Sorry, you need to enable JavaScript to visit this website.

യാത്രക്കാരനെ രക്ഷിക്കാന്‍ മൂത്രം വായ കൊണ്ട് വലിച്ചെടുത്തു; സംഭവം വിമാനത്തില്‍

ന്യൂയോര്‍ക്ക്- വിമാനയാത്രക്കിടെ മൂത്രം പോകാതെ ഗുരുതരാവസ്ഥയിലായ വയോധികന് വിമാനത്തിലുണ്ടായിരുന്ന ഡോക്ടറുടെ  അവസരോചിത ഇടപെടല്‍ രക്ഷയായി. ചൈനയില്‍നിന്നുള്ള വാസ്‌കുലര്‍ സര്‍ജന്‍ ഷാങ് ഹോങാണ് കൃത്യസമയത്തുള്ള ഇടപെടലിലൂടെ സഹയാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. വായ ഉപയോഗിച്ച് മൂത്രം പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.

ഗ്വാങ്ഷുവില്‍നിന്ന് ന്യൂയോര്‍ക്കിലേക്കു വന്ന ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

യാത്രക്കാരന് മൂത്രതടസ്സം നേരിടുന്നതായും സ്ഥിതി ഗുരുതരമാണെന്നും ക്യാബിന്‍ ക്രൂവാണ് വിവരം അറിയിച്ചത്. ഉടന്‍ തന്നെ  ചികിത്സിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഷാങ് അറിയിച്ചു. നേരം കളയാതെ പരിശോധിക്കുകയും ചെയ്തു. മൂത്രമൊഴിക്കാന്‍ കഴിയാതിരുന്ന വയോധികന്റെ മൂത്രാശയത്തില്‍ ഏകദേശം ഒരുലിറ്ററോളം മൂത്രമുണ്ടായിരുന്നു.

സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ മൂത്രം പുറത്തെടുക്കാനായി ഡോക്ടറുടെ ശ്രമം. ഇതിനായി വിമാനത്തില്‍ ലഭ്യമായിരുന്ന ഓക്‌സിജന്‍ മാസ്‌ക്, സിറിഞ്ച്, സ്‌ട്രോ തുടങ്ങിയവ ഉപയോഗിച്ച് ഷാങ് ഒരു ഉപകരണം നിര്‍മിച്ചു. ഇതിലൂടെ സിറിഞ്ച് ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ അത് പ്രാവര്‍ത്തികമാകില്ലെന്ന് കണ്ടതോടെ ഷാങ് തന്നെ വായ ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കുകയായിരുന്നു.

37 മിനിറ്റുകൊണ്ട് ഏകദേശം 800 മില്ലിലിറ്റര്‍ മൂത്രമാണ് ഇങ്ങനെ വലിച്ചെടുത്തത്. വിമാനം ലാന്‍ഡ് ചെയ്തയുടന്‍  വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News