Sorry, you need to enable JavaScript to visit this website.

കലാം പ്രതിമയ്ക്കു മുന്നില്‍ ഗീതയ്‌ക്കൊപ്പം വച്ച ഖുര്‍ആനും ബൈബിളും എടുത്തുമാറ്റി 

രാമേശ്വരം- മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്‍റെ പ്രതിമയ്ക്കരികിലെ കൊത്തിവച്ച ഭഗവത് ഗീതയ്ക്കു സമീപം ബൈബിളും ഖുര്‍ആനും വച്ചത് വിവാദമായി. ഇവ രണ്ടും പിന്നീട് എടുത്തു മാറ്റി. കലാമിന്‍റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ വ്യാഴാഴ്ച പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്ത കലാം സ്മാരകത്തിലാണ് സംഭവം. വീണയുമായി ഇരിക്കുന്ന കലാമിന്‍റെ പ്രതിമയ്ക്കു മുമ്പില്‍ ഭഗവത് ഗീതയുടെ രൂപവും സ്ഥാപിച്ചത് വിവാദം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കലാമിന്‍റെ കുടുംബം ഇതിനു സമീപം ഖുര്‍ആനും ബൈബിളും വച്ച് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശിച്ചത്. 

ഖുര്‍ആനിന്‍റെയും ബൈബിളിന്‍റെയും ഓരോ കോപ്പികള്‍ വീതം പ്രതിമയ്ക്കു സമീപം വച്ചതിനെ തുടര്‍ന്ന് ഒരു പ്രാദേശിക ഹിന്ദു സംഘടനയാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്. പ്രതിമയ്ക്കു സമീപം ഈ രണ്ടു മതഗ്രന്ഥങ്ങള്‍ വയ്ക്കാന്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ രംഗത്തെത്തിയത്. മണിക്കൂറുകള്‍ക്കകം സ്മാരകത്തിലെ ഉദ്യോഗസ്ഥര്‍ ഖുര്‍ആനും ബൈബിളും പ്രതിമയ്ക്കടുത്ത് തന്നെ ഒരു ചില്ലുകൂട്ടില്‍ വയ്ക്കുകയായിരുന്നു. ഹിന്ദു മക്കള്‍ കച്ചി നേതാവ് കെ പ്രഭാകരന്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എം ഡി എം കെ നേതാവ് വൈക്കോയും പി എം കെയുമാണ് മരത്തില്‍ പണിതീര്‍ത്ത കലാം പ്രതിമയ്ക്കു മുമ്പില്‍ ഭഗവത് ഗീത കൊത്തിവച്ചതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. 15 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കലാം സ്മാരകം രൂപകല്‍പ്പന ചെയ്തതും സ്ഥാപിച്ചതും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്‍റ്  ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ്. 

Latest News