Sorry, you need to enable JavaScript to visit this website.

അറാംകൊ ഓഹരിക്ക് വൻ തിരക്ക്; ആവശ്യക്കാര്‍ 100 ശതമാനം കവിഞ്ഞു

റിയാദ് - സൗദി അറാംകൊയുടെ ഓഹരി ആവശ്യം 100 ശതമാനത്തിലെത്തിയതായി ബ്ലൂംബെർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് ആരംഭിച്ച് മൂന്നു ദിവസത്തിനകം സ്ഥാപനങ്ങൾക്കും കമ്പനികൾക്കും നീക്കിവെച്ച ഓഹരികൾക്കുള്ള ആവശ്യം 100 ശതമാനത്തിലെത്തി. ഒരു ശതമാനം ഓഹരികളാണ് (200 കോടി ഷെയറുകൾ) കമ്പനികൾക്കു വേണ്ടി നീക്കിവെച്ചിരിക്കുന്നത്. കമ്പനികൾക്കുള്ള ഐ.പി.ഒ സബ്‌സ്‌ക്രിപ്ഷൻ ഈ മാസം 17 ന് ആരംഭിച്ചു. ഡിസംബർ നാലു വരെ ഇത് തുടരും. 


ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 2,560 കോടി ഡോളർ സമാഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മാസം 24 ന് അറാംകൊ ദുബായിൽ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തും. ദുബായ് ഫിനാൻഷ്യൽ സെന്ററിലെ റിട്‌സ് കാൾട്ടൻ ഹോട്ടലിലാണ് കൂടിക്കാഴ്ച. തൊട്ടടുത്ത ദിവസം അബുദാബിയിലും കൂടിക്കാഴ്ച നടക്കും. ആകെ 300 കോടി ഷെയറുകളാണ് (ഒന്നര ശതമാനം ഷെയറുകൾ) കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നത്. ഇതിൽ അര ശതമാനം (100 കോടി) ഓഹരികൾ വ്യക്തികൾക്കു വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. സൗദി പൗരന്മാർക്കും ഗൾഫ് പൗരന്മാർക്കും സൗദിയിൽ കഴിയുന്ന വിദേശികൾക്കും അറാംകൊ ഓഹരികൾ വാങ്ങാം. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് അറാംകൊ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനിടെ വാങ്ങാനാകില്ല.

 
ഐ.പി.ഒ വില 30 റിയാലിനും 32 റിയാലിനും ഇടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ മൂലധനം 6,000 കോടി റിയാലാണ്. ഇത് 20,000 കോടി സാദാ ഷെയറുകളായി തിരിച്ചിട്ടുണ്ട്. ഐ.പി.ഒയുടെ അവസാനത്തിൽ ഓഹരി വില അന്തിമമായി നിശ്ചയിക്കും. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനിടെ വ്യക്തികൾക്ക് ഓഹരിയൊന്നിന് 32 റിയാൽ നിരക്കിലാണ് നൽകുക. നിരക്ക് ശ്രേണി പ്രകാരം ഉയർന്ന പരിധിയാണിത്. അന്തിമ നിരക്ക് 32 റിയാലിൽ കുറവാണെങ്കിൽ അധികം അടച്ച തുക തിരികെ ഈടാക്കുകയോ അധിക ഓഹരികൾ നേടാനോ നിക്ഷേപകർക്ക് അവസരമുണ്ടാകും.

 
വ്യക്തികൾക്കുള്ള സബ്‌സ്‌ക്രിപ്ഷൻ സമയം ഈ മാസം 28 വരെയാണ്. വ്യക്തികൾ ഐ.പി.ഒ പ്രകാരമുള്ള പണം അടക്കേണ്ട അവസാന ദിവസം നവംബർ 28 ആണ്. അന്തിമ ഐ.പി.ഒ നിരക്ക് ഡിസംബർ അഞ്ചിന് പ്രഖ്യാപിക്കും. സബ്‌സ്‌ക്രൈബ് ചെയ്ത വ്യക്തികൾക്കും കമ്പനികൾക്കും നീക്കിവെക്കുന്ന അന്തിമ ഓഹരികളും ഡിസംബർ അഞ്ചിന് പ്രഖ്യാപിക്കും. 

Latest News