Sorry, you need to enable JavaScript to visit this website.

ഇറാഖില്‍ പ്രതിഷേധം പടരുന്നു; നാല് പ്രക്ഷോഭകര്‍ കൂടി കൊല്ലപ്പെട്ടു

ബഗ്ദാദ്- ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ, മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പ്രധാനമായും തമ്പടിച്ചിരുന്ന തഹ്‌രീര്‍ സ്‌ക്വയറില്‍നിന്ന് ടൈഗ്രീസ് നദീതീരങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് പാലങ്ങളിലേക്ക് വ്യാപിച്ചു. പ്രതിഷേധക്കാരെ തിരിച്ചോടിക്കാന്‍ പാലങ്ങളില്‍ സുരക്ഷാ സൈനികര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചില്ല. ബുധനാഴ്ച രാത്രി വൈകി അല്‍ സിനേക്, അല്‍ അഹ്‌റാന്‍ പാലങ്ങളില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതിനു പുറമെ വെടിവെപ്പും നടത്തി.  ഒരു പ്രക്ഷോഭകന്‍ വെടിയേറ്റും മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിലുമാണ് മരിച്ചത്. ആകാശത്തേക്ക് പ്രയോഗിക്കുന്നതിനു പകരം സൈന്യം ഗ്യാസ് ഗ്രനേഡുകള്‍ ജനക്കൂട്ടത്തിനുനേരെ പ്രയോഗിച്ചതായി പൗരാവകാശ ഗൂപ്പുകള്‍ ആരോപിച്ചു. ഇറാഖില്‍ പ്രതിഷേധം ആരംഭിച്ച ശേഷമുണ്ടായ നൂറുകണക്കിന് മരണങ്ങളില്‍, രണ്ട് ഡസന്‍ മരണങ്ങളില്‍ സൈന്യം തലയ്ക്കും നെഞ്ചിലും വെടിവെക്കുന്ന ദൃശ്യങ്ങള്‍ പൗരാവകാശ സംഘടനകള്‍ പകര്‍ത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ 50 പേരില്‍ ആറു പേര്‍ക്കെങ്കിലും വെടിയേറ്റ പരിക്കുകളുണ്ട്.  
അല്‍സിനേക്ക് പാലം വഴി ഇറാന്‍ എംബസിയിലേക്കും അല്‍അഹ്‌റാര്‍ പാലം വഴി സെന്‍ട്രല്‍ ബാങ്കിലേക്കും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും പ്രതിഷേധക്കാര്‍ നീങ്ങുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു. ഇറാഖിലെ അഴിമതി സര്‍ക്കാരിനെ ഇറാന്‍ പിന്തുണക്കുകയാണെന്നും ബലം പ്രയോഗിക്കാന്‍ സഹായിക്കുകയാണെന്നും തഹ് രീര്‍ സ്‌ക്വയറിലെ പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ഒക്‌ടോബര്‍ ഒന്നിന് ഇറാഖില്‍ പ്രക്ഷോഭം ആരംഭിച്ച ശേഷം മരണസംഖ്യ 330 ആയി ഉയര്‍ന്നു. മരണങ്ങളെ കുറിച്ച് അധികൃതര്‍ കൃത്യമായ വിവരം നല്‍കുന്നില്ലെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News