Sorry, you need to enable JavaScript to visit this website.

54ല്‍ 48 എംഎല്‍എമാരും ശരത് പവാറിനൊപ്പം; അജിത് പവാറിന്റെ നീക്കം പാളിയേക്കും

മുംബൈ- എന്‍സിപി നേതാവ് ശരത് പവാര്‍ മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയുടെ എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം പേരും എത്തി. ബിജെപിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമാണ് എത്താതിരുന്നത്. ഇവരും വൈകാതെ തിരിച്ചെത്തുമെന്നും എന്‍സിപി പ്രതീക്ഷ പ്രകടിപ്പിച്ചു. അജിത് പവാറിനൊപ്പം പോയ മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ നാടകീയമായി എന്‍സിപി ആസ്ഥാനമായ വൈ ബി ചവാന്‍ സെന്ററിലെത്തി. 10-11 എംഎല്‍എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളതെന്ന് നേരത്തെ ശരത് പവാര്‍ അറിയിച്ചിരുന്നു. ഇവരില്‍ പകുതിയോളം പേര്‍ തിരിച്ചെത്തി. ഇന്നു രാവിലെ അജിത് പവാറിന്റെ സ്ത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഏഴ് എന്‍സിപി എംഎല്‍എമാരും ശരത് പവാറിനെ പിന്തുണച്ച് രംഗത്തെത്തി.

അഞ്ച് എന്‍സിപി എംഎല്‍എമാരെ ബിജെപി വിമാന മാര്‍ഗം ദല്‍ഹിയിലെത്തിച്ചതായി റിപോര്‍ട്ടുണ്ട്. ഒമ്പതു പേരെ കൊണ്ടു പോയതായും റിപോര്‍ട്ടുണ്ടായിരുന്നു. ദല്‍ഹിയിലേക്കു പോകുകയായിരുന്ന എംഎല്‍എമാരെ തിരികെ കൊണ്ടു വരാന്‍ മറ്റു എംഎല്‍എമാര്‍ മുംബൈ എയര്‍പോര്‍ട്ടിലേക്കു പോയെങ്കിലും അവര്‍ തിരികെ വന്നില്ല.

കൂറുമാറ്റ നിയമം മറികടക്കാന്‍ 38 എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് ലഭിക്കണം. 35 പേര്‍ അജിത് പവാറിനൊപ്പം ഉണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ ഗൂഢ പദ്ധതിയും ഇത്രയും എംഎല്‍എമാരെ കൂടെ കൂട്ടാനായിരുന്നു. എന്നാല്‍ എന്‍സിപി എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടിയോടൊപ്പം നിലയുറപ്പിച്ചതോടെ ബിജെപിയുടെ നീക്കവും പാളും. ബിജെപി മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമം നടക്കുന്നതായും അഭ്യൂഹമുണ്ട്.

സ്ഥിതിഗതികള്‍ അപ്രതീക്ഷിതമായി മാറിമറിഞ്ഞതോടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഭോപാലിലേക്കും ശിവ സേന എംഎല്‍എമാരെ ജയ്പൂരിലേക്കും മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്.
 

Latest News