ്യവസ്ഥയുണ്ട്. 
എന്നാൽ ആപ്ലിക്കേഷൻ ഉടമകൾ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു നടപടിയെടുക്കാനുതകുന്ന സംവിധാനങ്ങൾ നിലവിലില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

 

Latest News