Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് അധോലോക സഹായം, തെരഞ്ഞെടുപ്പ് ബോണ്ട് വിവാദത്തിൽ

ന്യൂദൽഹി- തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ബി.ജെ.പിക്ക് സഹായം നൽകിയതിൽ ഭീകരവാദികളെ സഹായിച്ച കമ്പനിയും. തെരഞ്ഞെടുപ്പു ബോണ്ടുകൾക്കെതിരെ ആരോപണം ഉയരുന്നതിനിടെയാണ് ബി.ജെ.പിയെ വെട്ടിലാക്കി ആക്ഷേപം ഉയർന്നിരിക്കുന്നത്.  ഭീകര ബന്ധമുള്ളവരുമായി സാമ്പത്തിക ഇടപാട് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന കമ്പനിയിൽനിന്നും ബി.ജെ.പി കൈപ്പറ്റിയത് കോടികളാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്ന ആർ.കെ.ഡബ്ല്യൂ ഡെവലപ്പേഴ്‌സ് ലിമിറ്റഡിൽനിന്നാണ് ബി.ജെ.പി പത്തു കോടി രൂപ വാങ്ങിയത്. ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു രണ്ടു റിയൽ എസ്റ്റേറ്റ് കമ്പനികളിൽനിന്ന് 9.5 കോടി രൂപയും ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചു.
1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി ഇഖ്ബാൽ മേമൻ എന്ന ഇഖ്ബാൽ മിർച്ചിയുമായി ഭൂമി ഇടപാട് ഉൾപ്പെടെ സാമ്പത്തിക കൈമാറ്റം നടത്തിയെന്ന കേസിൽ പ്രതിസ്ഥാനത്ത് അന്വേഷണം നേരിടുന്ന കമ്പനിയാണ് ആർ.കെ.ഡബ്ല്യൂ ലിമിറ്റഡ്. പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിന്റെ വലംകൈ ആണ് ഇഖ്ബാൽ മിർച്ചി. പാർട്ടിക്ക് ലഭിച്ച സംഭാവന വിവരങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച രേഖകളിൽ തന്നെയാണ് ആർ.കെ.ഡബ്ല്യൂ ഡെവലപ്പേഴ്‌സിൽനിന്നു കോടികൾ കൈപ്പറ്റിയതായി വ്യക്തമാകുന്നത്. എന്നാൽ, ആർ.കെ.ഡബ്ല്യൂ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ രാജ്യദ്രോഹപരമായി ഒന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും ഈ പ്രസ്താവന പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ഓൺലൈനുകളിൽനിന്ന് അവ പിന്നീട് പിൻവലിച്ചു. സംശയ മുനയിലായ കക്ഷികളിൽനിന്നു ബി.ജെ.പി സംഭാവന വാങ്ങിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. ഭീകര ബന്ധമുള്ള കോർപറേറ്റുകളിൽനിന്നു സംഭാവന സ്വീകരിക്കുന്നത് രാജ്യദ്രോഹമല്ലേ എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആഭ്യന്തര മന്ത്രി അമിത് ഷായോടു ചോദിച്ചു.
2014-2015 ൽ ആർ.കെ.ഡബ്ല്യൂ ലിമിറ്റഡും ദെവാൻ ഹൗസിംഗ് ഫിനാൻസും ബി.ജെ.പിക്ക് നൽകിയത് പത്തു കോടി രൂപയാണ്. ഇക്കാലത്ത് ബി.ജെ.പിക്ക് ഇത്രയധികം സംഭാവന നൽകിയവർ മറ്റാരുമില്ലെന്നാണ് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയാണ് ബി.ജെ.പിക്ക് പേര് വെളിപ്പെടുത്തേണ്ടതില്ലാത്ത വൻകിട കോർപറേറ്റുകളിൽനിന്നു കോടികൾ സംഭാവന ലഭിച്ചത്. ബോണ്ടുകൾ വഴി ഏറ്റവുമധികം സംഭാവന ലഭിച്ചതും ബി.ജെ.പിക്കാണ്. 2018 മാർച്ച് മുതൽ ഇതുവരെ 6128 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് പുറപ്പെടുവിച്ചത്. ഇതിൽ 95 ശതമാനത്തിലേറെയും ബി.ജെ.പിക്കാണ് ലഭിച്ചത്. ബോണ്ടിലൂടെ പാർട്ടികൾക്ക് സംഭാവന ചെയ്യുന്നത് ആരാണെന്ന കാര്യം അജ്ഞാതമായിരിക്കും. മാത്രമല്ല, എത്ര തുക വേണമെങ്കിലും ബോണ്ട് രൂപത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറാം. കള്ളപ്പണം വെളുപ്പിക്കൽ, സംഭാവനകളുടെ സുതാര്യതയില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മീഷനും തെരഞ്ഞെടുപ്പ് ബോണ്ടിനെ എതിർത്തിരുന്നു. 
അധോലോക പ്രവർത്തകരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് ആർ.കെ.ഡബ്ല്യൂ ലിമിറ്റഡിന്റെ മുൻ ഡയറക്ടർ രാജ്‌നീത് ബിന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതാണ്. ഇഖ്ബാൽ മിർച്ചിയുടെ ഇടനിലക്കാരാനായി പ്രവർത്തിച്ചിരുന്നതും ബിന്ദ്ര തന്നെയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട സബ് ലിങ്ക് റിയൽ എസ്റ്റേറ്റും ഇക്കാലയളവിൽ ബി.ജെ.പിക്ക് രണ്ടു കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. സബ് ലിങ്ക് റിയൽ എസ്റ്റേറ്റിന്റെ ഡയറക്ടർ മെഹുൽ അനിൽ ബാവിഷി ഡയറക്ടറായ മറ്റൊരു കമ്പനിയായ സ്‌കിൽ റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് രണ്ടു കോടി രൂപ നൽകിയത്. ആർ.കെ.ഡബ്ല്യൂ ലിമിറ്റഡിന്റെ ഒരു ഡയറക്ടറായ പ്ലാസിഡ് ജേക്കബ് നൊറോന ഡയറക്ടറായ മറ്റൊരു കമ്പനിയായ ദർശൻ ഡെവലപ്പേഴ്‌സ് 2016-2017 കാലത്ത് ബി.ജെ.പിക്ക് സംഭാവനയായി നൽകിയത് 7.5 കോടി രൂപയാണ്. ഭീകര ബന്ധമുള്ളവരുമായി സാമ്പത്തിക ഇടപാട് നടത്തിയ കേസിൽ നൊറോനയുടെ പങ്കും എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. 
മുംബൈ സ്‌ഫോടനക്കേസിൽ പ്രതിയായ ഇഖ്ബാൽ മിർച്ചിയുടെ വസ്തുവകകൾ വിൽക്കാൻ സഹായം നൽകിയത് ആർ.കെ.ഡബ്ല്യൂ ഡെവലപ്പേഴ്‌സാണ്. ഇതിന് ഇടനില നിന്നതിന് രജനീത് ബിന്ദ്ര കമ്മീഷനായി കൈപ്പറ്റിയത് 30 കോടി രൂപയായിരുന്നു. ആർ.കെ.ഡബ്ല്യൂ ലിമിറ്റഡുമായി ഇടപാടുകൾ നടത്തിയതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്‌രയേയും ചോദ്യം ചെയ്തിരുന്നു. 
മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായ ഇഖ്ബാൽ മിർച്ചിയെച്ചൊല്ലി കഴിഞ്ഞ മാസവും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പു സമയത്ത് ആരോപണങ്ങൾ ഉയർന്നിരുന്നു. എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മിലെനിയം ഡെവലപ്പേഴ്‌സും മിർച്ചിയുമായി ഇടപാടുകൾ നടത്തിയതും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. കേസിൽ പട്ടേലിനെ ചോദ്യം ചെയ്ത എൻഫോഴ്‌സ്‌മെന്റ് മറ്റു രണ്ടു പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മിർച്ചിയുമായി നിയമ വിരുദ്ധമായ ഒരിടപാടും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പ്രഫുൽ പട്ടേൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു. മിർച്ചിയുടെ കേസിൽ ബന്ധു മുക്താർ മേമനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. അങ്ങനെയാണ് ഇഖ്ബാൽ മിർച്ചിയുടെ വസ്തുവകകൾ സബ് ലിങ്ക് റിയൽ എസ്‌റ്റേറ്റിനും മിലെനിയം ഡെവലപ്പേഴ്‌സിനും വിറ്റു എന്ന വിവരം തെളിയുന്നത്. ആർ.കെ.ഡബ്ല്യൂ ഡയറക്ടറായിരുന്ന രജനീത് ബിന്ദ്രയും ഈ വസ്തു ഇടപാടുകൾ നടന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കേസിൽ ബിന്ദ്രക്ക് പുറമെ ബ്രിട്ടീഷ് പൗരനായ ഹാറൂൺ യൂസഫ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്.
 

Latest News