Sorry, you need to enable JavaScript to visit this website.

അയോധ്യയില്‍ ഗ്രാന്‍ഡ് ക്ഷേത്രം നിര്‍മിക്കപ്പെടണം; കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ച് സച്ചിന്‍ പൈലറ്റ്

ദൗസ- അയോധ്യയില്‍ ഗ്രാന്‍ഡ് ക്ഷേത്രം നിര്‍മിച്ചു കാണാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സുപ്രീം കോടതി വിധി എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും പ്രശ്‌നത്തില്‍ രാഷ്ട്രീയം കളിക്കുന്നത് ആളുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൗസയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാണെന്ന് ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി പറഞ്ഞതിനു പിന്നാലെ പാര്‍ട്ടി ദേശീയവക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. ആ തീരുമാനം സന്തോഷത്തോടെ നാം ബഹുമാനിക്കണം. ആ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ലോകം മുന്നോട്ട് പോവുകയാണ്-  പൈലറ്റ് പറഞ്ഞു.

മുപ്പത് വര്‍ഷമായി അയോധ്യയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നവര്‍ അത് ആര്‍ക്കും ഗുണംചെയ്യില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ മാറുന്ന അന്തരീക്ഷത്തിന് തെളിവാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

 

Latest News