Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൈക്രോസോഫ്റ്റ് സഹായ പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് 12 സ്റ്റാർട്ടപ്പുകൾ 

കേരള സ്റ്റാർട്ടപ്പ് മിഷനും മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഹൈവേ ടു ഹൺഡ്രഡ് യൂനികോൺസ് പരിപാടിയിൽനിന്ന് 

സംസ്ഥാനത്തെ സംരംഭക അന്തരീക്ഷത്തിന് ഉത്തേജനം നൽകി കേരള സ്റ്റാർട്ടപ്പ് മിഷനും മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഹൈവേ ടു ഹൺഡ്രഡ് യൂനികോൺസ് പരിപാടിയിലൂടെ 12 സ്റ്റാർട്ടപ്പുകൾ മൈക്രോസോഫ്റ്റിന്റെ സഹായ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ നടന്ന ഏകദിന പരിപാടിയിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകളിൽനിന്നാണ് ഇവ തെരഞ്ഞെടുത്തത്. ഈ 12 സ്റ്റാർട്ടപ്പുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന സംരംഭങ്ങൾക്ക് ദേശീയ തലത്തിലെ മത്സരങ്ങളിൽ പങ്കെടുക്കാനവസരം ലഭിക്കും. 
മികച്ച ആശയവും ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാൻ സാധിക്കുന്ന തരത്തിലുള്ള വിദഗ്‌ധോപദേശം, വാണിജ്യ ബന്ധങ്ങൾ, നിക്ഷേപ സാധ്യതകൾ എന്നിവ മൈക്രോസോഫ്റ്റിന്റെ പരിപാടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.
രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ പരിപാടിക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് കേരളത്തിലെത്തിയത്. രണ്ടാം നിര നഗരങ്ങളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആശയങ്ങൾ ആഗോള തലത്തിലേക്കെത്തിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയിലൂടെ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
സാധാരണ ഗതിയിൽ 10 സ്റ്റാർട്ടപ്പുകളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ മേധാവി ലതിക എസ് പൈ പറഞ്ഞു. പക്ഷേ കേരളത്തിലെ സംരംഭങ്ങൾ വലിയ പ്രതീക്ഷ തരുന്നവയാണ്. അതുകൊണ്ടാണ് എമെർജ് 10 എന്ന പേര് മാറ്റി എമെർജ് എക്‌സ് എന്നാക്കി 12 സ്റ്റാർട്ടപ്പ് സംരംഭങ്ങളെ തെരഞ്ഞെടുത്തതെന്നും അവർ വെളിപ്പെടുത്തി.
രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയിലേക്ക് പ്രവേശിക്കാനും സാന്നിധ്യം ഉറപ്പാക്കാനും  സ്റ്റാർട്ടപ്പുകളെ പ്രാപ്തരാക്കുന്ന വിധത്തിൽ അവർക്ക് ഉപദേശങ്ങൾ നൽകുന്നതിനു വേണ്ടി പരിചയ സമ്പന്നരായ വിദഗ്ധരെയാണ് മൈക്രോസോഫ്റ്റ് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ 26 യൂനികോൺ സ്റ്റാർട്ടപ്പ് സംരംഭങ്ങളുണ്ടെന്നും ലതിക പറഞ്ഞു. മൈക്രോസോഫ്റ്റ് കേരളത്തിലെത്തിയത് ശരിയായ സമയത്താണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. നിലവിൽ കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം വികസിക്കുന്ന അവസ്ഥയിലാണ്. മൈക്രോസോഫ്റ്റിന്റെ സഹകരണം ഇതിന്റെ മേൽക്കൂരയായി വർത്തിക്കുമെന്നും നിർമിത ബുദ്ധി, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയിൽ അധിഷ്ഠിതമായ നിരവധി സംരംഭങ്ങൾ സംസ്ഥാനത്ത് ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ഘട്ടങ്ങളിലായാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ വളരുന്നതെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കൽ, അടിസ്ഥാന സൗകര്യം, ഇൻകുബേഷൻ, നിക്ഷേപ സമാഹരണം, ദീർഘകാല വളർച്ചാ പദ്ധതികൾ എന്നിവയിലൂടെയാണ് സ്റ്റാർട്ടപ്പുകൾ കടന്നു പോകുന്നത്. മൈക്രോസോഫ്റ്റിന്റെ സഹകരണം ഓരോ മേഖലയിലും മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
200 ഓളം സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. സാങ്കേതികവിദ്യാ രംഗത്തെ വിദഗ്ധർ ക്ലാസുകൾ നയിച്ചു. മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പസ് പദ്ധതിയുടെ ഭാഗമായാണ് ഹൈവേ ടു ഹൺഡ്രഡ് യൂനികോൺ പരിപാടി നടത്തി വരുന്നത്.

 

Latest News