Sorry, you need to enable JavaScript to visit this website.
Sunday , July   05, 2020
Sunday , July   05, 2020

കുരുമുളക് വില പുതിയ ഉയരങ്ങളിലേക്ക്‌

കുരുമുളക് വിപണിയുടെ മുന്നേറ്റം കർഷകരെ ആവേശം കൊള്ളിച്ചു. തെക്കൻ കേരളത്തിലെ കർഷകർ കുരുമുളക് വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഉൽപന്ന വില പുതിയ ഉയരങ്ങളിലേയ്ക്ക് നിത്യേന നീങ്ങുന്നതിനാൽ കാർഷിക മേഖലയുടെ പ്രതീക്ഷ വർധിച്ചു. തെക്കൻ ജില്ലകളിലെ കർഷക കുടുംബങ്ങളിൽ കഴിഞ്ഞ സീസണിലെ മുളകിന്റെ നീക്കിയിരിപ്പ് നാമമാത്രമാണ്. പ്രതികൂല കാലാവസ്ഥ മൂലം പോയ വർഷം ഉൽപാദനം കുറഞ്ഞതാണ് സ്‌റ്റോക്കിനുള്ള അവസരം ഇല്ലാതാക്കിയത്.  ഇക്കുറി തുലാവർഷം അനുകൂലമായത് കൃഷിക്ക് നേട്ടമായി. പ്രതീക്ഷിച്ചതിലും ഭേദപ്പെട്ട വിളവ് ഉറപ്പ് വരുത്താനാവുമെന്ന കണക്ക് കൂട്ടലിലാണ് പലരും. 
പിന്നിട്ടവാരം കുരുമുളകിന് ക്വിൻറ്റലിന് 800 രൂപ വർധിച്ചു. തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ചരക്കിന് ആവശ്യക്കാരുണ്ട്. എന്നാൽ ഉത്തരേന്ത്യക്കാർ കരുതലോടെയാണ് മുളക് ശേഖരിച്ചത്. വടക്കെ ഇന്ത്യയിലെ പല വൻകിട സുഗന്ധവ്യഞ്ജന ഗോഡൗണുകളിലും ഉയർന്ന അളവിൽ വിദേശ കുരുമുളക് സ്‌റ്റോക്കുണ്ട്.  കൊച്ചിയിലെ വിലക്കയറ്റത്തിനിടയിൽ അവർ സ്‌റ്റോക്ക് ആകർഷകമായ വിലയ്ക്ക് ഉത്തരേന്ത്യയിൽ വിറ്റുമാറുകയാണ്. അൺ ഗാർബിൾഡ് കുരുമുളക് 32,700 രൂപയിൽ മാർക്കറ്റ് ക്ലോസിങ് നടന്നു.
അന്താരാഷട്ര് മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5100 ഡോളറാണ്. വിയറ്റ്‌നാം 1900 ഡോളറിനും ബ്രസീൽ 1800 ഡോളറിനും ഇന്തോനേഷ്യ 2000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ഇതിനിടയിൽ ഒക്ടോബറിൽ വിയറ്റ്‌നാം 17,069 ടൺ കുരുമുളക് കയറ്റുമതി നടത്തി. ഇതിൽ വലിയൊരു പങ്ക് ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. 
ഉത്തരേന്ത്യയിൽ ശൈത്യം ശക്തി പ്രാപിച്ചതോടെ ചുക്കിന് പ്രദേശിക ഡിമാന്റ് വർധിച്ചു. ഉൽപാദന മേഖലകളിൽ നിന്ന് കൊച്ചിയിൽ എത്തിയ ചുക്ക് ശേഖരിക്കാൻ പല അവസരത്തിലും ഉത്തരേന്ത്യക്കാർ മത്സരിച്ചു. ഔഷധ വ്യവസായികൾ നാടൻ ചുക്ക് വാങ്ങുന്നുണ്ട്. വിദേശ കച്ചവടങ്ങളിൽ ഉറപ്പിച്ചവർ ചുക്ക് സംഭരിച്ചു. കയറ്റുമതിക്കാർ മികച്ചയിനം ചുക്കിൽ പിടിമുറുക്കിയെങ്കിലും നിരക്ക് 26,500 രൂപയിൽ മാറ്റമില്ലാതെ നീങ്ങി. മീഡിയം ചുക്ക് വില 22,500 രൂപ. ഗൾഫ് ഷിപ്പ്‌മെൻറ്റിനുള്ള ചുക്ക് സംഭരണം പുരോഗമിക്കുന്നു. 
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഏലക്ക ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് ശക്തമാണ്. വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ഉൽപന്നം  പണമാക്കാൻ ചെറുകിട കർഷകർ രംഗത്തിറങ്ങി. ചില ദിവസങ്ങളിൽ അര ലക്ഷം കിലോക്ക് മുകളിൽ ഏലക്ക ലേലത്തിന് എത്തിയത് കണ്ട് വാങ്ങലുകാർ ഉൽപന്ന വിലയെ പിടിച്ചു നിർത്തി ചരക്ക് എടുത്തു. വാരാരംഭം കിലോ 3000 രൂപയിൽ നീങ്ങിയ ഏലം പിന്നീട് 3270 രൂപ വരെ ഉയർന്നു. ഗൾഫ് ഡിമാന്റും ആഭ്യന്തര വാങ്ങലുകാരുടെ സാന്നിധ്യവും ഡിസംബർ വരെ പ്രതീക്ഷിക്കാം. മുൻവാരം സൂചിപ്പിച്ച 3200 രൂപയുടെ പ്രതിരോധം ഉൽപന്നം മറികടന്നു. 
വെളിച്ചെണ്ണ വിലയിൽ മുന്നേറ്റം. ഇന്തോനേഷ്യയും മലേഷ്യയും പാം ഓയിൽ വില ഉയർത്തിയത് ഇന്ത്യൻ മാർക്കറ്റ് ചൂടുപിടിക്കാൻ കാരണമായി. പാം ഓയിൽ 7350 ൽ നിന്ന് 7750 രൂപയായി. പാം ഓയിലിന് ഒപ്പം ഇതര ഇറക്കുമതി ഭക്ഷ്യയെണ്ണകളുടെ നിരക്കും ഉയരുമെന്നത് വെളിച്ചെണ്ണയുടെ തിരിച്ചുവരവിന് വേഗത പകരാം. വെളിച്ചെണ്ണ വില കൊച്ചിയിൽ 300 രൂപ ഉയർന്ന് 14,750 രൂപയിലും കൊപ്ര 9910 രൂപയിലുമാണ്.   
രാജ്യാന്തര റബർ മാർക്കറ്റിലെ കുതിപ്പ് കണ്ട് ഇന്ത്യൻ ടയർ നിർമാതാക്കൾ ആഭ്യന്തര വിപണിയെ കൂടുതലായി ആശ്രയിച്ചു. ടയർ കമ്പനികൾ നാലാം ഗ്രേഡ് 13,000 രൂപക്ക് ശേഖരിച്ചെങ്കിലും റബറിന് 13,200 ലേക്ക് ഉയരാനായില്ല. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ ടയർ ലോബി ആഭ്യന്തര അവധിയിൽ വിൽപനയ്ക്ക് മുൻതൂക്കം നൽകി. ടോകോം എക്‌സ്‌ചേഞ്ചിൽ നവംബർ അവധി 172 യെന്നിലേയ്ക്ക് കയറി. ബാങ്കോക്കിൽ ഷീറ്റ് വില 10,798 ൽ നിന്ന് 11,480 രൂപയായി.        
കേരളത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം. ആഭരണ വിപണികളിൽ 28,440 രൂപയിൽ വിൽപനയാരംഭിച്ച പവൻ 28,520 വരെ കയറിയെങ്കിലും ശനിയാഴ്ച നിരക്ക് 28,360 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണ വില 1462 ഡോളർ. 

 

Latest News