Sorry, you need to enable JavaScript to visit this website.

ഗൂഗിൾ ജിബോഡ് : നിങ്ങൾ പറഞ്ഞാൽ മതി, ഗൂഗിൾ എഴുതിക്കോളും

ശബ്ദം മലയാള അക്ഷരങ്ങളാക്കി മാറ്റുന്ന ആപ്പുകൾ ധാരാളമുണ്ടെങ്കിലും ഗൂഗിളിന്റെ ജിബോഡ് വേറിട്ടുനിൽക്കുന്നു. നിർമിത ബുദ്ധിയും മെഷീൻ ലേണിംഗും സജീവമായതോടെ മലയാളം കൈകാര്യം ചെയ്യുന്നതിലെ പല പ്രശ്‌നങ്ങളും ഗൂഗിൾ പരിഹരിച്ചുവരികയാണ്. അച്ചടി ഭാഷ പറയാതെ തന്നെ ഗൂഗിൾ മലയാളം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 
സംസാരിക്കുന്നതിനുപുറമെ, പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മനസ്സിലാക്കാനും കേട്ടെഴുതാനും ഗൂഗിളിനു സാധിക്കുന്നു. രണ്ട് വർഷം മുമ്പ് തന്നെ കേട്ടെഴുത്തിനുള്ള സൗകര്യം ഗൂഗിൾ ലഭ്യമാക്കിയിരുന്നുവെങ്കിലും പറയുന്നതല്ല എഴുതുന്നതെന്ന പരാതികൾ വർധിച്ചതോടെ മലയാളികൾ വലിയ താൽപര്യം കാണിച്ചിരുന്നില്ല. അതേസമയം, ഇംഗ്ലീഷ്, അറബി തുടങ്ങി നൂറുക്കണക്കിന് ഭാഷകളിൽ ഈ സേവനം വ്യാപകമായി ഉപയോഗിക്കുന്നു. മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളിൽ ശബ്ദ സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ടുതന്നെ ശബ്ദം അക്ഷരങ്ങളാക്കി അയക്കുന്നതൽ വലിയ താൽപര്യം കാണിക്കുന്നില്ലെന്നും വേണമെങ്കിൽ പറയാം. 
എന്നാൽ ഗൂഗിൾ മലയാളം കേട്ടെഴുത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും  സേവനം പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉപയോഗിക്കുന്ന ഭാഷ മൊബൈൽ ഫോണിന്റെ മൈക്കുപയോഗിച്ച് പറഞ്ഞാൽ അതു അക്ഷരങ്ങളാക്കി മാറ്റാൻ ഗൂഗിളിന്റെ മൾട്ടി കീബോഡായ ജിബോഡിനു സാധിക്കും. ധാരാളം ഭാഷകൾ ഇപ്പോൾ ജിബോഡിൽ ലഭ്യമാണ്. 
കലണ്ടർ എൻട്രി, വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങൾ ഇവയൊക്കെ എഴുതാൻ മാത്രമല്ല ദീർഘിച്ച ലേഖനങ്ങളും പ്രബന്ധങ്ങളും കഥകളുമൊക്കെ എഴുതാനും ഗൂഗിൾ നൽകുന്ന ഈ സൗകര്യത്തിലൂടെ സാധിക്കും. 


മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഉറുദു, ഹിന്ദി തുടങ്ങി വിവിധ ഭാഷകളുപയോഗിക്കുന്നവർക്ക് അവയൊക്കെ ഒരൊറ്റ കീപാഡ് ആപ്ലിക്കേഷനിലൂടെ കൈകാര്യം ചെയ്യാനാവും. ഗൂഗിൾ പ്ലേസ്റ്റോറിലും ഐ.ഒ.എസ് ആപ്പ് സ്റ്റോറിലും ജിബോഡ് ലഭ്യമാണ്. ജിബോഡ് (ഏയീമൃറ) ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം മൊബൈൽ ഫോൺ സെറ്റിംഗ്സിൽ ലാംഗ്വേജ് ആന്റ് ഇൻപുട്ട് മെത്തേഡ് ജിബോഡായി സെറ്റ് ചെയ്യുന്നതിലൂടെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ജിബോഡ് ആപ്പ് സ്മാർട്ട് ഫോണിൽ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് അത് ഡൗൺലോഡ് ചെയ്യുക. ഓപൺ ചെയ്യുന്നതോടെ സ്‌ക്രീനിൽ എനേബിൾ സെറ്റിംഗ്‌സ് കാണാം. എനേബിൾ ചെയ്താൽ മാനേജ് കീബോഡ് സ്‌ക്രീൻ ലഭിക്കും. ഇവിടെ ജിബോഡ്, ഗൂഗ്ൾ വോയസ് ടൈപ്പിംഗ് എന്നിവ ക്ലിക്ക് ചെയ്യണം. പിന്നാലെ ലഭിക്കുന്ന എനേബിൾ ഇൻപുട്ട് മെത്തേഡ് സ്‌ക്രീനിൽ ക്ലിക്ക് ചെയ്ത് ജിബോഡ് സെലക്ട് ചെയ്യാം. തുടർന്ന് വരുന്ന സെറ്റ് പെർമിഷൻ  സ്‌ക്രീനിലൂടെ ആവശ്യപ്പെടുന്നവ അനുവദിക്കുക.  തുടർന്ന് ലഭിക്കുന്ന പ്രത്യക്ഷമാവുന്ന ഡൺ സക്രീനിൽ ടെച്ച് ചെയ്യുന്നതോടെ സെറ്റിംഗ് സക്രീൻ ലഭിക്കും. ഇവിടെ കാണുന്ന ലാംഗ്വേജ് മെനുവിൽനിന്ന് ആവശ്യമായ ഭാഷകളുടെ കീബോർഡുകൾ ചേർക്കാൻ കഴിയും.   
ഇതോടെ ജിബോഡ് കീബോഡ് സജ്ജമായി.   മലയാളം, ഇംഗ്ലിഷ്, അറബി എന്നീ ഭാഷകൾ സെലക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കീപാഡിന്റെ താഴെ വരിയിൽ കാണുന്ന ഗ്ലോബ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ഭാഷ മാറ്റാം.  ഇതിനു ശേഷം മൈക്ക് ചിഹ്നം ക്ലിക്ക് ചേയ്ത് സംസാരിച്ചു തുടങ്ങാം. വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും നിങ്ങൾ പറയുന്നത് ഗൂഗിൾ എഴുതിക്കോളും. ഐഫോണിലും ജിബോഡ് ഇൻസ്റ്റാൾ ചെയ്ത് കേട്ടെഴുത്ത് നടത്താമെങ്കിലും മലയാളം ലഭ്യമായിട്ടില്ല.
 

Latest News