Sorry, you need to enable JavaScript to visit this website.

ഫയർഫോക്‌സിന്റെ പതനവും തിരിച്ചുവരവും

ക്രോമിയം വിപ്ലവത്തിൽ അടിപതറിയെങ്കിലും സ്വകാര്യതയിലും സുരക്ഷയിലും വിപ്ലവകരമായ മാറ്റങ്ങൾ അവതരിപ്പിച്ച് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മോസില്ല ഫയർഫോക്‌സ്. ഓൺലൈൻ യുഗത്തിൽ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ  വെല്ലുവിളി. നിങ്ങളുടെ സന്ദർശനം സ്വകാര്യമായരിക്കുമെന്നു കരുതുന്ന വെബ്സൈറ്റിൽ പോലും ഗൂഗിളും ഫെയ്സ്ബുക്കും പതിയിരിപ്പുണ്ടെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകരുടെ കണ്ടെത്തൽ. ഡാറ്റ ശേഖരിക്കുന്നതിനും പരസ്യങ്ങൾ വ്യക്തിഗതമാക്കുന്നതിനും ഗൂഗിൾ ക്രോം ഉൾപ്പെടെ നിലവിലുള്ള മിക്ക ബ്രൗസറുകളും ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ് .
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ലോകമെമ്പാടുമായി ഇന്ന് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടിയിലുമേറെയാണ്. ചിലപ്പോൾ ഇത് വായിക്കുന്ന നിങ്ങളിൽ മൂന്നിൽ രണ്ടു പേരും ബ്രൗസിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത് ക്രോം ആയിരിക്കാം. ഡാറ്റ ചോർത്തിയും പരസ്യം വിതറിയും ജീവിക്കുന്ന ക്രോം പോലുളള വൻമരങ്ങളുടെ ഇടയിൽ സുരക്ഷിതമായ ഒരേയൊരു വെബ് ബ്രൗസറാണ് മോസില ഫയർഫോക്‌സ്. ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് സഫാരിയേയും വിശ്വസിച്ച് ഉപയോഗിക്കാം.
ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ തുടങ്ങിയവയുമായി താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ ,സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂടിയായ ഫയർഫോക്‌സ് , സുരക്ഷിതമായ ഒരേയൊരു വെബ് ബ്രൗസറാണെന്നാണ് ജർമനിയിലെ സർക്കാർ ഏജൻസിയായ ബിഎസ്‌ഐയുടെ കണ്ടെത്തൽ.
2004 ൽ ഫയർഫോക്‌സ് ബ്രൗസർ രംഗപ്രവേശം ചെയ്യുമ്പോൾ ഇന്റർനെറ്റിൽ 90% ട്രാഫിക്കും മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ വഴിയായിരുന്നു. 2009 ആയപ്പോഴേക്കും ആകെ ഉപയോക്താക്കളിൽ മൂന്നിലൊന്നു പേരും ഫയർഫോക്‌സ് ഉപയോഗിക്കുന്നവരായി മാറി. എന്നാൽ 2008ൽ അരങ്ങേറ്റം കുറിച്ച ഗൂഗിൾ ക്രോം, വെബ് ബ്രൗസിങ്ങിലെ വേഗതയിലൂടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിച്ചു. ഫയർഫോക്‌സും ഇന്റർനെറ്റ് എക്‌സ്‌പ്ലോററും ഉപേക്ഷിച്ച് ആളുകൾ ക്രോമിലേക്കു ചേക്കേറാൻ തുടങ്ങി. 2013ൽ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ വെല്ലുവിളിച്ചുകൊണ്ട് ഫയർഫോക്‌സ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചെങ്കിലും വിജയിച്ചില്ല.
2017ൽ 'ഫയർഫോക്സ് ക്വാൺടം 59' എന്നു വിളിക്കുന്ന അപ്ഡേറ്റിലൂടെ ലോകത്തെ ഏറ്റവും വിശ്വസിക്കാവുന്ന ബ്രൗസറുകളിൽ ഒന്നായ മോസില്ല ഫയർഫോക്സ് വീണ്ടും തിരിച്ചെത്തി. പരസ്യക്കാരെയും ട്രാക്കർമാരെയും ബ്രൗസറിൽ നിന്നു തുരത്താനും, ബ്രൗസറിന്റെ നിയന്ത്രണം പൂർണമായി ഉപയോക്താക്കളുടെ കൈകളിലേൽപിക്കാനും ഫയർഫോക്‌സിന് സാധിച്ചു.  
ബ്രൗസിങ് വേഗത്തിലും സുരക്ഷയിലും പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് മങ്ങിപ്പോയ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ഫയർഫോക്‌സ്.

 

 

Latest News