ഓരോ മാസവും അക്കൗണ്ടില്‍ പണമെത്തി; മോഡി വാക്കുപാലിച്ചതാണെന്ന് വിശ്വസിച്ചു

ഭോപ്പാല്‍- ബാങ്ക് അക്കൗണ്ടിലെത്തിയ പണം പ്രധാനമന്ത്രി മോഡിയുടെ വകയാണെന്ന് കരുതി ഉപയോഗിച്ചയാള്‍ കുടുങ്ങി. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലെ ഹുക്കും സിംഗിന്റെ എസ.്ബി.ഐ അക്കൗണ്ടിലാണ്  മാസംതോറും പണമെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളപ്പണം വീണ്ടെടുത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണെന്നാണ് താന്‍ കരുതിയതെന്ന് ഹുക്കും സിംഗ് പറഞ്ഞു. പണം പിന്‍വലിച്ച് ഉപയോഗിക്കുകയും ചെയ്തു.

ആലമ്പൂരിലെ എസ്.ബി.ഐ മാനേജര്‍ രാജേഷ് സോങ്കര്‍ രണ്ട് ഉപഭോക്താക്കള്‍ക്ക് ഒരേ അക്കൗണ്ട് നമ്പര്‍ നല്‍കിയതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. റോറായ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിംഗിനും റോണി ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിംഗിനുമാണ് ഒരേ അക്കൗണ്ട് നമ്പറുകള്‍ നല്‍കിയത്.

ആലമ്പൂരിലെ ബ്രാഞ്ചില്‍ അക്കൗണ്ട് എടുത്തശേഷം ഹരിയാനയിലേക്ക് തൊഴില്‍ ആവശ്യത്തിനു പോയ റോറായ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിംഗിനാണ് പണം നഷ്ടപ്പെട്ടത്.

ആറുമാസംകൊണ്ട് 89,000 രൂപയാണ് ഹുക്കും സിംഗിന് ലഭിച്ചത്.  ഹരിയാനയില്‍ ജോലിക്ക്  പോയ ഹുക്കും സിംഗ് 1,40000 രൂപയാണ്  അക്കൗണ്ടില്‍ നിക്ഷേപിച്ചത്. പിന്‍വലിക്കാനായി നോക്കുമ്പോള്‍ 35,400 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.  പണം യഥാര്‍ഥ ഉടമക്ക് ഈടാക്കി നല്‍കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍.

 

Latest News