ഭോപാൽ- മധ്യപ്രദേശ് സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെ സഹായിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. അടിസ്ഥാരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സിന്ധ്യ വ്യക്തമാക്കി. ട്വിറ്ററിൽ തന്റെ ബയോഡാറ്റ ഒരു മാസം മുമ്പ് തന്നെ ചുരുക്കിയതാണെന്നും ഇത് സംബന്ധിച്ചുള്ള ആരോപണത്തിന് സിന്ധ്യ മറുപടി നൽകി. നേരത്തെ മുൻ എം.പി, മുൻ മന്ത്രി എന്നിങ്ങനെയായിരുന്നു സിന്ധ്യയുടെ ബയോഡാറ്റ. ഇത് പൊതുപ്രവർത്തകൻ, ക്രിക്കറ്റ് പ്രേമി എന്നിങ്ങനെയാക്കി ചുരുക്കിയിരുന്നു.
മധ്യപ്രദേശിലെ കമൽനാഥ് സർക്കാറിനെ പാർട്ടിക്കകത്ത് നിന്ന് തന്നെ കുറെ മാസങ്ങളായി സിന്ധ്യ വിമർശിക്കുന്നുണ്ട്. ഒരു വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിന്ധ്യയെ പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷം കമൽനാഥിന് മുഖ്യമന്ത്രി കസേര നൽകുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ചുമതല നൽകിയെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ഗുണയിലും സിന്ധ്യ പരാജയപ്പെട്ടു. സിന്ധ്യയെ മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കാൻ നീക്കം നടത്തിയെങ്കിലും കമൽനാഥ് ഉടക്കിട്ടു.