Sorry, you need to enable JavaScript to visit this website.

വികസന മേലാപ്പിനു കീഴിലെ മാളങ്ങളിൽ വിഷപ്പാമ്പുകൾ

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച ഷഹല ഷെറിൻ ഇപ്പോൾ ഓരോ മലയാളിയുടെയും മനസ്സിന്റെ നോവും നീറ്റലുമാണ്. 'എന്നെ പാമ്പുകടിച്ചിട്ടുണ്ട്, ഉടനെ ആശുപത്രിയിൽ കൊണ്ടുപോകണം' എന്ന് കസേരയിൽ തളർന്നിരുന്ന് പറഞ്ഞുകൊണ്ടിരുന്നു ആ പത്തു വയസ്സുകാരി. അവളെ വാരിയെടുത്ത് തോളിലിട്ട് ക്ലാസ് മുറിയിൽനിന്ന് ഇറങ്ങിയോടി താൻ വന്ന ഓട്ടോറിക്ഷയിൽ കയറ്റി ചികിത്സ തേടിപ്പോകുന്ന ഷഹനയുടെ അച്ഛൻ. നാല് ആശുപത്രികൾ കയറിയിറങ്ങിയിട്ടും, മാരകവിഷം ആ കുരുന്നുജീവൻ വിഴുങ്ങാൻ പോകുകയാണെന്നറിഞ്ഞിട്ടും നിസംഗതയോടെ 89 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ച് സ്വന്തം കടമ തീർത്ത മനുഷ്യത്വം വറ്റിപ്പോയ ഡോക്ടർമാർ. ഒന്നിലേറെ കാറുകൾ ആ ഹയർ സെക്കന്ററി സ്‌കൂളിനകത്തുണ്ടായിട്ടും മരണത്തെ തോൽപിക്കാൻ ഒരു കൈ സഹായിക്കണമെന്ന് സ്വയം തോന്നാതെ ഈ അത്യാഹിതത്തോട് ക്രൂരമായി പ്രതികരിച്ച പ്രധാന അധ്യാപകനടക്കമുള്ള അധ്യാപക പഹയന്മാർ. എന്തെന്തു വിചിത്ര ജീവികൾ?  
സമയത്തിന് ചികിത്സ നൽകിയിരുന്നെങ്കിൽ ഷഹല ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടാകുമായിരുന്നു എന്നുപറഞ്ഞ് രോഷം കൊള്ളുകയും സ്‌കൂളിന്റെ അരക്ഷിതാവസ്ഥ എണ്ണിപ്പറഞ്ഞ് മനസ്സിന്റെ നൊമ്പരവും പ്രതിഷേധവും സഹിക്കാനാവാതെ ചോദ്യ ചിഹ്നങ്ങളായി പൊട്ടിത്തെറിക്കുന്ന വിദ്യാർഥി കുരുന്നുകൾ...  ഇവരുടെയെല്ലാം മുഖങ്ങൾ മാറിമാറി ഓരോ മലയാളിയുടെയും മനസ്സിന്റെ സ്വസ്ഥത കെടുത്തുന്നുണ്ട്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പുതിയൊരു കേരളം പുനഃസൃഷ്ടിക്കാനുള്ള പ്രതിജ്ഞ ഒരു പുകച്ചുരുളായി വരേണ്ട ആകാശത്ത് മാഞ്ഞുതുടങ്ങി എന്നതിന്റെ ശൂന്യതകൂടി ഷഹലയുടെ ദുരന്തം അടയാളപ്പെടുത്തുന്നു.  
കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നുള്ള ഭരണ മേലാളന്മാരുടെ ഉറപ്പും നാല് സസ്‌പെൻഷൻ നടപടിയും ഫെയ്‌സ്ബുക്കിലും മാധ്യമങ്ങളിലുമായി ഭരണ സിരാകേന്ദ്രത്തിൽനിന്ന് വയനാടൻ ചുരം കയറിയിട്ടുണ്ട്. ഒരു അധ്യാപകനേയും താലൂക്കാശുപത്രിയിലെ ഡോക്ടറേയുമാണ് ആദ്യ ദിവസം സസ്‌പെന്റു ചെയ്തത്.  സുരക്ഷ ഉറപ്പാക്കിയില്ല എന്നുകാണിച്ച് ഹൈസ്‌ക്കൂൾ-ഹയർ സെക്കന്ററി സ്‌കൂൾ പ്രധാന അധ്യാപകരെ നഗരസഭ വെള്ളിയാഴ്ചയും സസ്‌പെന്റു ചെയ്തു. അധ്യാപക രക്ഷാകർത്തൃ സമിതിയും പിരിച്ചുവിട്ടു. തെറ്റ് സംഭവിച്ചാൽ കുറ്റവാളികളെ കണ്ടെത്തലും ശിക്ഷ ഉറപ്പാക്കലുമാണല്ലോ ഭരണ സാരഥികൾക്ക് ആകെ ചെയ്യാനുള്ള കടമ. നിറഞ്ഞ പുഞ്ചിരിയുടെ അസാധാരണ പൂക്കതിരായിരുന്ന ഷഹലയുടെ നൊമ്പരമേറ്റുവാങ്ങിയ ഓരോ മലയാളിയും കുറ്റവാളികൾക്കെല്ലാം മാതൃകാപരമായ ശിക്ഷ കിട്ടണമെന്ന് തീർച്ചയായും ആഗ്രഹിക്കും. അതോടെ നമ്മുടെ ഭരണകർത്താക്കളുടെ ചുമതലയും മംഗളംപാടി അവസാനിക്കും. മലയാളിയുടെ മനസ്സിലേക്ക് ഈ സംഭവം തീക്കനലായി ചൊരിഞ്ഞ മാധ്യമങ്ങളും അടുത്ത രാഷ്ട്രീയ ബ്രേക്കിംഗ് ന്യൂസിനെ വരവേൽക്കാൻ വയനാടൻചുരം ഇറങ്ങുന്ന തിരക്കിലുമാകും. 
അങ്ങനെ സുൽത്താൻ ബത്തേരിയിലെ അഭിഭാഷക ദമ്പതികളുടെ ഓമനയായിരുന്ന ഷഹല ചരിത്രത്തിലെ ഓർമകളുടെ ഒരു ബിന്ദുവായി മാറുകയും ചെയ്യാം. അനാസ്ഥ, കൃത്യവിലോപം, നിരുത്തരവാദിത്തം തുടങ്ങിയ വ്യക്തിഗത വീഴ്ചയിൽ ഒതുക്കി അവസാനിപ്പിക്കേണ്ടതാണോ കേരളത്തിന്റെ ഇടനെഞ്ചു പൊട്ടിച്ച ഭരണാധികാരികൾതൊട്ട് അധ്യാപകർ, ഡോക്ടർമാർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങി ഏവരും സ്വയം വിമർശനം നടത്തി പരിശോധിക്കേണ്ട ഈ സംഭവമെന്ന് ഇപ്പോഴെങ്കിലും നാം ചിന്തിക്കേണ്ടതല്ലേ. ആ നിലയ്‌ക്കൊന്ന് മനസ്സ് തുറന്നാൽ ഇതോടുചേർന്ന് നമ്മുടെ മുമ്പിൽ ഉയർന്നുവരേണ്ടതായ പ്രധാന വസ്തുതകൾ വേറെയുമുണ്ട്. 
അതിൽ ആദ്യത്തേത് സമീപ ഓർമയിൽ ഇതുപോലെ സ്‌കൂളിൽവെച്ച് ഒരു കുട്ടിക്ക് പാമ്പുകടിയേറ്റ മറ്റൊരു സംഭവമാണ്. അന്നും ചികിത്സ നൽകാൻ അനാസ്ഥകാട്ടിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റു ചെയ്തു. എന്നിട്ടും പാഠമാകാതെ മറ്റ് അനാസ്ഥകളുടെ ഫണത്തിൽനിന്ന് വിഷമേറ്റ് വീണ്ടും ഒരു കുരുന്നുജീവൻകൂടി മണ്ണിലൊതുങ്ങി. വയനാട്ടിൽ മാത്രമല്ല ഇടുക്കിപോലെ സമാന പരിസ്ഥിതിയുള്ള ജില്ലകളിലും ഇത്തരം പാമ്പുകടി മരണങ്ങൾ രക്തക്കറപോലെ ഓർമകളിൽ ശേഷിക്കുന്നു. പാമ്പുകടിയേറ്റാൽ അടിയന്തര പ്രതിവിഷ ചികിത്സ നൽകി ജീവൻ രക്ഷിക്കാനുള്ള സംവിധാനങ്ങൾ പ്രാപ്യമാകാത്ത ഇടങ്ങളിൽ ഈ ദുരന്തം തുടർക്കഥയാണെന്നർത്ഥം. 
വയനാട്ടിൽ ഈ സർവജന ഹയർ സെക്കന്ററി സ്‌കൂളിന്റെ ഭരണ മേൽനോട്ടം ബത്തേരി നഗരസഭയ്ക്കാണ്. ഒരു കോടി രൂപയുടെ സർക്കാർ വികസന പദ്ധതി കിഫ്ബി വഴി ഇവിടെ അനുവദിച്ചിട്ടുണ്ട്. അങ്ങനെ സ്‌കൂൾ ഹൈടെക്കായി തിളങ്ങിവിളങ്ങുന്നതിനിടയ്ക്കാണ് ഈ സംഭവം. ഈ പഴയ കെട്ടിടത്തിലെ ക്ലാസ് മുറികൾ പാമ്പിൻ മാളങ്ങളാൽ സമൃദ്ധവും ശുചിമുറികൾ മാലിന്യങ്ങൾ നിറഞ്ഞതും അത്യാവശ്യത്തിന് ജല ലഭ്യത ഇല്ലാത്തതുമാണ്. ഈ അവസ്ഥ ചൂണ്ടിക്കാട്ടുന്ന വിദ്യാർഥികളെ ഭയപ്പെടുത്തി ഭരിക്കുകയാണ് അവിടെ എന്നാണ് നിഷ്‌ക്കളങ്കരായ കുട്ടികൾ ക്യാമറയ്ക്കുമുമ്പിൽ വെളിപ്പെടുത്തിയത്.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഭരണം പഞ്ചായത്ത്-നഗരസഭകൾക്ക് ഏൽപിച്ചതിന്റെ ബാക്കിപത്രം ഇത്തരമൊരു ബ്യൂറോക്രസിയും രാഷ്ട്രീയ ദുർഭരണവും ആണെന്നു വരുന്നു. സാധാരണ സ്‌കൂളുകളുടെ കർമചൈതന്യവും ഇടപെടൽ സംവിധാനവുമായി വർത്തിക്കുന്ന രക്ഷാകർത്തൃ സമിതിയുടെ സാന്നിധ്യം  നോക്കുകുത്തിപോലെയെങ്കിലും ഉള്ളതായി കണ്ടില്ല. എങ്കിൽ പാമ്പിൻമാളങ്ങളുള്ള ക്ലാസുകളിൽ തങ്ങളുടെ മക്കൾ ഇരുന്ന് പഠിക്കുന്നത് അവർ അനുവദിക്കുമായിരുന്നില്ല. ഇത് ബത്തേരിയിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസമാകാനിടയില്ല. പ്രാദേശിക ഗവണ്മെന്റുകൾ, അധികാര വികേന്ദ്രീകരണം, അധികാരം ജനങ്ങളിലേക്ക് തുടങ്ങിയ ജനാധിപത്യ വികസന സങ്കൽപങ്ങൾ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ കേരളം പലതവണ പരീക്ഷിച്ചത് നമ്മുടെ മുമ്പിലുണ്ട്. ഇതെല്ലാം ലക്ഷ്യം നേടാതെപോയത് വ്യക്തി കേന്ദ്രീകൃതമായ അധികാര മോഹത്തിന്റെ രാഷ്ട്രീയം ഈ ആശയങ്ങൾക്കും ആദർശങ്ങൾക്കും പദ്ധതികൾക്കും മീതെ സർവാധിപത്യം നേടിയതുകൊണ്ടാണ്. വികസനത്തിന്റെ പേരിൽ നടന്ന എല്ലാ പദ്ധതികളും തകർത്തത് വൻ വിഷമുള്ള രാഷ്ട്രീയ പാമ്പുകൾ മാളം പണിത് പാർത്തതുകൊണ്ടാണ്. അതിന് അറുതിവരുത്താനായാലേ കേരളത്തിന്റെ ശരിയായ വികസന പുനഃസൃഷ്ടി യാഥാർത്ഥ്യമാക്കാനാകൂ. 
സുതാര്യതയും ജനാധിപത്യവും ഉറപ്പുവരുത്താൻ ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും പ്രശ്‌നങ്ങളുടെ കാര്യത്തിലെങ്കിലും അടിയന്തര നീക്കമുണ്ടാകാൻ ബത്തേരി സംഭവം നിമിത്തമാകുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സർക്കാരിന്റെ ആസൂത്രണ വിഭാഗവും ചേർന്ന് അത് ഉറപ്പുവരുത്തണം.  
യു.എൻ മുതൽ അന്തർദേശീയവും ദേശീയവുമായ പല ആരോഗ്യ സൂചികകളിലും ഉയർന്ന ഇടം നേടിയിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ അടിയന്തര ചികിത്സാ സഹായങ്ങളുടെയും ആവശ്യമായ ചികിത്സാ സംവിധാനങ്ങളുടെയും പരിമിതി ഏറ്റവുമധികം നേരിടുന്ന സംസ്ഥാനംകൂടിയാണ് നമ്മുടേത്. പ്രത്യേകിച്ചും വയനാട്, ഇടുക്കി, പാലക്കാട് പോലുള്ള മലയോര ജില്ലകളിൽ അടിയന്തര ചികിത്സാ സഹായത്തിന് കിലോമീറ്ററുകൾ യാത്ര ചെയ്യണം. ഇത്തരം ജില്ലകളിലും ചികിത്സാ സംവിധാനങ്ങൾ പൊതുവെയും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ വിശേഷിച്ചും ഉറപ്പുവരുത്തുന്നതിൽ നാം പരാജയപ്പെട്ടിരിക്കുന്നു. 
ഇത് ആരോഗ്യ വകുപ്പിന്റെയും പൊതുവികസന നയത്തിന്റെയും ധനവിനിയോഗത്തിന്റെയും വികലവും രാഷ്ട്രീയ അതിപ്രസരത്തിന്റെ ആധിക്യവുംമൂലം   സംഭവിക്കുന്നതാണ്. പുതിയ വരദാനമായ കിഫ്ബി അനുഗ്രഹിച്ചിട്ടും സർവജന ഹയർ സെക്കന്ററി സ്‌കൂളിൽ ഈ ദുരന്തം നടന്നത് അതിന്റെ തെളിവാണ്.
ഓരോ വിദ്യാലയത്തിനു മുമ്പിലും ഒരു മെഡിക്കൽ കോളേജ് പണിതുയർത്തുകയല്ല പരിഹാരം. ആ നിലയ്ക്കല്ല വികസനം ആസൂത്രണം ചെയ്യേണ്ടത്. വിദ്യാലയമായാലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായാലും താലൂക്ക് ആശുപത്രികളായാലും പാമ്പു വിഷബാധ, അപകടങ്ങൾ, പ്രസവം, ഗുരുതര രോഗാവസ്ഥ തുടങ്ങിയ അടിയന്തര സ്ഥിതിഗതികളെ നേരിടാനുള്ള സംവിധാനങ്ങൾ എവിടെയും ഉറപ്പുവരുത്താനുള്ള ആസൂത്രണവും നടപടികളുമാണ് സർക്കാറിൽനിന്ന് ഉണ്ടാകേണ്ടത്. അതിവേഗ ചികിത്സയും പരിചരണവും ആവശ്യമുള്ള രോഗികളെ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സുസജ്ജമായ ആംബുലൻസുകളും സംവിധാനങ്ങളും വിളിപ്പാടകലത്തിൽ ലഭ്യമാക്കണം. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കാസർകോട് തുടങ്ങിയ പിന്നോക്ക ദുർഘട ജില്ലകളിൽ ഇത്തരം അടിയന്തര ദൗത്യങ്ങൾ നിർവഹിക്കാൻ ഫയർഫോഴ്‌സ് പോലുള്ള സംവിധാനങ്ങളെ വൈദ്യസഹായവുമായി ബന്ധിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണം. 
പ്രഥമ ചികിത്സ ഉറപ്പുവരുത്താനുള്ള ഡോക്ടറുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഗ്രൂപ്പുകളെ പ്രത്യേക സംവിധാനമുള്ള വാഹനങ്ങളിൽ നിയോഗിക്കാൻ കഴിയണം. 'ഒരു ജീവൻപോലും നഷ്ടപ്പെട്ടുകൂടാ' എന്ന മുദ്രാവാക്യമായിരിക്കണം ആരോഗ്യ വകുപ്പിന്റെ ആസൂത്രണത്തെയും വികസനത്തെയും നയിക്കേണ്ടത്. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ പ്രവർത്തകർ തുടങ്ങി നിരവധിപേർ തൊഴിൽ രഹിതരായി നിൽക്കുന്ന സംസ്ഥാനത്ത് പ്രത്യേക റിക്രൂട്ടിംഗും പരിശീലനും നൽകി ഇതിന് മനുഷ്യ വിഭവശേഷി കണ്ടെത്താൻ പ്രയാസമില്ല. 
കേരളത്തിന്റെ പുനർനിർമിതിക്ക് വിദേശത്തുനിന്ന് സാമ്പത്തിക സഹായം നേടുന്നതിന് കേന്ദ്ര സർക്കാർ തടസ്സം നിന്നെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. കേരളത്തെ സഹായിക്കാൻ സന്മനസുള്ള രാജ്യങ്ങളിൽനിന്നും പ്രവാസികളിൽനിന്നും ചികിത്സാ 
ഉപകരണങ്ങളും മരുന്നും മറ്റും സംഭാവനയായി ലഭ്യമാക്കുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്യേണ്ടതാണ്. പ്രവാസി ദേശങ്ങളിൽ കേരള സഭയും മറ്റും രൂപീകരിച്ചിട്ടുള്ള കേരളത്തിന് ഇത് നിർവഹിക്കാൻ ഭാവനാപൂർണമായ മുൻകൈയും ഇച്ഛാശക്തിയും ഉണ്ടാവണമെന്നുമാത്രം.  
ഷഹലയെ അടയാളമാക്കി ഫലപ്രദമായ ഒരു നവീന പദ്ധതി ആരോഗ്യ മേഖലയിൽ ആവിഷ്‌ക്കരിക്കാൻ കേരളത്തിനു കഴിയണം. സർക്കാർ അതുമായി മുന്നോട്ടുവന്നാൽ പ്രവാസികളായ എല്ലാ തരത്തിലുമുള്ള മലയാളികളിൽനിന്ന് വ്യാപകമായ പ്രതികരണവും പിന്തുണയും അതിനു ലഭിക്കും. ഈ പദ്ധതി കൂടുതൽ ഫലപ്രദവും വ്യാപകവുമാക്കാനുള്ള നിർദേശങ്ങൾ പ്രവാസികളായ വായനക്കാരിൽനിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രിയെയും സർക്കാറിനെയും ഈ വഴിക്ക് ചിന്തിക്കാനും നയിക്കാനും ആ പ്രതികരണങ്ങൾക്ക് കഴിയട്ടെയെന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ ഷഹലയുടെ മരണം എല്ലാവരിലും സൃഷ്ടിക്കുന്ന പ്രതികരണം ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാനുള്ള ഒരുക്കങ്ങൾക്കും പദ്ധതിക്കും രൂപംനൽകുന്നതായി മാറട്ടെ.       
 

Latest News