കുഞ്ഞ് മരിച്ചതറിയാതെ ഓസ്‌ട്രേലിയയില്‍ നിന്ന്   ചെന്നൈയിലേക്ക് ദമ്പതികളുടെ വിമാനയാത്ര

ചെന്നൈ-കൈയിലിരുന്ന ആറ് മാസം പ്രായമായ മകന്‍ മരിച്ചതറിയാതെ ഓസ്‌ട്രേലിയയില്‍ നിന്നു ചെന്നൈയിലേക്ക് ദമ്പതികളുടെ വിമാനയാത്ര. ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാന്‍ കുഞ്ഞുമായി യാത്രചെയ്യുകയായിരുന്നു ഇരുവരും. ശക്തി മുരുകന്‍ (32), ദീപ (27) ദമ്പതികളുടെ മകന്‍ ഹൃതിക്കാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്.
ഓസ്‌ട്രേലിയയില്‍ ഐടി ജീവനക്കാരാണ് മുരുകനും ദീപയും. ചെന്നൈയില്‍ വിമാനമിറങ്ങിയതിനു ശേഷം കുട്ടികണ്ണ് തുറക്കുന്നില്ലെന്നു കണ്ടു ഉടന്‍തന്നെ വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയില്‍ നിന്നു മലേഷ്യയിലേക്കും, അവിടെനിന്ന് ചെന്നൈയ്ക്കുമായിരുന്നു യാത്ര. മലേഷ്യയില്‍ നിന്ന് ചെന്നൈയ്ക്ക് വിമാനം കയറുന്നതുവരെ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോള്‍ കുഞ്ഞ് ഉറങ്ങുകയാണെന്നാണ് ആദ്യം കരുതിയത്. വിളിച്ചിട്ടും ഉണരാഞ്ഞതിനെ തുടര്‍ന്നാണ് വൈദ്യസഹായം ആവശ്യപ്പെട്ടത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

Latest News