കണ്ണൂര്‍- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് നിലവില്‍ 'പോയിന്റ് ഓഫ് കോള്‍' പദവിയും മട്ടന്നൂരിലേക്ക് റെയില്‍വേ ലൈനും കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രിമാര്‍. കെ.സുധാകരന്‍ എം.പിയുടെ ചോദ്യത്തിനാണ് മന്ത്രിമാര്‍ ഈ
മറുപടി നല്‍കിയത്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും പ്രവര്‍ത്തനം നടത്താനും ആവശ്യമായ നിലവാരം ഉയര്‍ത്തുന്ന തരത്തില്‍ നല്‍കുന്ന 'പോയന്റ് ഓഫ് കോള്‍ 'സ്റ്റാറ്റസ് പദവി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് നല്‍കുന്നതിന് ഇപ്പോള്‍ ഉദ്യേശമില്ലെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി മറുപടി നല്‍കി.
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്റീരിയര്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാല്‍ പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് നല്‍കാന്‍ നിര്‍വ്വാഹമില്ല എന്ന മറുപടിയാണ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയത്.
കേരളത്തിലെ മറ്റ് എയര്‍പോര്‍ട്ടുകള്‍ക്ക് ഈ പദവി നല്‍കിയിട്ടുണ്ട്.മട്ടന്നൂരിലേക്ക് റെയില്‍ പാത പണിയാനും തല്‍ക്കാലം ഉദ്ദേശമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.






