എസ്.ഡി.പി.ഐക്കാരന്റെ വീട് ആക്രമിച്ച ആര്‍.എസ്.എസുകാര്‍ക്ക് തടവും പിഴയും

തലശ്ശേരി- എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും സഹോദരനുള്‍പ്പെടെ മൂന്ന് പേരെ അടിച്ചും വെട്ടിയും പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. പാനൂര്‍ പാലക്കൂലിലെ താഴെകുളത്തിന്റവിടെ ടി.കെ അബ്ദുള്‍ നസീര്‍, കെ. നൗഷാദ്, ഹാരിസ് എന്നിവരെ ആക്രമിക്കുകയും വീട്ടിന്റെ ജനല്‍ ചില്ലുകളുള്‍പ്പെടെ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്കാണ് ഒമ്പത് വര്‍ഷവും രണ്ട് മാസവും തടവും 22,500 രൂപ വീതം പിഴയും വിധിച്ചത.്
പാനൂര്‍ പാലക്കൂല്‍ സ്വദേശികളായ കണ്ടിയില്‍ വീട്ടില്‍ നിമേഷ് എന്ന ഉണ്ണി(30), ചെല്ലട്ടന്റവിടെ സി.എച്ച് മനീഷ്(31), കരുവാന്റവിടെ വിപിന്‍ (34), മഞ്ഞാന്റവിടെ ഷിനോജ് (28) ചെല്ലട്ടന്റവിടെ സി.എച്ച് ലിജീഷ് (31) എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ അസി. സെഷന്‍സ് കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. 2011 ജൂലൈ 10 ന് രാത്രി ഏഴര മണിക്കാണ് കേസിനാസ്പദമായ സംഭവം.
ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 148, റെഡ് വിത്ത് 149 ഐ.പി.സി പ്രകാരം പ്രതികള്‍ ആറ് മാസം  തടവും 1000 രൂപ വീതം പിഴയുമടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. ഐ.പി.സി 341 പ്രകാരം പ്രതികള്‍ ഒരു മാസം തടവും 500 രൂപ വീതം പിഴയുമടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 323 പ്രകാരം പ്രതികള്‍ ഒരു വര്‍ഷം തടവും 1000 രൂപ വീതം പിഴയുമടയ്ക്കണം. പിഴയടയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ ഒരു  മാസം അധിക തടവ് അനുഭവിക്കണം. 324 പ്രകാരം പ്രതികള്‍ രണ്ട് വര്‍ഷം തടവും 5000 രൂപ വീതം പിഴയുമടയ്ക്കണം. അടച്ചില്ലെങ്കില്‍ രണ്ട്  മാസം അധിക തടവ് അനുഭവിക്കണം. 452, 427 പ്രകാരം പ്രതികള്‍ ആറ് മാസം തടവിനും 5000 രൂപ വീതം പിഴക്കും അര്‍ഹരാണെന്നും കോടതി കണ്ടെത്തി. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം തടവും അനുഭവിക്കണം.
ഇന്ത്യന്‍ ശിക്ഷാ നിയമം 308 പ്രകാരം പ്രതികളെ അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ വീതം പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പ്രതികള്‍ പിഴയടയ്ക്കുകയാണെങ്കില്‍ പരിക്കേറ്റവര്‍ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രീതി പറമ്പത്താണ് ഹാജരായത.്

 

Latest News