മദ്യപിക്കാന്‍ വീട്ടിലെ മിക്‌സി വിറ്റ ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്നു

മറയൂര്‍- മദ്യപിക്കാനായി വീട്ടിലെ 2000 രൂപ വില വരുന്ന മിക്‌സി വിറ്റ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ തിരുപ്പൂര്‍ മംഗലംപാറക്കു സമീപം മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശാണ് (49) ഭാര്യ ഉമാദേവിയുടെ (47) അടിയേറ്റ് മരിച്ചത്.

കഴിഞ്ഞ 17 ന് നടന്ന മരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

മിക്‌സി വിറ്റ് മദ്യപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്  ഉമാദേവി ഭര്‍ത്താവിനെ വടി കൊണ്ട് തലയിക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് ഭാര്യ കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ മരിച്ചു.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. തലയ്ക്ക് പിറകിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉമാദേവിയെ ചോദ്യം ചെയ്യുകയായിരുന്നു.

 

Latest News