ആറായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പിടിയില്‍

ന്യൂദല്‍ഹി- തലസ്ഥാനത്ത് കടയുടമയില്‍നിന്ന് ആറായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് കോണ്‍സറ്റബിള്‍ പിടിയില്‍. വെസ്റ്റ് ദല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം.

ചീട്ട് കളിച്ചുവെന്ന കുറ്റത്തിന് ജയിലിലാക്കുമെന്ന് പറഞ്ഞാണ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ജഗദീഷ് ജലാല്‍ കടയുടമയേയും സുഹൃത്തുക്കളേയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കേസില്‍നിന്ന് ഒഴിവാക്കാന്‍ പതിനായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ ആറായിരം രൂപയ്ക്ക് സമ്മതിക്കുകയായിരുന്നുവന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സുഭാഷ് നഗറില്‍വെച്ച് തന്നെ പോലീസ് നല്‍കിയ കറന്‍സി പരാതിക്കാരിനില്‍നിന്ന് സ്വീകരിക്കുമ്പോഴാണ് ജഗദീഷ് ജലാലും സഹായി ആയി എത്തിയ ദിനേശ് വാധ്വയും കെണിയില്‍ കുടുങ്ങിയത്.  ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

 

Latest News