Sorry, you need to enable JavaScript to visit this website.

അറസ്റ്റ് ഭയന്ന് ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടു; വിവരമില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- കുട്ടികളെ തട്ടിക്കൊണ്ടു പോയി അഹമദാബാദിലെ ആശ്രമത്തില്‍ അന്യായമായ തടവിലിട്ടതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ അറസ്റ്റ് ഭയന്ന് വിദേശത്തേക്ക് കടന്നതായി റിപോര്‍ട്ട്. കേസില്‍ നിത്യാനന്ദയുടെ അനുയായികളായ പ്രാണ്‍പ്രിയ, പ്രിയതത്വ എന്നിവരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. 9, 10 വയസ്സുള്ള രണ്ടു കുട്ടികള്‍ തങ്ങള്‍ ആശ്രമത്തില്‍ പീഡനത്തിന് ഇരയായെന്നും തങ്ങളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചെന്നും പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളും പരാതിയുമായി രംഗത്തു വന്നു.

ഇതിനിടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. അദ്ദേഹം ഇപ്പോള്‍ കരീബിയന്‍ രാജ്യമായി ട്രിനിഡാഡ് ആന്റ് ടൊബാഗോയിലാണെന്നാണ് റിപോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് വിവരമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. വിദേശത്ത് നിന്ന് വിട്ടുകിട്ടാനുള്ള നടപടികളും ഇല്ല. ഗുജറാത്ത് പോലീസില്‍ നിന്നോ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വിവരം ലഭിച്ചിട്ടില്ലെന്ന് വക്താവ് പറഞ്ഞു. അതേസമയം നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അഹമദാബാദ് പോലീസ് പറയുന്നു. നിയമ വഴികളിലൂടെ തന്നെ അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുമെന്ന് ഒരു ഉന്നത ഓഫീസര്‍ പറഞ്ഞു. കര്‍ണാടകയില്‍ ബലാത്സംഗ കേസ് രജിസറ്റര്‍ ചെയ്തതോടെ നിത്യാനന്ദ രാജ്യം വിട്ടിട്ടുണ്ടെന്നും അദ്ദേഹത്തെ ഇവിടെ തിരയുന്നത് സമയം പാഴാക്കലാണെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു.
 

Latest News