Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍-ജിദ്ദ എയര്‍ ഇന്ത്യ ജംമ്പോ സര്‍വീസ് ഡിസംബര്‍ 25ന് തുടങ്ങും

കൊണ്ടോട്ടി- പ്രതിസന്ധികള്‍ക്കൊടുവില്‍ കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാന സര്‍വീസ് ഡിസംബര്‍ 25ന് ആരംഭിക്കുന്നു. ജിദ്ദയില്‍ നിന്ന് രാത്രി 11.15ന് പുറപ്പെടുന്ന വിമാനം രാവിലെ 7.05ന് കരിപ്പൂരിലെത്തും. ഈ വിമാനം വൈകുന്നേരം 5.30ന് കരിപ്പൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തും. ആഴ്ചയില്‍ ബുധന്‍,വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ്. ആറ് മാസത്തിന് ശേഷം സര്‍വീസുകള്‍ വര്‍ധിപ്പിക്കും.
രാവിലെ 7.05ന് കരിപ്പൂരിലെത്തുന്ന വിമാനം 10 മണിക്കൂറിലേറെ റണ്‍വേയില്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ദല്‍ഹിയിലേക്ക് ആഭ്യന്തര സര്‍വീസിന് ശ്രമിക്കുകയാണ് എയര്‍ ഇന്ത്യ. കരിപ്പൂര്‍-ദല്‍ഹി സമയ സ്ലോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കും. ഇതോടെ സമയ ഷെഡ്യൂള്‍ പുറത്ത് വിടകയും വിമാന ടിക്കറ്റ് ബുക്കിംങ് ആരംഭിക്കുകയും ചെയ്യും. 2015ല്‍ നവീകരണത്തിന്റെ ഭാഗമായി റണ്‍വേ അടച്ചതോടെ പിന്‍വലിച്ച ജംബോ സര്‍വീസുകളാണ്  എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നത്.
ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തിന്റെ മടക്കം 10 മണിക്കൂര്‍ കഴിഞ്ഞാണുളളത്. ഇത്രയധികം സമയം കരിപ്പൂരില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് നിലവില്‍ സര്‍വീസ് വൈകാന്‍ കരാണം. ഇതിനായി തിരുവനന്തപുരം,ദല്‍ഹി,ഹൈദരാബാദ്,മുംബൈ സെക്ടറിലേക്ക് ആഭ്യന്തര സര്‍വീസ് ഉള്‍പ്പെടുത്താനയിരുന്നു ശ്രമം. ഇതില്‍ ദല്‍ഹി സര്‍വീസിനാണ് സാധ്യതകളേറെയുളളത്. കരിപ്പൂര്‍ റണ്‍വേ ഏപ്രണില്‍ നിലവില്‍ ചെറിയ 12 വിമാനങ്ങള്‍ നിര്‍ത്തിയിടാനുളള സൗകര്യമാണുളളത്. വലിയ വിമാനം നിര്‍ത്തിയിടുന്നതോടെ കൂടുതല്‍ വിമാനങ്ങളുടെ പാര്‍ക്കിങ് പ്രശ്‌നത്തിലാവും. ഇത് ഒഴിവാക്കണമെന്ന് വിമാനത്താവള എയറോ ഡ്രോം നേരത്തെ എയര്‍ഇന്ത്യയോട്  നിര്‍ദേശിച്ചിരുന്നു.
സൗദി പ്രവാസികളുടെ ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് എയര്‍ ഇന്ത്യ ജിദ്ദ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് പുറമെ,ഹജ്ജ്,ഉംറ തീര്‍ഥാടകര്‍ക്കും നേരിട്ട് ജിദ്ദയിലേക്ക് പോകാന്‍ കഴിയും. നിലവില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ സഉദി എയര്‍ലെന്‍സ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

 

 

Latest News