Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ മന്ത്രിമാരെ കരിങ്കൊടി കാട്ടി

മന്ത്രിമാരായ പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽ കുമാർ എന്നിവരെ ബത്തേരി സർവജന സ്‌കൂൾ പരിസരത്തു കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ബത്തേരി സ്വതന്ത്ര മൈതാനിക്കു സമീപം മന്ത്രിമാരെ കരിങ്കൊടി കാട്ടിയ യുവമോർച്ചാ പ്രവർത്തകരെ പോലീസ് നേരിടുന്നു.

കൽപറ്റ-പാമ്പുകടിയേറ്റു മരിച്ച ബത്തേരി ഗവ.സർവജന ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവരെ വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകർ കരിങ്കൊടി കാട്ടി. 
ദേശീയ പാതയിൽ കൽപറ്റ ഡി പോൾ സ്‌കൂൾ പരിസരം, ബത്തേരി സ്വതന്ത്ര മൈതാനി പരിസരം, ഗവ.സർവജന സ്‌കൂൾ പരിസരം എന്നിവിടങ്ങളിലാണ് മന്ത്രിമാർക്കു നേരേ കരിങ്കൊടി ഉയർന്നത്. 
ഇന്നലെ  രാവിലെ ഏഴോടെ എം.എസ്.എഫ് പ്രവർത്തകരാണ് കൽപറ്റയിൽ   മന്ത്രിമാരെ  കരിങ്കൊടി കാട്ടിയത്.  ജില്ലാ പ്രസിഡന്റ് പി.പി.ഷൈജൽ, ഷമീർ ഒടുവിൽ, ഫായിസ് തലയ്ക്കൽ, മുഹമ്മദ് സെബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എം.എസ്.എഫ് സംഘം.
മന്ത്രിമാരുടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ബത്തേരി സ്വതന്ത്ര മൈതാനി പരിസരത്തു യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടികളുമായി റോഡിലേക്കു ചാടിയത്. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സിനീഷ് വാകേരി, ദിപു പുത്തൻപുരയിൽ, ലിലിൽകുമാർ, വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 
സർവജന സ്‌കൂൾ പരിസരത്തു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിമാരെ കരിങ്കൊടി കാട്ടിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജേഷ് കുമാർ, ടിജി ചെറുതോട്ടിൽ, സഫീർ പഴേരി, റിനു ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോൺഗ്രസുകാർ. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 

 

Latest News