Sorry, you need to enable JavaScript to visit this website.
Saturday , March   06, 2021
Saturday , March   06, 2021

ഒടുവിൽ ആ ചെയിൻ  റെയിൽ പാളത്തിൽ കണ്ടെത്തി 

ന്യൂദൽഹി- അന്വേഷണം പാതി വഴിക്കു മുടങ്ങിയപ്പോൾ ട്വിറ്ററിലൂടെ കേന്ദ്ര റെയിൽവേ മന്ത്രി  സുരേഷ് പ്രഭു ഇടപെട്ടതിനെ തുടർന്ന് അഞ്ചു പവന്റെ ആ ചെയിൻ ഒടുവിൽ കണ്ടെത്തി. മൂക്കു പൊത്തിക്കൊണ്ട് കമ്പിൽ കൊളുത്തിയെടുത്ത ചെയിൻ ഏറെ നേരം വെള്ളമൊഴുക്കി വൃത്തിയാക്കിയാണ് ഉടമസ്ഥനു കൈമാറിയത്. 
ഉടമസ്ഥൻ അതിപ്പോഴും കഴുത്തിലിടുന്നുണ്ടോ എന്ന കാര്യത്തിൽ മന്ത്രിയുടെയോ ഉദ്യോഗസ്ഥരുടേയോ ട്വിറ്റർ സന്ദേശം ഇനിയും വന്നിട്ടില്ല.
കഴിഞ്ഞ പതിനെട്ടാം തീയതിയാണു വടക്കു കിഴക്കൻ മുംബൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയുള്ള യോല റെയിൽവേസ്‌റ്റേഷനിലെ സ്‌റ്റേഷൻ മാസ്റ്റർ അനിൽ കുമാർ ശർമയെ തേടി ഒരു ഫോൺകോളെത്തുന്നത്. അസാധാരണമായ ഈ ഫോൺ കോൾ അതിനു രണ്ടു ദിവസം മുമ്പ് ശർമയെ തിരക്കി വന്ന മറ്റൊരു ഫോൺകോളിന്റെ തുടർച്ചയായിരുന്നു. ഇത്തവണ റെയിൽവേ മന്ത്രാലയത്തിൽ നിന്നാണു വിളി വന്നിരിക്കുന്നത്. 
ശർമയുടെ സ്‌റ്റേഷനിലൂടെ കടന്നുപോയ ഒരു ട്രെയിനിലെ യാത്രക്കാരന്റെ അഞ്ചു പവനോളം വരുന്ന സ്വർണ ചെയിൻ ക്ലോസറ്റിലൂടെ താഴേക്കു വീണു. കണ്ടെടുക്കാൻ അടിയന്തരമായി സഹായിക്കണം എന്നായിരുന്നു ഫോൺ സന്ദേശം. 
കഴിഞ്ഞ പതിനാറാം തീയതി മഹാരാഷ്ട്ര എക്‌സ്പ്രസിൽ യാത്ര ചെയ്തിരുന്ന ഡോ. ചവാൻ പട്ടേലിന്റെ കൈയിൽ കിടന്ന ചെയിനാണ് പിടിവിട്ട് ക്ലോസറ്റിലേക്കു വീണത്. ടോയ്‌ലറ്റിനുള്ളിൽ ഷർട്ടു മാറിക്കൊണ്ടിരിക്കവേയാണ് ചെയിൻ ഊരിപ്പോയത്. സ്വർണച്ചങ്ങലയുടെ വില നന്നായറിയാവുന്ന ചവാൻ ഒട്ടും ആലോചിക്കാതെ ചങ്ങല വലിച്ചു വണ്ടി നിർത്തി. ഉടൻതന്നെ സ്‌റ്റേഷൻ മാസ്റ്റർ അനിൽ കുമാർ ശർമയ്ക്കും ഫോൺ വിളിയെത്തി. ഗാർഡും സ്‌റ്റേഷൻ മാസ്റ്ററും ഓടിയെത്തി. എന്നാൽ, ബയോടെക് ടോയ്‌ലറ്റായതിനാൽ ചവാന്റെ സ്വർണ ചെയിൻ വീണ്ടെടുക്കുന്ന കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് അവർ വ്യക്തമാക്കി. ട്രെയിൻ കോലാപൂർ സ്റ്റേഷനിലെത്തി അവിടത്തെ ക്ലീനിംഗ് സ്റ്റാഫ് വന്നാലേ എന്തെങ്കിലും നടക്കൂ. ചവാനോട് കോലാപൂരിലേക്കു വിട്ടോളാൻ ശർമ പറഞ്ഞു. 
നിരാശനായ ചവാൻ അടുത്ത സ്റ്റേഷനിലിറങ്ങി വീട്ടിലേക്കു പോയി. 
പക്ഷേ, ചവാന്റെ മകൾ സ്വർണ ചെയിനെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ചെയിൻ നഷ്ടപ്പെട്ട വിവരം റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയിൽ പെടുത്താൻ ചവാന്റെ മകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പത്തു മിനിറ്റിനുള്ളിൽ മന്ത്രിയുടെ മറുപടിയെത്തി. നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ സന്ദേശം.
അര മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട ചെയിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കി പൂനെ റെയിൽവേ സ്റ്റേഷൻ ചീഫിന്റെ ഫോൺ ചവാനെ തേടിയെത്തി. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ച് കോലാപൂർ സ്റ്റേഷനിലെത്തിയ ചവാൻ താൻ യാത്ര ചെയ്തിരുന്ന മഹാരാഷ്ട്ര എക്‌സ്പ്രസിലെ ടോയ്‌ലറ്റ് ബയോ ടെക്ക് സംവിധാനത്തിലുള്ളതായിരുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞ് ഞെട്ടി. അപ്പോൾ ചെയിൻ ഇന്ത്യൻ റെയിൽവേയുടെ തുറന്ന ക്ലോസറ്റിലൂടെ പാളത്തിൽ വീണെന്നുറപ്പായി. 
അങ്ങനെയാണ് അനിൽ കുമാർ ശർമയെ തേടി രണ്ടാമത്തെ ഫോൺകോൾ എത്തുന്നത്. സ്‌റ്റേഷനിൽ നിന്നു രണ്ടു കിലോമീറ്റർ ദൂരത്തിൽ പാളത്തിലൂടെ ശർമയും സഹപ്രവർത്തകരും ചവാന്റെ മാല തേടി അലഞ്ഞു. പാളത്തിനിടയിൽ കരിങ്കല്ലുകൾക്കിടെ ചെയിൻ കണ്ടെത്തുമ്പോൾ മൂക്കു പൊത്തേണ്ട അവസ്ഥയായിരുന്നു. 
ഒരു കമ്പിൽ കോർത്ത് ഒരുപാട് നേരം പൈപ്പിനു ചുവട്ടിൽ പിടിച്ചിട്ടാണ് ചെയിൻ അതിന്റെ തനിനിറം പുറത്തു കാട്ടിയത്. അടുത്ത ദിവസം സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചവാന് ചെയിൻ കൈമാറി. കൈയിൽ കിട്ടിയ ഉടൻ തന്നെ ചവാൻ ചെയിൻ അണിഞ്ഞിട്ടുണ്ടാകുമോ?  ചോദ്യം അവശേഷിക്കുന്നു.
 

Latest News