Sorry, you need to enable JavaScript to visit this website.

ക്രിമിനൽ കേസ് എടുക്കണമെന്നു  ബാലാവകാശ സംരക്ഷണ കമ്മീഷൻ

ബത്തേരി -ഗവ.സർവജന സ്‌കൂൾ വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ഉൾപ്പെട്ട അധ്യാപകർ, ഡോക്ടർമാർ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി.സുരേഷ്. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷഹല ഷെറിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ അടിയന്തര സഹായധനം അനുവദിക്കാൻ സർക്കാറിനു ശുപാർശ നൽകും. അധ്യാപകരുടെ അനാസ്ഥയാണ് രണ്ടു മണിക്കൂറോളം കുട്ടിക്ക് ചികിത്സ വൈകാൻ കാരണമായത്. ഇതിനെ ഗൗരവമായാണ് കാണുന്നത്. കുടുംബത്തിന് നൽകുന്ന തുക അധ്യാപകരും ഡോക്ടർമാരും  ഷഹലയുടെ മരണത്തിൽ കുറ്റക്കാരാണെന്ന് കാണുന്നപക്ഷം അവരിൽനിന്നും സർക്കാറിന് ഈടാക്കാം. ജില്ലാ മെഡിക്കൽ ഓഫീസർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങിയവരിൽനിന്നു അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കണം. 
സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യ സംസ്‌കരണ സംവിധാനം കാര്യക്ഷമമാക്കണം. അപകടങ്ങളോ ദൗർഭാഗ്യകരമായ സംഭവങ്ങളോ സ്‌കൂളിൽ നടന്നാൽ അടിയന്തര നടപടി സ്വീകരിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകണം.വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ കുട്ടികൾ ചെരിപ്പിടുവാൻ പാടില്ലെന്ന നിർദേശം നിലവിലുണ്ടെങ്കിൽ പിൻവലിക്കണമെന്നും കമ്മീഷൻ പറഞ്ഞു. ഷഹലയ്ക്കു പാമ്പുകടിയേറ്റ മുറി കമ്മീഷൻ സന്ദർശിച്ചു. സഹപാഠികളിൽനിന്നും രക്ഷിതാക്കളിൽനിന്നും മൊഴിയെടുത്തു. 

 

Latest News