Sorry, you need to enable JavaScript to visit this website.

ഡ്രോണുകൾ പാം ഓയിൽ തോട്ടങ്ങളിലേക്ക് 

വിശാലമായ തോട്ടങ്ങളിൽ 500 തൊഴിലാളികളുടെ ജോലി ഒരു ഡ്രോൺ നിർവഹിക്കുമെന്നാണ് കണക്ക്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയിൽ കഴിഞ്ഞ മാസം തോട്ടത്തിൽ തീയും പുകയും ഉയർന്നപ്പോൾ ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെയുള്ള ഒാഫീസിലിരുന്നാണ് ജെന്റിങ് പ്ലാന്റേഷൻ കമ്പനി നിയന്ത്രണ വിധേയമാക്കിയത്.
400 മീറ്റർ ഉയരത്തിൽ പറന്ന ഡ്രോണുകൾ പകർത്തിയ ചിത്രങ്ങളാണ് നേരിട്ട് കടന്നു ചെല്ലാൻ പറ്റാത്ത വിദൂര പ്രദേശത്തുണ്ടായ തീ കണ്ടെത്തി അണയ്ക്കുന്നതിന് കമ്പനിയെ സഹായിച്ചത്. 
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെജിറ്റബിൾ ഓയിൽ തോട്ടങ്ങൾ സാദാ തൊഴിലാളികളെ ആശ്രയിക്കുന്നതിനു പകരം സാങ്കേതിക വിദ്യയിലേക്ക് നീങ്ങുമ്പോൾ അത് ആളില്ലാ വിമാനങ്ങളുടെ വാണിജ്യ സാധ്യതകൾ ഇരട്ടിയാക്കുകയാണ്. വൈവിധ്യമാർന്ന മേഖലകളിലേക്കാണ് നാൾക്കുനാൾ ഡ്രോണുകളുടെ സാധ്യത വികസിച്ചു കൊണ്ടിരിക്കുന്നത്.
ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിറച്ച് അയക്കുമെന്ന ഭീതിക്കിടയിലും ജനജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ഒട്ടേറെ മേഖലകളിൽ ഡ്രോണുകൾ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം സ്റ്റാർട്ടപ്പുകൾ ഈ രംഗത്തക്ക് കടന്നുവരികയും ചെയ്യുന്നു. 
ദിവസം രണ്ടുതവണ സാറ്റലൈറ്റ് ചിത്രങ്ങൾ നോക്കുമെന്നും അതിർത്തിയിൽ എന്തെങ്കിലും സംഭവങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ നടപടികൾ സ്വീകരിക്കുന്നതിന് പ്ലാന്റേഷനെ അറിയിക്കുമെന്നും ജെന്റിങ് സീനിയർ വൈസ് പ്രസിഡന്റ് നാരായണൻ രാമനാഥൻ പറഞ്ഞു. റോഡ് മാർഗം കടന്നു ചെല്ലാൻ പറ്റാത്ത അത്രയും വിദൂരത്താണെങ്കിൽ ഉടൻ തന്നെ ഡ്രോണുകൾ അയക്കാൻ നിർദേശിക്കും. 
മലേഷ്യയിലും ഇന്തോനേഷ്യയിലും 22.3 ദശലക്ഷം ഹെക്ടറുകളിലാണ് പാം ഓയിൽ തോട്ടങ്ങൾ വ്യാപിച്ചു കിടക്കുന്നത്. ഏതാണ്ട് ബ്രിട്ടന്റെ മൊത്തം വിസ്തൃതി വരും ഇത്. ഈ വിസ്തൃതി തന്നെയാണ് ഡ്രോണുകളുടെ വിൽപനക്കും സഹായകമാകുന്നത്. കാർഷിക മേഖലയിൽ 2016 ൽ 267 കോടി ഡോളറിന്റെ ഡ്രോൺ വ്യാപാരം നടന്നുവെന്നും അടുത്ത വർഷത്തോടെ 22 ശതമാനം വർധനയുണ്ടാകുമെന്നും അല്ലൈഡ് മാർക്കറ്റ് റിസർച്ച് നടത്തിയ സർവേ പറയുന്നു. വരും വർഷങ്ങളിൽ പാം ഓയിൽ തോട്ടങ്ങളിൽ ഡ്രോണുകൾക്ക് വലിയ സാധ്യതയും വളർച്ചയുമാണ് കാണുന്നതെന്ന് അല്ലൈഡ്  മാർക്കറ്റ് റിസേർച്ചിനുവേണ്ടി വ്യോമ,പ്രതിരോധ രംഗം നിരീക്ഷിക്കുന്ന യാഷ് ദോഷി പറഞ്ഞു. ലോകത്ത് 2026 ഓടെ കാർഷിക ബിസിനസിൽ ഡ്രോൺ വിൽപന 800 കോടി ഡോളറാകുമെന്ന് സെൽബിവില്ലെ മാർക്കറ്റ് സ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. 
 

Latest News