Sorry, you need to enable JavaScript to visit this website.

സൗദിയിൽ നിക്ഷേപം നടത്താൻ പെട്രോകെമിക്കൽ കമ്പനികൾക്ക് കരാർ

സൗദിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് വൻകിട പെട്രോകെമിക്കൽ കമ്പനികളും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും തമ്മിൽ ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്ന ചടങ്ങിൽ നിന്ന് 

റിയാദ് - സൗദിയിൽ നിക്ഷേപങ്ങൾ നടത്താൻ ലോകത്തെ അഞ്ചു വൻകിട പെട്രോകെമിക്കൽ കമ്പനികളുമായി സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ആകെ 750 കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങൾക്കുള്ള ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. സാജിയ ഗവർണർ എൻജിനീയർ ഇബ്രാഹിം അൽഉമർ, ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഗസ്സാൻ അൽശുബ്ൽ, ഡെപ്യൂട്ടി വ്യവസായ മന്ത്രി എൻജിനീയർ ഉസാമ അൽസാമിൽ, ജുബൈൽ ആന്റ് യാമ്പു റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ അബ്ദുല്ല അൽസഅ്ദാൻ, സാങ്കേതിക കാര്യങ്ങൾക്കുള്ള സൗദി അറാംകോ സീനിയർ വൈസ് പ്രസിഡന്റ് എൻജിനീയർ അഹ്മദ് അൽസഅദി എന്നിവരുടെയും പെട്രോകെമിക്കൽ കമ്പനികളുടെയും സർക്കാർ വകുപ്പുകളുടെയും സൗദി സ്വകാര്യ കമ്പനികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ റിയാദ് ക്രൗൺ പ്ലാസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. 


സൗദിയിലെ നിക്ഷേപാവസരങ്ങൾ വിപണനം ചെയ്യുന്നതിന് സാജിയ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം സാധ്യമായതെന്ന് സാജിയ ഗവർണർ എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു. നിക്ഷേപകർക്ക് അനിതര സാധാരണമായ അവസരങ്ങൾ ലഭ്യമാക്കുന്ന പ്രധാന മേഖലയാണ് പെട്രോകെമിക്കൽസ് മേഖല. വ്യവസായ, ഊർജ മേഖലകളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനവും സംയോജനവും നടത്തി വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിദേശ കമ്പനികൾക്ക് അവസരമൊരുക്കുന്നതിനും സൗദി വിപണിയിൽ പ്രവേശിക്കുന്നതിന് നിക്ഷേപകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനും സാജിയ പ്രവർത്തിക്കുന്നു. സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന വലിയ തോതിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ ലോകത്തെങ്ങും നിന്നും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ആകർഷകമായ സാഹചര്യമൊരുക്കുന്നതായും സാജിയ ഗവർണർ എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു. 
ലോകത്തെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനികളിലൊന്നായ, ജർമനിയിലെ ബി.എ.എസ്.എഫുമായാണ് ധാരണാപത്രങ്ങളിൽ ഒന്ന് ഒപ്പുവെച്ചത്. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ കെമിക്കൽസ് ഫാക്ടറി നിർമിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു. ലോകത്തെ ഏറ്റവും വലിയ പോളിഅക്രിലമൈഡ് നിർമാതാക്കളായ, ഫ്രഞ്ച് കമ്പനിയായ എസ്.എൻ.എഫുമായും സാജിയ ധാരണാപത്രം ഒപ്പുവെച്ചു. സമുദ്ര ജല ശുദ്ധീകരണത്തിനും എണ്ണയും പ്രകൃതി വാതകവും പുറത്തെടുക്കുന്നതിനും ഉപയോഗിക്കുന്ന പദാർഥമാണ് പോളിഅക്രിലമൈഡ്. 
ജപ്പാനിലെ മിത്‌സുയി ആന്റ് കമ്പനിയുമായി മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചു. ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മിത്‌സുയി ആന്റ് കമ്പനി ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ അമോണിയ ഫാക്ടറി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കും. പ്രതിവർഷം പത്തു ടൺ അമോണിയ ഉൽപാദിപ്പിക്കുന്നതിന് ശേഷിയുള്ള ഫാക്ടറിയാണ് ജപ്പാൻ കമ്പനി ജുബൈലിൽ സ്ഥാപിക്കുക. പരിസ്ഥിതി സൗഹൃദ രീതിയിൽ പ്രവർത്തിക്കുന്ന ജപ്പാൻ കമ്പനി മറ്റു കെമിക്കലുകളും ഉൽപാദിപ്പിക്കും. 
ഊർജ, പെട്രോകെമിക്കൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഷെൽ കമ്പനിയുമായും സാജിയ ധാരണാപത്രം ഒപ്പുവെച്ചു. എൻജിൻ ഓയിലുകളിൽ നിന്ന് അധിക മൂല്യമുള്ള ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന കാറ്റലിസ്റ്റുകൾ ഉൽപാദിപ്പിക്കുകയും സൾഫറും പരിസ്ഥിതി ആഘാതവും കുറക്കുകയും ചെയ്യുന്ന ഫാക്ടറി ജുബൈലിൽ സ്ഥാപിക്കുന്നതിന് ഷെൽ കമ്പനിക്ക് ധാരണാപത്രം അവസരമൊരുക്കുന്നു. എണ്ണ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന കാറ്റലിസ്റ്റുകൾ ഉപയോഗിച്ച് കഴിഞ്ഞ ശേഷം ഉയർന്ന മൂല്യമുള്ള ധാതുക്കൾ പുറത്തെടുക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതിന് ഷെൽ, എ.എം.ജി കമ്പനികളുമായി മറ്റൊരു ധാരണാപത്രവും ചടങ്ങിനിടെ ഒപ്പുവെച്ചു. ഇരുമ്പും സ്റ്റീലും മറ്റു ഉൽപന്നങ്ങളും നിർമിക്കുന്നതിന് ഈ ധാതുക്കൾ ഉപയോഗിക്കും. 
സൗദിയിലേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്ന മേഖലയിൽ വലിയ വളർച്ചയുണ്ട്. ഈ വർഷം മൂന്നാം പാദത്തിൽ 251 വിദേശ നിക്ഷേപകർക്ക് സാജിയ ലൈസൻസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളുടെ എണ്ണത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണിത്. ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ സൗദിയിൽ പ്രവർത്തിക്കുന്നതിന് 809 വിദേശ കമ്പനികൾക്കും നിക്ഷേപകർക്കും സാജിയ ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. 

Latest News