Sorry, you need to enable JavaScript to visit this website.

ഇടതു സർക്കാർ പൊതുപ്രവർത്തകരെ വേട്ടയാടുന്നു -സോളിഡാരിറ്റി 

പാലക്കാട്  - പൊതുപ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കുമെതിരായ യു.എ.പി.എ, പോക്‌സോ  കേസുകൾ പിൻവലിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. 
പ്രതികരിക്കുന്നവരെ വേട്ടയാടി ഇല്ലാതാക്കുക എന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തന ശൈലിയാണ്. സംഘപരിവാർ ഭരണകൂടം വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും കൊന്നുതള്ളിയും, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 
സംഘപരിവറിന്റെ  പൗരാവകാശ  മനുഷ്യാവകാശ വേട്ടക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിക്കാറുള്ള സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാറിന്റെ അനീതികൾക്കെതിരെ  സംസാരിക്കുകയും വിമർശനം ഉന്നയിക്കുകയും ചെയ്യുന്നവരെ പോലീസ് വേട്ടയാടുകയാണ്.  മാവോയിസ്റ്റുകളെന്നാരോപിച്ച് പോലീസ് വെടിവെച്ചു കൊന്ന സംഭവം അന്വേഷിക്കാൻ  അട്ടപ്പാടിയിൽ പോയ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ.പൗരൻ അടക്കമുള്ള വ്യക്തികൾക്ക് നേരെ യു.എ.പി.എ 43 എഫ് വകുപ്പ് പ്രകാരം കേരള പോലീസ് നോട്ടീസ് നൽകിയിരിക്കുന്നു. 
അഡ്വ. പി.എ. പൗരൻ അടക്കമുള്ള മനുഷ്യവകാശ പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നടപടി എത്രയും പെട്ടെന്ന് പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 
വാളയാറിൽ സഹോദരിമാർ അതിക്രൂരമായി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെ തുറന്ന് കാണിക്കുകയും സി.ഡബ്ല്യൂ.സി ചെയർമാൻ പ്രതികളെ രക്ഷിക്കാൻ വേണ്ടി നടത്തിയ ഇടപ്പെടലുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത പൊതുപ്രവർത്തകർക്കും, മാധ്യമപ്രവർത്തകർക്കും നേരെ പോക്‌സോ കേസ് ചുമത്തിയ കേരള പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വാളയാർ സഹോദരിമാരെ പിച്ചിച്ചീന്തിയ കുറ്റവാളികളെ 
പിടികൂടാൻ ഇതുവരെ  പോലീസിന് സാധിച്ചിട്ടില്ല. ആ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ സി.ഡബ്ല്യൂ.സി ചെയർമാനെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ കേരള പോലീസ് തയാറായിട്ടില്ല. അനീതികൾക്കെതിരെ വിരൽ ചൂണ്ടുന്ന പൊതുപ്രവർത്തകരേയും സത്യസന്ധമായി വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും വേട്ടയാടാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പു നൽകി.
ജില്ലാ പ്രസിഡന്റ് ലുക്മാൻ ആലത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി, ജില്ലാ സെക്രട്ടറിമാരായ നജീബ് ആലത്തൂർ, ഷാക്കിർ അഹ്മദ്, നൗഷാദ് ഇബ്രാഹിം, സക്കീർ പുതുപ്പള്ളി തെരുവ്, ഹസന്നൽബന്ന, ഫിറോസ് പുതുക്കോട്, സുഹൈറലി അലി എന്നിവർ സംസാരിച്ചു.

 

Latest News