മേല്‍പാലത്തില്‍നിന്ന് കാര്‍ വീണ് സ്ത്രീ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

ഹൈദരാബാദ്- മേല്‍പാലത്തില്‍നിന്ന് കാര്‍ താഴേക്ക് പതിച്ച് ഒരു സ്ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹൈദരബാദിലെ ഐ.ടി ഇടനാഴിയായ ഗാച്ചിബൗളിയിലാണ് അപകടം. ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക് ഇന്റര്‍സെക്ഷനിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഈയിടെ ഉദ്ഘാടനം ചെയ്ത മേല്‍പാലത്തില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഫുട്പാത്തില്‍ ഓട്ടോറിക്ഷ കാത്തുനിന്നിരുന്ന സ്ത്രീയാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും ഡ്രൈവര്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു. താഴെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ക്കും കേടുപാട് പറ്റി. മരത്തിലിടിച്ചിട്ടും നില്‍ക്കാതെ മുന്നോട്ടു പോയ കാറില്‍നിന്ന് പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. പരിക്കേറ്റവരില്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മണികൊണ്ട സ്വദേശിനി സത്യമ്മയാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് ഗ്രേറ്റര്‍ ഹൈദരാബാദ് മേയര്‍ ബൊന്തു രാംമോഹന്‍ അഞ് ലക്ഷം രൂപ സഹായധനം അനുവദിച്ചു.

 

Latest News