Sorry, you need to enable JavaScript to visit this website.
Tuesday , July   14, 2020
Tuesday , July   14, 2020

രജനിയും കമലും കൈകോർക്കുമ്പോൾ

കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. ജയലളിതയുടെ പാർട്ടിയിലെ പിളർപ്പും ഡിഎംകെയിലെ സ്റ്റാലിനിസവും പരിഗണിച്ചു തമിഴകം പിടിക്കാൻ ഒരുമിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധതക്ക് സൂചനകൾ നൽകിയിരിക്കുകയാണ്  സൂപ്പർ താരങ്ങളായ രജനീകാന്തും കമൽ ഹാസനും. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും സഖ്യം രൂപീകരിക്കും എന്ന അഭ്യൂഹങ്ങൾക്കാണ് ഇരുവരുടെയും പ്രസ്താവനകൾ വഴിയൊരുക്കിയിരിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ കമൽ ഹാസന്റെയും രജനീകാന്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനം കാണാൻ കഴിയുമോയെന്ന ചോദ്യത്തിന്, 'തമിഴ്‌നാടിന്റെ വികസനത്തിന് 
ആവശ്യമുണ്ടെങ്കിൽ ഞാനും രജനിയും ഒരുമിച്ചു പ്രവർത്തിക്കും. ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ പറയും. ഇപ്പോൾ, ജോലിയാണ് പ്രധാനം. ഞങ്ങളുടെ നയങ്ങളെ കുറിച്ച് പിന്നീട് സംസാരിക്കാം. ഞങ്ങൾ 43 വർഷമായി ഒരുമിച്ചാണ്, ഞങ്ങൾ ഒരുമിച്ചു ചേരുന്നത് അത്ഭുതമല്ല' -ഒഡീഷയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടി തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കിടെ കമൽ ഹാസൻ ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മണിക്കൂറിന് ശേഷം അതേ വിമാനത്താവളത്തിൽ വെച്ച് ഗോവയിലേക്കുള്ള യാത്രാമധ്യേ രജനീകാന്ത് കമൽഹാസന്റെ അഭിപ്രായത്തിന്  പ്രതികരണം നൽകി: 'തമിഴ് ജനതയുടെ വികസനത്തിന് ആവശ്യമായ ഒരു സാഹചര്യമുണ്ടെങ്കിൽ ഞാൻ കമൽ ഹാസനുമായി കൈകോർക്കും'
കമൽ ഹാസന്റെ സിനിമയിലെ 60 വർഷങ്ങൾ ആഘോഷിക്കുന്ന ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന സൂചന രജനീകാന്ത് നൽകിയിരുന്നു.
'തിരുവള്ളുവറിനെ കാവിവൽക്കരിച്ചതു പോലെ എന്നെയും ബിജെപിയുടെ ആളാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഞാനോ തിരുവള്ളുവരോ അതിൽ കുടുങ്ങില്ല' -തനിക്കു ബിജെപിയോട് ചായ്‌വുണ്ടെന്ന രീതിയിലുള്ള പ്രചാരണങ്ങളെ നിരസിച്ച്  രജനീകാന്ത് പറഞ്ഞതിങ്ങനെയാണ്. 
കമൽ ഹാസൻ തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം 2018 ൽ ആരംഭിച്ചു. ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച പാർട്ടി രണ്ട് ശതമാനം വോട്ടുകൾ നേടിയെങ്കിലും സീറ്റുകൾ ഒന്നും വിജയിച്ചില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പാർട്ടി. 2017 ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച രജനീകാന്ത് ഇതുവരെ പാർട്ടി ആരംഭിച്ചിട്ടില്ല.
കരുണാനിധിയും ജയലളിതയുമില്ലാതെ തമിഴ്‌നാട് രാഷ്ട്രീയം നേതൃശൂന്യത നേരിട്ടു വരികയാണ് കുറച്ചു കാലമായി. ഇവരെ രണ്ടു പേരെയും പോലെയോ അതിൽ കൂടുതലോ ജനസ്വാധീനമുള്ള താരങ്ങളാണ് കമൽ ഹാസനും രജനീകാന്തും. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള താരങ്ങൾ. കലാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾ. നാടിന് വേണ്ടി ഒരുമിക്കുകയാണ്  രജനീകാന്തും കമൽ ഹാസനും. സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാടിന് പുത്തരിയല്ല. ജയലളിതയും എംജിആറുമെല്ലാം സിനിമയും നാടും ഭരിച്ചവരാണ്. ആ നിരയിലേക്ക് സൂപ്പർ താരങ്ങളായ രജനീകാന്തും കമൽ ഹാസനും വരുമോ എന്ന ചൂടുപിടിച്ച ചർച്ചയിലാണ് തമിഴകം. 
അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് തമിഴ്‌നാട്ടിലെ പ്രധാന കക്ഷികൾ. രണ്ട് കൂട്ടരെയും വെല്ലുവിളിച്ച് രജനീകാന്തും കമൽ  ഹാസനും ഒരുമിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയാലെന്താവും? 
രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഇതുവരെ രജനി തയാറായിട്ടില്ല. പകരം മക്കൾ മൻട്രം എന്ന പേരിൽ ആരാധകരുടെ ഒരു കൂട്ടായ്മയുണ്ടാക്കി. ഈ കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയായി രജനീകാന്ത് പ്രഖ്യാപിക്കാൻ സാധ്യതയേറി. 
കമൽ ഹാസനാകട്ടെ മക്കൾ നീതി മയ്യം എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി 2018 മുതൽ പ്രവർത്തന രംഗത്തുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 ലോക്‌സഭാ മണ്ഡലങ്ങളിൽ കമൽ ഹാസന്റെ പാർട്ടി മൂന്നാമത് എത്തി. ഒരു സീറ്റിൽ പോലും ജയിക്കാൻ സാധിച്ചിലെങ്കിലും പത്ത് ശതമാനം വോട്ട് നേടി. 
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമലും രജനീകാന്തും ഒരുമിക്കുകയാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. അത്ഭുതങ്ങൾ പലതും സംഭവിക്കാം എന്നാണ് ഇരു താരങ്ങളും നൽകുന്ന സൂചന. 
ഭരണ കക്ഷിയായ അണ്ണാ ഡിഎംകെയോടോ ഡിഎംകെയോടൊ കമൽ ഹാസനും രജനീകാന്തിനും താൽപര്യമില്ല. ചെന്നൈയിൽ നടന്ന കമൽ ഹാസന്റെ സിനിമയിലെ 60 വർഷം പൂർത്തിയായതിന്റെ ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കുറിച്ച് നടത്തിയ പരാമർശവും വിവാദമായിരുന്നു. 'തമിഴ്‌നാട് രാഷ്ട്രീയത്തിൽ പല അത്ഭുതങ്ങളും നടക്കുകയാണ്. മുഖ്യമന്ത്രിയാകുമെന്ന് രണ്ട് വർഷം മുൻപ് എടപ്പാടി പളനിസ്വാമി സ്വപ്‌നം കണ്ടു പോലും കാണില്ല. സർക്കാർ രണ്ട് ദിവസം തികക്കില്ലെന്ന് പലരും പറഞ്ഞെങ്കിലും രണ്ട് വർഷം പൂർത്തിയാക്കിയിരിക്കുന്നു. അതൊരു അത്ഭുതമാണ്' എന്നാണ് രജനി പറഞ്ഞത്. അണ്ണാ ഡിഎംകെ മറുപടിയുമായെത്തി. താരങ്ങളെ ഭയപ്പെടുന്നില്ല 'നിങ്ങൾ ബസ് കണ്ടക്ടർ ആയിരുന്നില്ലേ, സൂപ്പർ സ്റ്റാർ ആകുമെന്ന് കരുതിയിരുന്നോ 'എന്നാണ് മുഖപത്രമായ നമദു അമ്മയിലൂടെ എഐഎഡിഎംകെ നൽകിയ മറുപടി. കമലും രജനിയും ഒരുമിച്ച് വരുന്നതിനെ അണ്ണാ ഡിഎംകെ ഭയപ്പെടുന്നില്ല എന്നാണ് മന്ത്രി ഡി ജയകുമാർ പ്രതികരിച്ചത്. 
തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ രജനീകാന്തും കമൽ ഹാസനും രാഷ്ട്രീയത്തിൽ കൈകോർത്താൽ അത് അണ്ണാ ഡിഎംകെയെ ബാധിക്കില്ലെന്നാണ് ഉപമുഖ്യമന്ത്രിയും പാർട്ടി കോഓർഡിനേറ്ററുമായ ഒ.പനീർ സെൽവം പറഞ്ഞത്. തമിഴ്‌നാട്ടിൽ ആഴത്തിൽ വേരോടിയ അടിത്തറയുള്ള പാർട്ടിയാണ് അണ്ണാ ഡിഎംകെ. ജനങ്ങളുടെ മനസ്സിൽ സ്ഥാനമുള്ള പാർട്ടിയാണിത്. നേതാക്കളല്ല പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി. ആരു എതിരാളിയായി വന്നാലും നേരിടാൻ പാർട്ടി സജ്ജമാണെന്നും പനീർ സെൽവം പറഞ്ഞു.
തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമെങ്കിൽ ഒരുമിക്കുമെന്ന രജനിയുടെയും കമലിന്റെയും പരസ്യ പ്രസ്താവനയെ പരിഹസിച്ചും എതിർത്തും മറ്റ് അണ്ണാ ഡിഎംകെ നേതാക്കളും രംഗത്തെത്തി. പിരിഞ്ഞ പാലും തൈരും ചേർന്നാൽ മോരാവില്ല. സൂപ്പർ താരങ്ങൾ കൈകോർത്താലും അതു തന്നെയാകും സംഭവിക്കുക എന്നാണ് മന്ത്രി ഒ.എസ്.മണിയന്റെ പരിഹാസം. ഒന്നും ഒന്നും ചേർന്നാൽ മാത്രമേ രണ്ടാവൂ. പൂജ്യവും പൂജ്യവും ചേർന്നാൽ പൂജ്യം മാത്രമാണ് ഉത്തരം. ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന അണ്ണാ ഡിഎംകെയ്ക്കാണ് തമിഴരുടെ മനസ്സിൽ സ്ഥാനം എന്നായിരുന്നു മന്ത്രി ആർ.ബി.ഉദയകുമാറിന്റെ പ്രതികരണം.
രജനീകാന്തുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കുന്നതു സംബന്ധിച്ച പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. സുഹൃദ് ബന്ധത്തേക്കാൾ തമിഴ്‌നാടിന്റെ ഉന്നമനത്തിനാണ് പ്രധാന്യം നൽകുന്നത്. തമിഴ്‌നാടിന്റെ നല്ല ഭാവിയും ക്ഷേമവുമാണ് മനസ്സിലുള്ളത്. 
ലക്ഷ്യം നേടാൻ ഒരുമിച്ചു പ്രവർത്തിക്കേണ്ട സാഹചര്യം ഉടലെടുത്താൽ രാഷ്ട്രീയത്തിൽ രജനീകാന്തുമായി ചേർന്ന് ഒന്നിച്ചു മുന്നോട്ടു നീങ്ങുമെന്നും കമൽ ഹാസൻ പറഞ്ഞു. ഈ രണ്ട് സൂപ്പർ സ്റ്റാറുകളും തമിഴകത്തിന്റെ ഹൃദയം കീഴടക്കിയവരാണ്. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ കോടികൾ കൊയ്തവർ. ഖജനാവിലെ പണം കൈയിട്ട് വാരി ജീവിക്കേണ്ട കാര്യം രണ്ടു പേർക്കുമില്ല. ഇവർക്കൊപ്പം ഇളയ ദളപതി വിജയ് കൂടി ചേർന്നാൽ സംഗതി പൊടിപൊടിക്കും.  

Latest News