Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഓഹരി വിപണി പത്മവ്യൂഹത്തിൽ

ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിച്ച നിലപാട് ശരിയെന്ന് ഉറച്ച വിശ്വാസത്തിൽ നീങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിക്ക് പുതിയ ദിശയിലേയ്ക്ക് തിരിയാനാവാതെ പത്മവ്യൂഹത്തിൽ അകപ്പെട്ട അവസ്ഥയിലാണ്. മൂന്നാഴ്ചയിലേറെയായി ഒരു നിശ്ചിത ടാർഗറ്റിനകത്ത് നീങ്ങുന്ന ബോംബെ സെൻസെക്‌സും നിഫ്റ്റിയും പുതിയ രക്ഷകനെ  തേടുന്നു. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ നവംബർ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്. മൂന്ന് ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും പൊസിഷനുകൾ കുറക്കാൻ  ഫണ്ടുകൾ നീക്കം നടത്താം. പോയവാരം ബി എസ് ഇ സൂചിക മൂന്ന് പോയന്റും എൻ എസ് ഇ 19  പോയന്റു നേട്ടത്തിലാണ്. 
11,895 ൽ നിന്ന് മുന്നേറിയ നിഫ്റ്റി 12,034 മറികടന്ന് 12,038 വരെ നീങ്ങിയെങ്കിലും ഈ റേഞ്ചിൽ അധിക നേരം പിടിച്ചു നിൽക്കാനായില്ല. 12,059 ൽ പ്രതിരോധമുള്ള കാര്യം മുൻവാരം വ്യക്തമാക്കിയിരുന്നു. വാരാന്ത്യം സൂചിക 11,914 പോയന്റിലാണ്. ഈവാരം ആദ്യ താങ്ങ് 11,841 ലാണ്. ഇത് നഷ്ടപ്പെട്ടാൽ നിഫ്റ്റിക്ക് 11,768 ൽ സപ്പോർട്ടുണ്ട്. എന്നാൽ ശക്തമായ ഒരു വിൽപന സമ്മർദത്തിലേയ്ക്ക് വിപണി തിരിഞ്ഞാൽ താങ്ങ് 11,597 ലാണ്. അതേ സമയം മുന്നേറ്റത്തിന് തുനിഞ്ഞാൽ 12,012-12,103 ൽ പ്രതിരോധ മേഖലയാണ്. ഈ നിർണായക കടമ്പ ഭേദിക്കാനായാൽ നിഫ്റ്റി 12,281 നെ ലക്ഷ്യമാക്കിയുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാം. വാരാന്ത്യം നിഫ്റ്റി അതിന്റെ 20, 50, 100, 200 ദിവസങ്ങളിലെ ശരാശരിയേക്കാൾ മുകളിലാണെങ്കിലും അഞ്ച് ദിവസത്തെ ഡി എം എക്കാൾ താഴ്ന്നു.
ബോംബെ സെൻസെക്‌സ് 40,356 ൽ നിന്ന് 40,816 വരെ കയറിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 40,359 പോയന്റായി താഴ്ന്നു. ഡെയ്‌ലി ചാർട്ടിൽ സെൻസെക്‌സ് ബുള്ളിഷ് ട്രന്റിലാണ്. ഈവാരം 40,114 ലെ താങ്ങ് നിലനിർത്തി 40,709 ലേയ്ക്ക് ഉയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 40,816 ലെ നിർണായക തടസ്സം മറികടക്കാനാവശ്യമായ ഊർജം വിപണിക്ക് കണ്ടെത്താനാവും. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 39,870 വരെ പരീക്ഷണങ്ങൾ നടത്താം. മുൻ നിരയിലെ പത്തിൽ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തിൽ 76,164 കോടി രൂപയുടെ ഇടിവ്. റ്റി സി എസ് വിപണി മൂല്യം 39,118.6 കോടി രൂപ ഇടിഞ്ഞ് 7,76,950.02 കോടി രൂപയായി.  ആർ ഐ എൽ, എച്ച്ഡിഎഫ്‌സി, എസ്ബിഐ എന്നിവ മാത്രമാണ് കരുത്ത് നിലനിർത്തിയത്. 
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ഈ മാസം ഇന്ത്യയിൽ 17,722.82 കോടി രൂപ നിക്ഷേപിച്ചു. വിദേശ നിക്ഷേപകർ നവംബർ 22 വരെയുള്ള കാലയളവിൽ 17,547.55 കോടി രൂപ ഓഹരിയിലും 175.27 കോടി രൂപ കടപത്രത്തിലും നിക്ഷേപിച്ചു. വെള്ളിയാഴ്ച വിദേശ ഫണ്ടുകൾ 5000 കോടി രൂപയുടെ വിൽപന ഓഹരിയിൽ നടത്തി. 
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 71.63 ൽ നിന്ന് 71.96 വരെ ദുർബലമായ ശേഷം വാരാന്ത്യം 71.78 ലാണ്. ഈ വർഷം രൂപയുടെ മൂല്യം 2.76 ശതമാനം ഇടിഞ്ഞു. ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരം നവംബർ 8 ന് അവസാനിച്ച വാരം 447.80 ബില്യൺ ഡോളറിൽ നിന്ന് 448.24 ബില്യൺ ഡോളറായി.


 

Latest News