കിടക്ക ഫാക്ടറി കത്തി നശിച്ചു;  കോടികളുടെ നഷ്ടം 

തൊടുപുഴ- ഈസ്റ്റേണ്‍ കമ്പനിയുടെ  സുനിദ്ര കിടക്ക നിര്‍മാണ യൂനിറ്റില്‍ വന്‍ അഗ്‌നിബാധ. അഗ്‌നിരക്ഷാ സേനയുടെ അഞ്ചു യൂനിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബെഡുകളും അനുബന്ധ സാധനങ്ങളും  നിര്‍മാണ  യൂനിറ്റും കത്തി നശിച്ചു. ബെഡുകളും നിര്‍മാണ സാമഗ്രികളും കത്തി നശിച്ചതില്‍ തന്നെ ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അപ്പാടെ നിലം പൊത്തിയ കെട്ടിടത്തിന്റെ നഷ്ടം  കണക്കാക്കിയിട്ടില്ല.
ഇന്നലെ  പുലര്‍ച്ചെ മൂന്നോടെയാണ് തൊടുപുഴക്കു സമീപം മണക്കാട് -പുതുപ്പരിയാരം റൂട്ടില്‍ അങ്കംവെട്ടിക്കവലയില്‍  പ്രവര്‍ത്തിക്കുന്ന സുനിദ്ര കിടക്ക നിര്‍മാണ യൂനിറ്റിലെ ഗോഡൗണില്‍ തീ പിടിത്തമുണ്ടായത്. പരിസരവാസികള്‍  തൊടുപുഴ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.വി.രാജന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തീ നിയന്ത്രണാതീതമായിരുന്നു. പിന്നീട് മറ്റു സ്ഥലങ്ങളിലെ ഫയര്‍ഫോഴ്സ് ഓഫീസുകളില്‍ വിവരമറിയിക്കുകയായിരുന്നു.


 

Latest News