കളിയാട്ടത്തിനിടെ തെയ്യം ആളുകളെ മര്‍ദിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി-ക്ഷേത്രത്തില്‍ നടന്ന കളിയാട്ടത്തിനിടെ തെയ്യത്തിന്റെ അടിയേറ്റ്  പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാസര്‍കോട് ആലാമിപ്പള്ളി തെരുവത്ത് ലക്ഷ്മി നഗര്‍ അറയില്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കളിയാട്ടത്തില്‍ കെട്ടിയാടിയ തെയ്യക്കോലത്തിന്റെ അടിയേറ്റ് നിരവധി ആളുകള്‍ക്ക് പരിക്കേറ്റ സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് ആവശ്യപ്പെട്ടു.

അടുത്ത മാസം കാസര്‍കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നവംബര്‍ രണ്ടിന് രാത്രിയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡി ആണ് ഭക്തരെ ഓടിച്ചിട്ട് തല്ലിയത്. കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ചായിരുന്നു മര്‍ദനം. നിരവധി ചെറുപ്പക്കാര്‍ക്ക് മര്‍ദനമേറ്റ  വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

Latest News