Sorry, you need to enable JavaScript to visit this website.
Tuesday , July   07, 2020
Tuesday , July   07, 2020

വിവേചനം വരുന്ന വഴി 

അസം മാതൃകയിൽ രാജ്യവ്യാപകമായി പൗരത്വ രജിസ്‌ട്രേഷൻ കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ പൗരന്മാരെ വിഭജിക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണ്. ബി.ജെ.പിക്ക് വോട്ടു ചെയ്യാത്ത ഒരു വിഭാഗത്തിന്റെ വോട്ടവകാശം ഇല്ലാതാക്കാനുള്ള നടപടി. നമ്മുടെ രാജ്യത്തെ വലിയൊരു അഭയാർഥി രാജ്യമാക്കി മാറ്റുകയെന്ന സംഘ്പരിവാർ ഗൂഢലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. 


തെറ്റുകൾ ഞങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും എന്ന് ഉറക്കെയുറക്കെ വിളിച്ചുപറയാനുള്ള ധൈര്യം ഒരു ഭരണകൂടത്തിന് ലഭിക്കുന്നു എന്നതിനർഥം രാജ്യം അടിമ വ്യവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു എന്നാണ്. ഭരണാധികാരികൾ നിർഭയരാകുകയും ഭരണീയർ ചകിതരായി കഴിയുകയും ചെയ്യുന്ന ദുരവസ്ഥയാണത്. നിയന്ത്രിക്കാൻ ഭരണഘടനയോ ജുഡീഷ്യറിയോ മറ്റെന്തെങ്കിലും സ്ഥാപനങ്ങളോ സ്വന്തം ജനാധിപത്യ ബോധമോ പോലും ഇല്ലാതിരിക്കുമ്പോൾ ഭരണകൂടം നെറികെട്ട തീരുമാനങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. അതിനെതിരായ സ്വാഭാവിക പ്രതിഷേധങ്ങൾ എപ്പോഴെങ്കിലും ഉയർന്നുവരുന്നതു വരെ.
അങ്ങേയറ്റം യുക്തിരഹിതമായ അസം പൗരത്വ രജിസ്‌ട്രേഷന് സമാനമായി രാജ്യവ്യാപകമായി പൗരത്വ രജിസ്‌ട്രേഷൻ കൊണ്ടുവരുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അസംബന്ധ ജഡിലമായ പ്രഖ്യാപനം കാര്യമായ എതിർപ്പുകൾ ഒരു കോണിൽനിന്നും ക്ഷണിച്ചു കണ്ടില്ല. പശ്ചിമ ബംഗാളിൽ മമത ബാനർജി മാത്രമാണ് ശക്തമായൊരു പ്രതിഷേധ സ്വരം ഉയർത്തിയത്. എന്നാൽ രാജ്യത്തിന്റെ ഒരു കോണിൽ കിടക്കുന്ന ബംഗാളിന് മാത്രമായി ഇക്കാര്യത്തിൽ പിടിച്ചുനിൽക്കാനാവില്ല. ബംഗ്ലാദേശിൽനിന്നും മറ്റും അനവധി കുടിയേറ്റക്കാർ ഉണ്ടെന്ന് കരുതുന്ന ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഭാവികമാണുതാനും. എന്നാൽ അങ്ങനെയല്ലാത്ത സംസ്ഥാനങ്ങൾ പോലും അപകടകരമായ മൗനം പാലിക്കുകയാണ്.
അസം പൗരത്വ രജിസ്‌ട്രേഷൻ ലക്ഷക്കണക്കിനാളുകളെയാണ് അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. രാജ്യത്തെ പ്രത്യേക മതവിഭാഗങ്ങളിൽ കടുത്ത ഭയം വിതറാൻ ഈ നടപടിയിലൂടെ ഹിന്ദുത്വ സർക്കാറിന് സാധിച്ചിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനമുണ്ടെന്ന പ്രത്യക്ഷ സന്ദേശം തന്നെ നൽകിയാണ് ദേശീയ പൗരത്വ നിയമ ഭേദഗതി. ഈ ഭയം ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ് ഒരു മതത്തിൽപെട്ടവരും പേടിക്കേണ്ടതില്ല എന്ന  ആഭ്യന്തര മന്ത്രിയുടെ മുൻകൂർ സന്ദേശം. പേടിക്കണം എന്ന് തന്നെയാണ് അതിന്റെ ആന്തരാർഥം.
വിവേചനപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തന്ത്രപൂർവമായ സമീപനം സ്വീകരിക്കുകയെന്നത് ബി.ജെ.പി സർക്കാറിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. പാർലമെന്റിന്റെയോ ജുഡീഷ്യറിയുടെയോ സൈന്യത്തിന്റെയോ ഒക്കെ പിൻബലത്തിലാണ് ഇത്തരം ഓരോ നിയമങ്ങളും നടപ്പാക്കപ്പെടുന്നത്. ആസൂത്രിതമായ ശ്രമങ്ങളും ഗൂഢാലോചനകളും ഇതിന് പിന്നിലുണ്ടെന്നതിന് സംശയമൊന്നുമില്ല. സംഘ്പരിവാറിന്റെയും ആർ.എസ്.എസിന്റെയും ബുദ്ധികേന്ദ്രങ്ങളിൽ രൂപപ്പെടുന്ന തന്ത്രങ്ങൾ മികച്ച നയതന്ത്രജ്ഞതയോടെ നടപ്പാക്കപ്പെടുന്നുവെന്നതാണ് സത്യം. കശ്മീരിന്റെ സംസ്ഥാന പദവിയും സവിശേഷ പദവിയും റദ്ദാക്കിയതും അയോധ്യാ ഭൂമി, മസ്ജിദ് തകർത്തവരുടെ കൈകളിൽ തന്നെ എത്തിച്ചേർന്നതുമൊക്കെ ഈ നയതന്ത്ര വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. എതിർപ്പിന്റെയോ പ്രതിഷേധത്തിന്റെയോ ലാഞ്ചന പോലുമില്ലാതെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്നു എന്നിടത്താണ് കേന്ദ്ര സർക്കാറിന്റെ വിജയം.
നിരവധി കാരണങ്ങളാൽ, ജനങ്ങൾക്ക് വൈഷമ്യമുണ്ടാക്കുന്ന തീരുമാനമാണ് ദേശീയ പൗരത്വ രജിസ്‌ട്രേഷൻ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന പ്രഖ്യാപനം. അസമിൽ നടത്തിയ സമാനമായ തീരുമാനത്തിന്റെ യുക്തിരാഹിത്യവും അതുണ്ടാക്കിയ പ്രശ്‌നങ്ങളും സർക്കാറിന് പാഠമായി മാറിയില്ലെന്നത് അത്ഭുതകരമാണ്. ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മറ്റുമുളള ന്യൂനപക്ഷ മതക്കാരായ അഭയാർഥികളെ പൗരന്മാരായി സ്വീകരിക്കുന്ന വിധത്തിൽ പൗരത്വ നിയമത്തിലെ ഭേദഗതി വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി പറയുകയുണ്ടായി. ഇക്കാര്യം ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു പൊതുസമ്മേളനത്തിലും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മതവിവേചനം തങ്ങളുടെ അജണ്ട തന്നെയാണ് എന്ന കൂസലില്ലാത്ത പ്രഖ്യാപനമാണ് ഇതിലൂടെ സർക്കാർ നടത്തുന്നത്. മ്യാൻമറിൽ പീഡനമനുഭവിക്കുന്ന മുസ്‌ലിം അഭയാർഥികൾക്ക് ഇന്ത്യ അഭയം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
പൗരത്വ രജിസ്‌ട്രേഷൻ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് എന്നതാണ് സർക്കാറിന്റെ പ്രധാന ന്യായീകരണം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളോടൊപ്പം അസമിലും വീണ്ടും പൗരത്വ രജിസ്‌ട്രേഷൻ സ്വാഭാവികമായി നടക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. എൻ.ആർ.സിക്ക് മേൽനോട്ടം വഹിച്ച രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് താഴെയിറങ്ങി തൊട്ടുടനെയാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. സുപ്രീം കോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് ഇത് നടപ്പാക്കാനൊരുങ്ങുന്നത് എന്നതിന്റെ ഒരു സൂചന കൂടിയാണത്. അസമിൽ പൗരത്വ പദവി നഷ്ടപ്പെട്ട 19 ലക്ഷം പേരുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. രാജ്യമില്ലാത്തവരായി മാറിയ ഇവർ നേരിടുന്ന ഭീഷണി ബംഗ്ലാദേശിലേക്കുള്ള നാടുകടത്തലാണ്. ബംഗ്ലാദേശ് ആകട്ടെ, ഇവരെ ഏറ്റെടുക്കാനുള്ള വിമുഖത നേരത്തെ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അതോടെയാണ് പൗരത്വമില്ലാതായി മാറിയവരെ പാർപ്പിക്കാൻ പ്രത്യേക ജയിലുകൾ വരുന്നെന്ന റി്‌പ്പോർട്ടുകൾ പ്രസക്തമാകുന്നത്.
അസമിലെ പൗരത്വ രജിസ്‌ട്രേഷൻ അവിടത്തെ സവിശേഷമായ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലുണ്ടായതാണ്. 1985 ലെ അസം കരാറിന്റെ അടിസ്ഥാനത്തിലാണ് ഇതിനായി സർക്കാറുകൾ മുന്നിട്ടിറങ്ങിയത്. അസമിലെ സാഹചര്യങ്ങളോട് ഒരു സമാനതയുമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലും പൗരത്വ രജിസ്‌ട്രേഷൻ കൊണ്ടുവരാനുള്ള നീക്കം പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളോട് കൂടിയതാണ്. ബി.ജെ.പിക്ക് എതിരെ വോട്ട്‌ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങളെ വോട്ടവകാശമില്ലാത്ത രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണിതെന്ന് തീർച്ചയായും സംശയിക്കണം. കോടതിയുടെ മേൽനോട്ടത്തിൽ, കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാരും ഇടപെട്ട് നടത്തിയ രജിസ്‌ട്രേഷൻ അസമിൽ വലിയ പരാജയമായിരുന്നു എന്ന് ബി.ജെ.പിക്ക് തന്നെ ബോധ്യമായതാണ്. ബി.ജെ.പി ആഗ്രഹിക്കാത്ത തരത്തിൽ ലക്ഷക്കണക്കിന് ഹിന്ദുക്കളും പൗരത്വമില്ലാത്തവരായി മാറിയതോടെയാണ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളോടൊപ്പം അസമിലും വീണ്ടും പൗരത്വ രജിസ്‌ട്രേഷൻ കൊണ്ടുവരാനുള്ള നീക്കം. രാഷ്ട്രീയമായി അസൗകര്യം സൃഷ്ടിക്കുന്ന തീരുമാനങ്ങൾ ഏകപക്ഷീയമായി മാറ്റാനുളള സർക്കാറിന്റെ ധാർഷ്ട്യം തീർത്തും ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനയുടെ അന്തസ്സത്തക്കും അത് എതിരാണ്. അസം സർക്കാറിന് ഒരു പാഠം നൽകിയെങ്കിൽ, അത്തരം അസംബന്ധങ്ങൾ ഇനിയും ആവർത്തിക്കരുത് എന്നാണ്. പക്ഷേ, പൗരന്മാർക്കിടയിൽ വിവേചനം കൽപിക്കാനുള്ള സർക്കാറിന്റെ ഗൂഢ ശ്രമത്തിന്റെ ഭാഗമാകുമ്പോൾ ഇത്തരം അബദ്ധങ്ങൾ അവർ ആവർത്തിക്കാതിരിക്കുന്നതെങ്ങനെ?
പൗരത്വ നിയമ ഭേദഗതി പ്രത്യക്ഷത്തിൽ തന്നെ മുസ്‌ലിം വിരുദ്ധവും മുസ്‌ലിംകൾക്കെതിരായ വിവേചനവുമാണ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ, തുല്യസംരക്ഷണം കിട്ടേണ്ടവർ എന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിനെതിരാണത്. അത്തരമൊരു നീക്കവുമായി മുന്നോട്ടു പോകാൻ സർക്കാറിന് മടിയില്ലാതിരിക്കേ, പൗരത്വ രജിസ്‌ട്രേഷനും മുസ്‌ലിംകളെ ലക്ഷ്യമിടുന്നു എന്ന് ന്യായമായും സംശയിക്കണം. എങ്ങനെയാണ് പൗരത്വ രജിസ്‌ട്രേഷൻ നടപ്പാക്കുക എന്നതിന്റെ വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. അസമിൽ 1971 മാർച്ച് 25 ഒരു കട്ട് ഓഫ് ഡേറ്റ് ആയി നിശ്ചയിച്ചായിരുന്നു ഈ അഭ്യാസം. അസം കരാറിന്റെ ഭാഗമായിരുന്നു അത്. ഈ ദിവസത്തിന് ശേഷം അസമിലേക്ക് കുടിയേറിയവരെ കണ്ടെത്തി പുറത്താക്കുകയാണ് പൗരത്വ രജിസ്‌ട്രേഷനിലൂടെ ലക്ഷ്യമിട്ടത്. 
പൗരത്വ രജിസ്‌ട്രേഷൻ രാജ്യവ്യാപകമാക്കുമ്പോൾ സ്വാഭാവികമായും ഇത്തരമൊരു കട്ട് ഓഫ് ഡേറ്റ് നിശ്ചയിക്കേണ്ടി വരും. എന്തു മാനദണ്ഡമനുസരിച്ചാണ് ഇത് നടപ്പാക്കുക എന്നത് ഇപ്പോൾ അജ്ഞാതമാണ്. അതായത് വളരെയധികം അപകടം ഒളിഞ്ഞിരിക്കുന്ന ഒരു തീരുമാനമാണത്. പ്രത്യക്ഷത്തിൽ നിഷ്‌കളങ്കമായ ഒരു തീരുമാനം എന്നു തോന്നാമെങ്കിലും. മഹത്തായ നമ്മുടെ രാജ്യത്തേയും ഒരു അഭയാർഥി രാജ്യമായി മാറ്റാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. കണ്ണീരും വേദനയും മാത്രം സൃഷ്ടിക്കുന്ന, രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന തെറ്റായ തീരുമാനം. ഇന്ത്യക്കാരായ ഒരു വിഭാഗത്തെ കൂട്ട പലായനത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന തീരുമാനം. അതിനാൽ തന്നെ രാജ്യസ്‌നേഹികൾ, മതേതര വിശ്വാസികൾ ഈ നീക്കത്തെ എതിർത്തു തോൽപിച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിന് അത് വഴിതെളിക്കും.

Latest News