റിയാദ്- റിയാദ് സീസൺ പരിപാടികളുടെ ഭാഗമായി ഇന്നലെ ആരംഭിച്ച റിയാദ് കാർ ഷോക്കിടെ ആദ്യ കാർ വാങ്ങിയത് മുൻ ബ്രസീൽ ഫുട്‌ബോൾ താരം റൊണാൾഡീഞ്ഞോ. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയരക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖിന്റെ സാന്നിധ്യത്തിലാണ് റൊണാൾഡീഞ്ഞോ കാർ സ്വന്തമാക്കിയത്. ആസ്റ്റൻ മാർട്ടിൻ റാപിഡ് എ.എം.ആർ ഇനത്തിൽ പെട്ട കാറാണ് മുൻ ബാഴ്‌സലോണ താരം കൂടിയായ റൊണാൾഡീഞ്ഞോയുടെ ഹൃദയം കവർന്നത്. ഈ ഇനത്തിൽ പെട്ട 200 കാറുകൾ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അപൂർവമായ 1,200 ലേറെ ക്ലാസിക്കൽ കാറുകളാണ് റിയാദ് കാർ ഷോയിലുള്ളത്.
റിയാദ് കാർ ഷോയോടനുബന്ധിച്ച പത്രസമ്മേളനത്തിൽ 'ഫ്യൂച്ചർ കാർ 2030' ഉം അനാവരണം ചെയ്തു. ലോകത്ത് ഈയിനത്തിൽ പെട്ട ഏക കാറാണിത്. പൂർണാർഥത്തിലുള്ള വൈദ്യുതി കാറായ 'ഫ്യൂച്ചർ കാർ 2030' ആറു മാസമെടുത്താണ് നിർമിച്ചത്. റിയാദ് സീസണിന്റെ ഭാഗമായ റിയാദ് കാർ ഷോക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത് നിർമിച്ചതാണിത്. കാർ ഷോയുടെ ഭാഗമായി കാർ ലേലത്തിൽ ഇത് വിൽപനക്ക് വെക്കും.

റിയാദ് കാർ ഷോ ലേലം, ഫെറാരി ഷോ, ആർ.സി ആന്റ് ഡ്രിഫ്റ്റിംഗ്, മോൺസ്റ്റർ ജാം, പോലീസ് അക്കാഡമി, ഹോട്ട് വീൽസ്, സിമുലേഷൻ റേസ്, മനുഷ്യ പീരങ്കി, സംഗീത പരിപാടികൾ എന്നിവ അടക്കം വാഹന പ്രേമികളെ ആവേശഭരിതരാക്കുന്ന നിരവധി പരിപാടികൾ റിയാദ് കാർ ഷോക്കിടെ അരങ്ങേറും. മുന്നൂറിലേറെ ക്ലാസിക്കൽ കാറുകളും ഭേദഗതികൾ വരുത്തിയവ അടക്കം 1,200 കാറുകളും റിയാദ് കാർ ഷോയിലുണ്ട്. ഇരുനൂറു കോടിയിലേറെ റിയാൽ വില വരുന്ന കാറുകൾ ഷോയിലുണ്ട്. നവംബർ 26 വരെ റിയാദ് കാർ ഷോ തുടരും.






