Sorry, you need to enable JavaScript to visit this website.

ഫാസ്റ്റ് ഫുഡിനായുള്ള നെട്ടോട്ടം കാൻസറിനെ  ക്ഷണിച്ചു വരുത്തുന്നു -ഡോ. വി.പി. ഗംഗാധരൻ

ദമാം- ജീവൻ  നിലനിറുത്താൻ വേണ്ടി ഭക്ഷണം കഴിക്കുന്നതിനു പകരം ഭക്ഷണത്തിന് വേണ്ടി നെട്ടോട്ടമോടലും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന് പിന്നാലെ പോയതും പുകവലി, മദ്യപാനം, മയക്കുമരുന്ന് പോലുള്ള തിന്മകളുടെ വ്യാപനവും പ്രകൃതിയെ നശിപ്പിച്ചുള്ള പരിസ്ഥിതി മലിനീകരണങ്ങളുമെല്ലാം കാൻസർ രോഗത്തിന്റെ വളർച്ചയെയും പകർച്ചയെയും സ്വാധീനിക്കുന്നതായി ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. മാരകമായ കാൻസർ രോഗത്തെ തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ നേരിടാനും രോഗം മനസ്സിലാക്കി യഥാർത്ഥ ചികിത്സ നേടാനും സാധിച്ചാൽ ഈ മഹാവിപത്തിനെ ഇല്ലാതാക്കാൻ കഴിയും. ഇതിനായി സമൂഹം കൃത്യമായ ബോധവൽക്കരണങ്ങളിലൂടെയും മുൻപുള്ള നമ്മുടെ മഹാരഥന്മാർ നയിച്ച പാതയിലൂടെ സഞ്ചരിക്കുകയും വ്യായാമങ്ങളിലൂടെയും ആഹാരത്തിൽ മിതത്വം പാലിച്ചും ജീവിതത്തെ നയിച്ചാൽ ഒരു പരിധി വരെ കാൻസറിനെ തടയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻസറിനെ പ്രതിരോധിക്കുക എന്ന സന്ദേശം ഉയർത്തി മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ ദമാം ക്രിസ്റ്റൽ ഹാളിൽ ഒരുക്കിയ ആരോഗ്യ സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


രണ്ടു പതിറ്റാണ്ടായി ലോകത്ത് കാൻസർ രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഓരോ വർഷവും ഏകദേശം പതിനഞ്ചു ദശലക്ഷം രോഗികൾ കാൻസർ രോഗ ബാധിതരരാവുന്നതായും എട്ടു ദശലക്ഷം രോഗികൾ മരിക്കുന്നതായുമാണ് ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്. 2025 ആവുമ്പോഴേക്കും 19.3 ദശലക്ഷം ആളുകളിൽ രോഗം വ്യാപിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ രംഗം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഈ ദുരന്തത്തെ നിയന്ത്രിക്കാനാവാത്തത് സമൂഹത്തിൽ നിലനിൽക്കുന്ന ജീവിത ശൈലി മാറ്റവും കൃത്യമായ ബോധാവൽക്കരണത്തിന്റെ അഭാവവുമാണ്. ഈ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രതിബദ്ധത എന്ന നിലക്ക് ശക്തമായ ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും ഈ ദൗത്യം ഏറ്റെടുക്കാൻ ഓരോരുത്തരും വളണ്ടിയർമാരായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാണ് കുട്ടികളിൽ പോലും കാൻസർ പടരാൻ കാരണം. കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുകയും പൊണ്ണത്തടിയും, വ്യായാമം ഇല്ലായ്മയും കടുത്ത രോഗാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുമെന്നും ഇനിയെങ്കിലും ഇക്കാര്യങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഉണർത്തി. മനുഷ്യ ശരീരത്തിൽ കണ്ടുവരുന്ന ചെറിയ അടയാളങ്ങൾ പോലും പരിശോധനക്ക് വിധേയമാക്കണം. സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭ പാത്രത്തിലെയും സ്തനങ്ങളിലെയും രോഗ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുകയാണെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം കൃത്യമായ ബോധവൽക്കരണം അനിവാര്യമാണെന്നും മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ ദമാമിൽ തുടങ്ങിവെച്ച ആരോഗ്യ സെമിനാർ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. പ്രിൻസ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി ഗംഗാധരനെയും പ്രശസ്ത പിന്നണി ഗായകനും ഗിന്നസ് വേൾഡ് അവാർഡ് ജേതാവുമായ  അനൂപ് ശങ്കറിനെയും  മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ മെമന്റോ നൽകി ആദരിച്ചു. ഡോ. വി.പി ഗംഗാധരൻ നാട്ടിൽ ചികിത്സിക്കുന്ന രോഗികൾക്ക് ചികിത്സയുടെ പുരോഗതി അറിയുന്നതിന് രോഗികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. കാൻസർ രോഗികൾക്കുള്ള ഡോക്‌ടേഴ്‌സ് അസോസിയേഷൻ ധനസഹായം സിയോൻ ചാരിറ്റി വിഭാഗത്തിന് സദസ്സിൽ വെച്ച് സംഘാടകർ കൈമാറി. ഡോ. അജി വർഗീസ് സ്വാഗതവും ഡോ. ആഷിഖ് നന്ദിയും പറഞ്ഞു. ചെറിൽ ചെറിയാൻ, ഡോ. അജി വർഗീസ് എന്നിവർ അവതാരകരായിരുന്നു.

 

 

Latest News